സംസ്ഥാനത്ത് പുതിയ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന തൊഴിൽ, ഉപരിപഠന പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രധാന നീക്കവുമായി കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ (KSHEC).
സർവകലാശാലകൾ നൽകുന്ന എല്ലാ ബിരുദങ്ങളുടെയും വിവരങ്ങൾ അടങ്ങിയ പ്രത്യേക രജിസ്ട്രി തയ്യാറാക്കാനാണ് കൗൺസിൽ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.
ഈ പുതിയ സംവിധാനത്തിൽ ഓരോ ബിരുദത്തിനും ഒരു പ്രത്യേക തിരിച്ചറിയൽ നമ്പറും അക്കാദമിക് മേഖലയെ വ്യക്തമാക്കുന്ന കീവേഡുകൾ അടങ്ങിയ വിവരങ്ങളും ഉണ്ടാകും. ഉദാഹരണത്തിന്, ബയോടെക്നോളജി ബിരുദത്തെ ‘അപ്ലൈഡ് സയൻസ്’, ‘സയൻസ്’, ‘ലൈഫ് സയൻസ്’ തുടങ്ങിയ കീവേഡുകൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തുക.
പിഎസ് സി വഴിയുള്ള നിയമനങ്ങൾക്കും ഉപരിപഠന യോഗ്യത നിശ്ചയിക്കുന്നതിനും സർക്കാർ വകുപ്പുകളെ സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഓരോ കോഴ്‌സിനും തുല്യത ഉറപ്പാക്കാനും ഇത് വഴി സാധിക്കും.
രജിസ്ട്രി പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ ബിരുദം യോഗ്യമാണെന്ന് തെളിയിക്കാനുള്ള ബാധ്യത വിദ്യാർത്ഥികളിൽ നിന്ന് ഒഴിഞ്ഞ് സ്ഥാപനങ്ങൾ തമ്മിലുള്ള ഉത്തരവാദിത്തമായി മാറും. സർവകലാശാലകൾ തങ്ങളുടെ ബിരുദ കോഴ്‌സുകൾ ഈ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുകയും പിഎസ്‌സി അതനുസരിച്ച് യോഗ്യതകൾ പുനർനിർണ്ണയിക്കുകയും ചെയ്യും.
നിലവിൽ പ്രാഥമിക ആലോചനാ ഘട്ടത്തിലുള്ള ഈ പദ്ധതിക്ക് നിയമപരമായ സാധുത ഉറപ്പാക്കാൻ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ യോഗം വിളിച്ചുചേർക്കുമെന്നും KSHEC വൈസ് ചെയർമാൻ അച്യുത്ശങ്കർ എസ്. നായർ അറിയിച്ചു.















