Kuwait

കുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യവും ആളുകൾക്ക് കടിയേൽക്കുന്ന സംഭവങ്ങളും വർധിക്കുന്നത് വലിയ പൊതുജനാരോഗ്യ ഭീഷണിയാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് മൃഗസംരക്ഷണ നിയമങ്ങൾ നിലവിലുണ്ടെങ്കിലും അവ കൃത്യമായി നടപ്പിലാക്കാത്തതാണ് സ്ഥിതി വഷളാക്കുന്നതെന്ന് വെറ്ററിനറി വിദഗ്ധനായ ഡോ. അബ്ദുൽ അസീസ് അൽ അതീഖി വ്യക്തമാക്കി.

നായകൾക്ക് ലൈസൻസ് എടുക്കുന്നതിനും വാക്സിനേഷൻ നൽകുന്നതിനും നിയമങ്ങളുണ്ടെങ്കിലും, വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് തടയാനോ അവയെ കൃത്യമായി രജിസ്റ്റർ ചെയ്യാനോ നിലവിൽ സംവിധാനങ്ങളില്ല. വിപണികളിൽ പരിശോധനയില്ലാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.

ഈ പ്രശ്നത്തിന് താത്കാലിക നടപടികൾക്ക് പകരം നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇതിനായി വെറ്ററിനറി മേഖലയിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും നായ്ക്കളുടെ വിൽപന രജിസ്ട്രേഷൻ സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും ഡോ. അൽ അതീഖി ആവശ്യപ്പെട്ടു.