ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള അരി ഇറക്കുമതിയിൽ 7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മുൻ സീസണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇറക്കുമതിയിൽ കുറവ് സംഭവിച്ചിരിക്കുന്നത്.
2024-25 സീസണിലെ ഇറക്കുമതി 13.8 ലക്ഷം ടണ്ണായിരുന്നു. 2025 -26 സീസണിൽ ഇത് 12.8 ലക്ഷം ടണ്ണായി കുറഞ്ഞു. ഏകദേശം ഒരു ലക്ഷം ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവാണ് കഴിഞ്ഞ സീസണിലെ ഇറക്കുമതി കണക്കിൽ ഉൾപെട്ടിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ബസുമതി, ബസുമതി ഇതര അരി എന്നിവയുടെ മൊത്തം വിപണി മൂല്യവും ഇടിഞ്ഞിട്ടുണ്ട്. 19 ശതമാനമാണ് കുറഞ്ഞത്.
132 കോടി ഡോളറിൽ നിന്ന് 107 കോടി ഡോളറിലേക്ക് ചുരുങ്ങി. ഇന്ത്യയിൽ നിന്നുള്ള അരി സൗദിയുടെ പ്രധാന ഭക്ഷ്യ ഇറക്കുമതികളിലൊന്നാണ്. ഇന്ത്യ–സൗദി വ്യാപാരബന്ധത്തിലും അരിക്ക് പ്രധാന സ്ഥാനമുണ്ട്.
ഇന്ത്യൻ എംബസിയുടെ കണക്കുകൾ പ്രകാരം സൗദിയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രധാന ഉൽപ്പന്നങ്ങളിൽ അരിയും ഉൾപ്പെടുന്നു.സൗദിയുടെ ഇന്ത്യയിൽ നിന്നുള്ള മൊത്തം ഇറക്കുമതിയിൽ കഴിഞ്ഞ വർഷം ധാന്യങ്ങളും പ്രധാന ഇറക്കുമതി ഉത്പന്നങ്ങളായിരുന്നു.