പി.ജി നീറ്റ് പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചികയും പരീക്ഷാർത്ഥികളുടെ റെസ്പോൺസ് ഷീറ്റുകളും ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയ്ക്ക് നൽകിയ നിവേദനത്തിൽ ജെബി മേത്തർ എംപി ആവശ്യപ്പെട്ടു. ഉത്തരസൂചികയും റെസ്പോൺസ് ഷീറ്റുകളും പ്രസിദ്ധീകരിക്കാത്തത് മൂലം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ലഭിച്ച മാർക്ക് സ്വതന്ത്രമായി പരിശോധിക്കാനും മൂല്യനിർണയം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് എംപി ചൂണ്ടിക്കാട്ടി.
ഉന്നത മെഡിക്കൽ പ്രവേശനം കാത്തിരിക്കുന്ന ആയിരത്തിലധികം വിദ്യാർത്ഥികൾ ആശങ്കയിലും നിരാശയിലുമാണ്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പരാതി പരിഹാര സെൽ അടിയന്തരമായി ആരംഭിക്കണമെന്നും ജെബി മേത്തർ എംപി ആവശ്യപ്പെട്ടു.















