മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരെ പരസ്യവിമർശനവുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി രംഗത്തെത്തിയതോടെ മുന്നണിക്കുള്ളിൽ പടയൊരുക്കം ശക്തമാകുന്നു. സംസ്ഥാന, ദേശീയ നേതൃത്വങ്ങളിലെ ചില പ്രമുഖരുടെ പിന്തുണയോടെയാണ് അടൂർ പ്രകാശിന്റെ പ്രതികരണമെന്നാണ് സൂചന.
വരും ദിവസങ്ങളിൽ കൂടുതൽപേർ പരസ്യ അഭിപ്രായപ്രകടനത്തിന് മുതിർന്നേക്കും. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന ഒരു വിഭാഗത്തിന്റെ ആക്ഷേപമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്.
ഉപതിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനവും അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളും എതിർ സ്വരങ്ങളുടെ മൂർച്ച കൂടാനും കാരണമായി. മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്നും യുഡിഎഫിനോട് ആലോചിക്കാതെയാണ് തീരുമാനങ്ങൾ എന്നും അടൂർ പ്രകാശ് വിമർശിച്ചിരുന്നു.
മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന പരാതി പ്രകാശിന് മാത്രമല്ല ഉള്ളത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലാം മാസത്തിൽ മുഖ്യമന്ത്രി വിഡി സതീശന്‍റെ ശൈലിക്കെതിരെ മുന്നണി കണ്‍വീനറിൽ നിന്ന് തന്നെ പരസ്യവിമര്‍ശനം ഉയരുകയാണ് ഉണ്ടായത്.
പാര്‍ട്ടിയിൽ പറയേണ്ടത് പരസ്യമായി പറയില്ലെന്ന് പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ വാക്കുകളിലും അതൃപ്തിയുടെ സൂചനയുണ്ട്. അഭിപ്രായം പറയേണ്ട ചില കാര്യങ്ങളാണ് നടക്കുന്നുവെന്ന് യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹ്നാൻ പറഞ്ഞു.
കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രിക്കെതിരെ മുന്നണി കണ്‍വീനര്‍ തുറന്നടിക്കുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായത്. കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നു, ചര്‍ച്ചകളിൽ പങ്കാളിത്തമില്ല, യുഡിഎഫ് യോഗം വിളിക്കുന്നില്ല, സുതാര്യതയില്ല തുടങ്ങിയവയാണ് പരസ്യവിമര്‍ശനങ്ങള്‍.
വാക്കാൽ മാധ്യമങ്ങളോട് പറഞ്ഞത് കത്തിലൂടെ അടൂര്‍ പ്രകാശ് എഐസിസിയെ അറിയിക്കും. കണ്‍വീനര്‍ സ്ഥാനത്ത് ഇനി തുടരണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടയെന്നാണ് പ്രകാശിന്‍റെ നിലപാട്.
വിവാദങ്ങളോട് മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കുമെന്നതും ആകാംക്ഷയുണർത്തുന്നു.















