ബോർഡിൽ എഴുതിയത് തെറ്റിച്ചു വായിച്ചതിന് നാലാം ക്ലാസ് വിദ്യാർഥിനിയെ കമ്പുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ പ്രൈമറി സ്‌കൂൾ അധ്യാപകനെതിരെ മൂന്നാർ പോലീസ് കേസെടുത്തു.
മൂന്നാർ തോട്ടം മേഖലയിലെ സർക്കാർ എൽ.പി സ്‌കൂളിലെ അധ്യാപകനും മൂന്നാർ സ്വദേശിയുമായ ശ്രീനിവാസന് (50) എതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തത്.
ബോർഡിൽ എഴുതിയത് തെറ്റിച്ചു വായിച്ചതിൽ പ്രകോപിതനായ അധ്യാപകൻ സമീപത്തു കിടന്ന കമ്പെടുത്ത് കുട്ടിയുടെ തലയിൽ അടിച്ചെന്നാണു കേസ്. ഇനി ക്ലാസിൽ വരേണ്ടെന്ന് കുട്ടിയോട് അധ്യാപകൻ പറഞ്ഞതായും കുട്ടിയുടെ മൊഴിയുണ്ട്.
മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് കുട്ടി കഴിയുന്നത്. ഒരാഴ്ചയായി കുട്ടി ക്ലാസിൽ പോകാതായതോടെയാണ് വിവരം മുത്തശ്ശി അറിയുന്നത്.
തലയ്ക്കും കണ്ണിനും വേദനയാണെന്നു പറഞ്ഞതിനെത്തുടർന്ന് ചികിത്സയ്ക്കായി കുട്ടിയെ ചിത്തിരപുരം ഗവ. ആശുപത്രിയിൽ എത്തിച്ചു.















