ലക്നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് വിലക്കിയതിനു പിന്നാലെ അമ്മയെ കൊലപ്പെടുത്തി മകൻ. 17കാരനായ മകനാണ് 42കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. താൻ ഒരു സ്ത്രീയാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും പതിനേഴുകാരൻ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കുടുംബത്തിൽ വലിയ തർക്കത്തിനു കാരണമായിരുന്നു.
നഖ ഹിൻഡോള പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജേന്ദ്ര നഗർ ക്രോസിങ്ങിനു സമീപമുള്ള അപ്പാർട്മെന്റിലാണു സംഭവം. ശസ്ത്രക്രിയയുമായി മുന്നോട്ടു പോകരുതെന്നു പറഞ്ഞ് അമ്മ കൗമാരക്കാരനെ ഉപദേശിക്കാൻ ശ്രമിക്കുകയും കൗൺസിലിങ്ങിനു പോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
വ്യാഴാഴ്ച വീട്ടിലെത്തിയ മകൻ അമ്മയോടു ചായ ചോദിക്കുകയും അമ്മ അടുക്കളയിലേക്കു പോകുന്നതിനിടെ പുറകിൽനിന്ന് റെഞ്ച് (കട്ടികൂടിയ സ്പാനർ) കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൊലപാതകത്തിനുശേഷം കൗമാരക്കാരൻ തന്നെയാണ് ഇക്കാര്യം പിതാവിനെയും പൊലീസിനെയും വിളിച്ച് അറിയിച്ചത്.
‘‘ഞാൻ എന്റെ അമ്മയെ കൊന്നു’’ എന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രിതമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ 17കാരൻ ഇരുമ്പുദണ്ഡും കുരുമുളക് സ്പ്രേയും വാങ്ങിവച്ചിരുന്നു.
കൊലപാതകത്തിന് ആവശ്യമായി വന്നേക്കും എന്നു കരുതിയാണ് ഇരുമ്പ് ദണ്ഡും കുരുമുളക് സ്പ്രേയും വാങ്ങിവച്ചത്. കഴിഞ്ഞ നാല് മാസത്തോളമായി മാതാപിതാക്കളിൽനിന്ന് വേർപെട്ട് താമസിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.















