കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയായ 13-കാരിക്ക് വേണ്ടി കുടുംബം അഭിഭാഷകനെ നിയോഗിക്കാത്തതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇടപെട്ടു. ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമസഹായ സെൽ വഴി പെൺകുട്ടിക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു.
ജാമ്യാപേക്ഷ അടുത്തയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിക്കും. കേസിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളിൽ ഒന്നാം കുറ്റാരോപിതന്റെ കുടുംബം മാത്രമാണ് അഭിഭാഷകനെ നിയോഗിച്ചത്. മറ്റ് മൂന്ന് കുട്ടികൾക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് അഭിഭാഷകനെ ഏർപ്പെടുത്തിയത്.
ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന കുട്ടികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലായിരുന്നു ജാമ്യം. വിവിധ ഉപാധികളോടെയാണ് ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടത്.
അതേസമയം 13കാരിയുടെ കാര്യത്തിൽ കുടുംബം അഭിഭാഷകനെ നിയോഗിക്കാത്ത സാഹചര്യത്തിലാണ് നിയമസഹായ സെൽ ഇടപെട്ടത്. ജാമ്യം ലഭിച്ചാലും കുടുംബം കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറാകാത്ത പക്ഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും.
കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രായപൂർത്തിയാകാത്തവർ മാത്രം കുറ്റാരോപിതരായ കൊലപാതക കേസായതിനാൽ കുറ്റപത്രം തയ്യാറാക്കുന്നതിന് മുതിർന്ന അഭിഭാഷകരുടെ നിയമോപദേശവും അന്വേഷണ സംഘം തേടും.
കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വയോധികനെ ഓഗസ്റ്റ് 16നാണ് വാടകവീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരാണ് കുറ്റാരോപിതർ.