ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്റർനെറ്റും ഡിജിറ്റൽ സേവനങ്ങളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ സാമ്പത്തിക നഷ്ടത്തിനോ വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനോ കാരണമായേക്കാം.
അറിയാത്ത സ്രോതസ്സുകളിൽ നിന്നും വാട്ട്‌സ്ആപ്പ്, എസ്.എം.എസ്, ഇമെയിൽ എന്നിവ വഴി ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം പിൻ, സി.വി.വി, ഓ.ടി.പി എന്നിവ ബാങ്ക് ജീവനക്കാരാണെന്ന് പറഞ്ഞ് വിളിക്കുന്നവരുമായി പോലും പങ്കുവെക്കരുത്; ബാങ്കുകൾ ഒരിക്കലും ഫോണിലൂടെയോ സന്ദേശങ്ങളിലൂടെയോ ഇത്തരം വിവരങ്ങൾ ചോദിക്കാറില്ല.
കൂടാതെ, പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയ്ക്ക് പുറത്തുനിന്നുള്ള അപരിചിതമായ ആപ്പുകളോ ഫയലുകളോ റിമോട്ട് ആക്സസ് നൽകുന്ന ആപ്ലിക്കേഷനുകളോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്. സമ്മാനങ്ങൾ ലഭിച്ചെന്നോ, പാർട്ട് ടൈം ജോലിയിലൂടെ ഉയർന്ന വരുമാനം നേടാമെന്നോ ഉള്ള വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്. പോലീസിന്റെയോ മറ്റ് കേന്ദ്ര ഏജൻസികളുടെയോ പേരിൽ ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി പണം തട്ടുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ സന്ദേശങ്ങൾ കണ്ടാൽ പരിഭ്രാന്തരാകാതെ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കേണ്ടതാണ്.
ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ആദ്യത്തെ ‘ഗോൾഡൻ ഹവറി’ൽ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ ഉടൻ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.















