മരുന്ന് വാങ്ങുന്നതില്‍ ഇടനിലക്കാരെ ഒഴിവാക്കി കമ്പനികളുമായി നേരിട്ട് വിലപേശിയതോടെ വന്‍ സാമ്പത്തിക നേട്ടവുമായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (കെ.എം.എസ്.സി.എല്‍). സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കാനായി. നാലുമാസത്തേക്കുള്ള ഇന്‍സുലിന്‍ സംഭരണത്തിലൂടെ മാത്രം സര്‍ക്കാരിന് 18.50 കോടി രൂപ ലാഭിക്കാനാകും. നേരത്തേ 10 മില്ലിലീറ്റര്‍ ഇന്‍സുലിന് 99.60 രൂപയായിരുന്നു കോര്‍പറേഷന്‍ നല്‍കിയിരുന്നത്. പുതിയ ധാരണപ്രകാരം ഇതേ അളവിലുള്ള ഇന്‍സുലിന്‍ ഇനി 73 രൂപയ്ക്ക് ലഭിക്കും. ആകെ. മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയത്.
തുടര്‍ന്ന് ഇന്‍സുലിന്‍ വിതരണം ചെയ്യുന്ന കമ്പനിയുമായി കോര്‍പ്പറേഷന്‍ അധികൃതര്‍ ചര്‍ച്ച നടത്തി. പണം സമയബന്ധിതമായി നല്‍കിയാല്‍ വില കുറയ്ക്കാമെന്ന് കമ്പനി അറിയിച്ചതോടെ രണ്ടു മാസത്തിനകം പണം നല്‍കാമെന്ന ഉറപ്പില്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നു. വൃക്കരോഗികള്‍ക്കും കീമോതെറപ്പി സ്വീകരിക്കുന്നവര്‍ക്കും എച്ച്‌ഐവി ബാധിതര്‍ക്കും നല്‍കുന്ന എറിത്രോപോയിറ്റിന്‍ ഇന്‍ജക്ഷന്റെ വിലയിലും കുറവുണ്ടായി. ഏജന്റുമാര്‍ വഴി 110 രൂപയ്ക്ക് വാങ്ങിയിരുന്ന മരുന്ന് ഇനി കമ്പനിയില്‍നിന്ന് നേരിട്ട് 80 രൂപയ്ക്ക് ലഭിക്കും. എസ്എംഎ രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന റിസ്ഡിപ്ലാം മരുന്നിന്റെ സംഭരണത്തിലും നിര്‍ണായക മാറ്റമുണ്ടായി. സ്വിസ് കമ്പനിയായ റോഷില്‍നിന്ന് ഒരു കുപ്പിക്ക് 5.52 ലക്ഷം രൂപയ്ക്കാണ് ഇതുവരെ മരുന്ന് വാങ്ങിയിരുന്നത്. എന്നാല്‍, ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോ ഫാര്‍മയുടെ മരുന്ന് വാങ്ങുന്നതോടെ ചെലവ് ഗണ്യമായി കുറയും.
നാറ്റ്‌കോയുടെ മരുന്ന് വില്‍ക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ 17ന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് കമ്പനി മരുന്നിന് 15,900 രൂപ ആവശ്യപ്പെട്ടെങ്കിലും കെഎംഎസ്സിഎല്‍ ചര്‍ച്ചയിലൂടെ കുപ്പിക്ക് 8,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പുതിയ കരാര്‍ പ്രകാരമുള്ള മരുന്ന് ഉടന്‍ എത്തും. നിലവില്‍ ക്ഷാമം നേരിടുന്ന മരുന്നുകളും നിര്‍മാതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തി വാങ്ങാനാണ് കോര്‍പറേഷന്റെ തീരുമാനം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്കുള്ള കരാറുകള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് നല്‍കിയിരുന്നത്.
നിലവിലെ ഒരു വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിച്ചശേഷം എല്ലാ മരുന്നുകളും കമ്പനികളില്‍നിന്ന് നേരിട്ട് വാങ്ങുന്ന സംവിധാനത്തിലേക്ക് മാറാനാണ് നീക്കം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് സംഭരിക്കുന്നതിലൂടെ മരുന്നുകളുടെ വില കുറയ്ക്കുന്നതിനൊപ്പം സര്‍ക്കാര്‍ ചെലവ് നിയന്ത്രിക്കാനും ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത മെച്ചപ്പെടുത്താനുമാകുമെന്നാണ് പ്രതീക്ഷ.















