സേനയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പോലീസ് ഉദ്യോഗസ്ഥൻ ലഹരിമരുന്നുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കർ ആണ് അറസ്റ്റിലായത്.
പ്രതിയുടെ വീട്ടിൽ കൊല്ലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.186 ഗ്രാം എം.ഡി.എം.എയും (MDMA) 21 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പോലീസിൽ ഡ്രൈവറായി ജോലി ചെയ്തു വരവെയാണ് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായി ഇയാൾ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. കൊല്ലം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ജോലിയിൽ നിന്ന് പുറത്തായ ശേഷവും ഇയാൾ പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വരികയായിരുന്നു. അടുത്ത കാലത്തായി സ്വന്തം നാട്ടിൽ തന്നെ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















