സൗദിയിലെ ജിദ്ദയിൽ ഇൻഡിഗോ എയർലൈൻസ് ടെർമിനൽ നാലിലേക്ക് മാറി. എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്പ്രസ്സും ഒക്ടോബർ 15 മുതലാണ് പുതിയ ടെർമിനലിലേക്ക് മാറുക. വിവിധ വിമാന കമ്പനികളുടെ ടെർമിനൽ മാറ്റം ഈ മാസം അവസാനത്തോടെ പൂർണമാവും.
നോർത്ത് ടെർമിനലിൽ നിന്നും സർവീസ് നടത്തിയിരുന്ന ഇൻഡിഗോ എയർ ആണ് പുതിയ ടെർമിനലിൽ നിന്നും സർവീസ് ആരംഭിച്ചത്. നേരത്തെ ഇതുസംബന്ധിച്ച സർക്കുലറും കമ്പനി പുറത്തിറക്കിയതാണ്. രണ്ടാഴ്ചയ്ക്ക് മുൻപാണ് പുതുതായി വികസിപ്പിച്ച നാലാം ടെർമിനൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ഘട്ടം ഘട്ടമായാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെ ബജറ്റ് എയർലൈനുകൾ പുതിയ ടെർമിനലിലേക്ക് മാറുക.
ആകാശ എയർ, ജസീറ, സലാം എയർ, വിസ് എയർ, ഫ്ലൈജിന്ന തുടങ്ങിയ കമ്പനികൾ ഇവിടെനിന്നും സർവീസ് തുടങ്ങി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ഒക്ടോബർ 15-ന് ടെർമിനൽ നാലിലേക്ക് മാറും. ഹജ്ജ്-ഉംറ തീർഥാടകർക്ക് ഗ്രൂപ്പ് ചെക്ക്-ഇൻ ഉൾപ്പടെ മികച്ച സംവിധാനങ്ങൾ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. പ്രതിവർഷം ഒന്നര കോടി യാത്രക്കാരെ വരെ കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ടെർമിനൽ.















