കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (SIT) മൊഴിയെടുക്കുന്നത്.
കെഎസ്‍യു പ്രവർത്തകർക്കെതിരേ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. കെഎസ്‍യു പ്രവർത്തകർക്കെതിരേ ഗുരുതര വകുപ്പുകളടക്കം ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടി പരിശോധിക്കും.
വീണാ ജോർജിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനും നീക്കമുണ്ട്. നേരത്തേ വീണാ ജോർജിന്റെ ഗൺമാന്റെയും രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരേ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.















