ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ‘ഷെഡ്യൂൾഡ് മെസേജസ്’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ലിങ്കുകൾ എന്നിവ മുൻകൂട്ടി തയ്യാറാക്കി നിശ്ചിത തീയതിയിലും സമയത്തും സ്വയം അയക്കപ്പെടുന്ന രീതിയിലാണ് ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ചില ഉപയോക്താക്കളിലാണ് ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.
പുതിയ അപ്‌ഡേറ്റ് അനുസരിച്ച് വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. സന്ദേശം ടൈപ്പ് ചെയ്ത ശേഷം സെൻഡ് ബട്ടൺ അമർത്തിപ്പിടിക്കുമ്പോഴാണ് സമയം നിശ്ചയിക്കാനുള്ള ഓപ്ഷൻ തെളിയുക.
സന്ദേശങ്ങൾ അയക്കുന്നതിന് 10 മിനിറ്റ് മുൻപ് മുതൽ രണ്ടാഴ്ച വരെ മുൻകൂട്ടി സമയം സെറ്റ് ചെയ്തു വെക്കാം. ഫോൺ ഓഫ്‌ലൈനാണെങ്കിലും വാട്‌സ്ആപ്പ് ആപ്പ് തുറന്നിട്ടില്ലെങ്കിലും നിശ്ചിത സമയത്ത് മെസേജ് കൃത്യമായി അയക്കപ്പെടും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ചിത്രങ്ങളും വീഡിയോകളും അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാനും ക്യാപ്ഷനുകൾ നൽകാനും ഇതിൽ സൗകര്യമുണ്ട്. എന്നാൽ ഒരേസമയം ഒരു മീഡിയ ഫയൽ മാത്രമേ ഷെഡ്യൂൾ ചെയ്യാൻ സാധിക്കൂ എന്ന പരിമിതിയുണ്ടായേക്കും.
അയക്കുന്നതിന് മുൻപ് ഇവ പരിശോധിക്കാനും ആവശ്യമെങ്കിൽ റദ്ദാക്കാനും സാധിക്കും. ഗ്രൂപ്പ് ചാറ്റുകളിൽ ഷെഡ്യൂൾ ചെയ്ത സമയത്ത് അംഗങ്ങളായിരുന്നവർക്ക് മാത്രമായിരിക്കും ഈ സന്ദേശങ്ങൾ ലഭിക്കുക.
പൂർണ്ണമായും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയോടെയെത്തുന്ന ഈ ഫീച്ചർ നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ലഭ്യമാകുന്നത്.
വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചർ വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി ഇത് എല്ലാവരിലേക്കും എന്ന് എത്തുമെന്ന കാര്യത്തിൽ കമ്പനി കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.















