സൗദി അറേബ്യയിലെ ദഹ്റാന് അരാംകോ കെട്ടിടത്തിന് നേരെ ഹൂതികളുടെ ആക്രമണം. ചൊവ്വാഴ്ച രാത്രി കിഴക്കൻ സൗദിയിലെ അരാംകോ കോംപ്ലക്സിന് നേരെയാണ് ആക്രമണമുണ്ടായത്. റിയാദിനെയും തെക്കന് മേഖലയെയും ലക്ഷ്യമിട്ടെത്തിയ 6 ഡ്രോണുകളും സൗദി വ്യോമസേന തകര്ത്തു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയുടെ പ്രധാന കെട്ടിടങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം പദ്ധതിയിട്ടത്. ദഹ്റാന് അരാംകോ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആളപായമില്ലെന്ന് ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു. കെട്ടിടത്തിന്റെ മുകളിലെ മൂന്ന് നിലകളിൽ തീ പടർന്നെങ്കിലും ഉടൻ തന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി കമ്പനി അധികൃതർ അറിയിച്ചു.
ഹൂതികളുടെ ഒരു ക്രൂയിസ് മിസൈലും, റിയാദിനെ ലക്ഷ്യമിട്ടെത്തിയ 4 ക്രൂയിസ് മിസൈലുകളും സൗദി വ്യോമസേന തകർത്തു.
റിയാദിൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമടക്കം 4 പേർക്ക് പരിക്കേറ്റു. കൂടാതെ 15 വീടുകൾക്ക് നിസ്സാര നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ഹൂതികളുടെ ആക്രമണങ്ങളെ സൈന്യം ഫലപ്രദമായി പ്രതിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.















