പഞ്ചാബിൽ അന്താരാഷ്ട്ര വിപണിയിൽ നാൽപ്പത് കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരു സ്ത്രീയടക്കം രണ്ടുപേരെ പത്താൻകോട്ട് പൊലീസ് പിടികൂടി.
അമൃതസറിലെ വടാല ഗ്രാമത്തിൽ നിന്നുള്ള ഗുർപന്ത്, ഗുർദാസ്പൂർ ധിയാൻപൂർ സ്വദേശിയായ ഹർമൻജീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാൻ അടയാളങ്ങളുള്ള ഹെറോയിൻ പാക്കറ്റുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്താൻകോട്ട് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഗുർപന്ത് ആദ്യം പിടിയിലാകുന്നത്. ഇയാളിൽ നിന്ന് 590 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു.
തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഫത്തേഗഡ് ചൂരിയനിലെ വാടകവീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നാണ് ഹർമൻജീത് കൗറിനെ അറസ്റ്റ് ചെയ്തത്. ഈ വീട്ടിൽ നിന്ന് 7.23 കിലോഗ്രാം ഹെറോയിൻ കൂടി കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത ലഹരിമരുന്ന് പാക്കറ്റുകളിൽ ചിലതിൽ പാകിസ്ഥാൻ അടയാളങ്ങൾ ഉള്ളതായി പത്താൻകോട്ട് എസ്.എസ്.പി മൻപ്രീത് സിംഗ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ തന്നെ അതിർത്തി കടന്നുള്ള ലഹരിക്കടത്ത് ബന്ധം വ്യക്തമായിട്ടുണ്ട്.
പ്രതികളുടെ ഫോണിൽ നിന്ന് ലഹരിമരുന്ന് കൈമാറ്റവുമായി ബന്ധപ്പെട്ട വീഡിയോകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.















