ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനെന്ന പേരിൽ ദർശന നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഭക്തരെ കൊള്ളയടിക്കാനുള്ള ആദ്യ ചുവടുവെപ്പാണ്. ഭക്തരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുന്ന ഓഫീസ് മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം സൗജന്യമായിരുന്ന വെർച്വൽ ക്യൂ ബുക്കിങ്ങിന് പിന്നീട് അഞ്ച് രൂപ ഈടാക്കിത്തുടങ്ങി. ഇപ്പോൾ അത് പത്ത് രൂപയാക്കാനാണ് നീക്കം. നാളെ നൂറും ആയിരവും രൂപയായി നിരക്ക് ഉയർത്താനും മടിക്കാത്ത ഏജൻസിയായി ദേവസ്വം ബോർഡ് മാറുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഓരോ ഘട്ടത്തിലും നിരക്ക് വർധിപ്പിച്ച് ഭക്തരുടെ മേൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.
ശബരിമലയിലെത്തുന്ന തീർത്ഥാടകരിൽ പലരും കുടുംബങ്ങളായും വലിയ സംഘങ്ങളായുമാണ് ദർശനത്തിനെത്തുന്നത്. വെർച്വൽ ക്യൂ നിരക്ക് വർധിപ്പിച്ചാൽ ഇത്തരത്തിൽ എത്തുന്ന ഭക്തർക്ക് വലിയ തുക അധികമായി ചെലവഴിക്കേണ്ടിവരും. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാൻ ദർശന നിരക്ക് വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്റെ വാദം ഭക്തസമൂഹത്തോടുള്ള വെല്ലുവിളിയാണ്. പണം നൽകി ഉപയോഗിക്കുന്ന ശൗചാലയങ്ങൾ പോലും പലപ്പോഴും വെള്ളമില്ലാതെയും വൃത്തിയില്ലാതെയും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. എല്ലാ തീർത്ഥാടന കാലത്തും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ഭക്തർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ, നിരക്ക് വർധിപ്പിച്ചാൽ സൗജന്യ ശൗചാലയങ്ങൾ ഒരുക്കുമെന്ന ദേവസ്വം ബോർഡിന്റെ വാഗ്ദാനം എങ്ങനെ വിശ്വസിക്കാനാകുമെന്നും അനൂപ് ആന്റണി ചോദിച്ചു.















