മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയെ അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷം തടവിനു ശിക്ഷിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. തച്ചങ്കരിക്കു ജാമ്യം അനുവദിച്ചു. തച്ചങ്കരി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. സെപ്റ്റംബർ 17 മുതൽ തച്ചങ്കരി ജയിലിലാണ്. 28 ദിവസത്തിനു ശേഷമാണ് മോചനത്തിനുള്ള വിധി ഉണ്ടായിരിക്കുന്നത്.
അനധികൃത സ്വത്തു കേസിൽ 4 വർഷം കഠിന തടവിനും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. ഡിഐജിയായിരിക്കെ 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. അന്വേഷണ ഉദ്യോഗസ്ഥർ വരുമാനം കണക്കാക്കിയതിൽ വലിയ പിഴവുകൾ വരുത്തിയെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമായിരുന്നു ടോമിൻ തച്ചങ്കരിയുടെ വാദം. അന്വേഷണ ഉദ്യോഗസ്ഥരുടെ തെറ്റായ കണക്കിന്റെ അടിസ്ഥാനത്തിലാണു വിചാരണക്കോടതി വിധി പ്രസ്താവിച്ചത്. വരുമാന സ്രോതസ്സുകൾ പലതും അന്വേഷണസംഘം പരിഗണിച്ചില്ലെന്നും ഇതിനെ അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്.
ചങ്ങനാശേരിയിലെ 55 സെന്റ് ഭൂമി 50 ലക്ഷം രൂപയ്ക്ക് വിറ്റത് റിപ്പോർട്ട് ചെയ്തില്ലെന്ന വിചാരണക്കോടതി കണ്ടെത്തലും തെറ്റാണെന്ന് തച്ചങ്കരി വാദിച്ചിരുന്നു. 50 ലക്ഷം രൂപ വരുമാനമായി അവകാശപ്പെടാനാവില്ലെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. വസ്തു വിറ്റ തുക ബാങ്ക് അക്കൗണ്ടിൽ എത്തിയതിന്റെ രേഖകൾ ഹാജരാക്കിയിട്ടും അവഗണിച്ചു. വാടകയിനത്തിൽ ലഭിച്ച യഥാർഥ വരുമാനം കണക്കിലെടുത്തില്ല. ഭാര്യയ്ക്ക് ബിസിനസ്, കൃഷിഭൂമി എന്നിവയിൽനിന്നു ലഭിച്ച വലിയ വരുമാനവും പരിഗണിച്ചില്ല. ഭാര്യയുടെ പേരിലുള്ള ഭൂമി കോടികൾക്കു വിറ്റതും കണക്കിലെടുത്തില്ലെന്നും അറിയിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി വിധി.















