കൊല്ക്കത്തയിലെ ചോര്ഭഗന് ദുര്ഗാപൂജ പന്തലില് തിക്കിലും തിരക്കിലുംപ്പെട്ട് 17 മരണം. 35 ലധികം പേര്ക്ക് പരുക്കേറ്റു. വൈകിട്ട് 7.40ഓടെയാണ് സംഭവം. വൈകുന്നേരത്തോടെ മേഖലയില് കനത്ത മഴ അനുഭവപ്പെട്ടിരുന്നു. മഴ പെയ്തതോടെ പൂജയ്ക്കെത്തിയവര് ഒന്നിച്ച് പന്തലിലേക്ക് കയറാന് ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. പന്തലിന്റെ എക്സിറ്റ് ഗേറ്റിന്റെ ഭാഗത്താണ് അപകടം. പന്തലിന്റെ ഒരു ഭാഗം തകര്ന്നതായി റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. പരുക്കേറ്റവരെ കൊല്ക്കത്ത മെഡിക്കല് കോളജ് ഹോസ്പിറ്റലിലേക്കടക്കം മാറ്റി. പൊലീസ്, അഗ്നിശമന സേനാംഗങ്ങള്, ദുരന്തനിവാരണ സേനകള് എന്നിവരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തിരക്കിനിടയില് പലര്ക്കും ബോധം നഷ്ടപ്പെട്ടുവെന്നും ദൃക്സാക്ഷികള് പറയുന്നു. അകത്തേക്കും പുറത്തേക്കും കടക്കാനുള്ള കവാടങ്ങള് ഇടുങ്ങിയതായിരുന്നുവെന്നും പ്രദേശത്ത് മതിയായ വെളിച്ചമുണ്ടായിരുന്നില്ലെന്നും മറ്റൊരു ദൃക്സാക്ഷി വ്യക്തമാക്കി.
മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗര്വാളും കൊല്ക്കത്ത മെഡിക്കല് കോളേജ് ആന്ഡ് ഹോസ്പിറ്റലിലെത്തി പരുക്കേറ്റവരെ കണ്ടു. ആരോഗ്യമന്ത്രി ശരദ്വത് മുഖര്ജിയും പരിക്കേറ്റവരെ സന്ദര്ശിച്ചു. പരുക്കേറ്റവര്ക്ക് ചികിത്സ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഭരണകൂടം അറിയിച്ചു.അപകടത്തില് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്ക്ക് 50000 രൂപയും ധനസഹായവും പ്രഖ്യാപിച്ചു. പരുക്കേറ്റവരെ ആശുപത്രിയില് സന്ദര്ശിക്കുന്നതിനായി, അടുത്ത ദിവസം പശ്ചിമ ബംഗാളില് നിശ്ചയിച്ചിരുന്ന പരിപാടികള് മാറ്റിവെക്കുകയാണെന്ന് അമിത്ഷാ അറിയിച്ചു.
Story Highlights : 17 killed, at least 35 injured in stampede at Kolkata Durga Puja pandal















