മഹാരാഷ്ട്രയില്‍ നിയമവിരുദ്ധമായി സ്ത്രീകളുടെ അണ്ഡം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. ബദ്ലാപൂരില് മാത്രം നാല്പതിലധികം സ്ത്രീകള്‍ ചൂഷണത്തിനിരയായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 25,000 മുതല്‍ 30,000 രൂപ വരെ നല്‍കിയാണ് റാക്കറ്റിലെ ഇടനിലക്കാര്‍ സ്ത്രീകളില്‍ നിന്ന് അണ്ഡം വാങ്ങുന്നത്. ഒരു സ്ത്രീ 33 തവണ തന്റെ അണ്ഡം വിറ്റതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ബദ്ലാപൂര് ഈസ്റ്റില്‍ നിന്നാണ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഫെര്‍ട്ടിലിറ്റി സെന്ററുകളുമായി യോജിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. സ്ത്രീകളെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ അണ്ഡോത്പാദനം ഉത്തേജിപ്പിക്കുന്നതിനും എടുക്കുന്നതിനുമുള്ള കുത്തിവെപ്പുകള്‍ ഇത്തരം സെന്ററുകളിലായിരിക്കും നടത്തുക. എന്നാല്‍ ഇത്തരം കുത്തിവെപ്പുകള്‍ക്ക് ശരിയായ മേല്‍നോട്ടമോ സുരക്ഷിതത്വമോ ഇല്ലാതെയാണ് ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ നടത്തുന്നതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.അണ്ഡദാനത്തിന് കൃത്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ടെന്നിരിക്കെയാണ് ഇത്തരത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്തുകൊണ്ടുള്ള തട്ടിപ്പ് നടക്കുന്നത്. 2021ലെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി നിയമത്തില്‍ അണ്ഡദാനം എങ്ങനെയായിരിക്കണമെന്ന് കൃത്യമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഒരു സ്ത്രീക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് അണ്ഡദാനം ചെയ്യാന്‍ അനുമതിയുള്ളൂ. ഒരു സ്ത്രീയില്‍ നിന്ന് ഏഴില്‍ കൂടുതല്‍ അണ്ഡകോശങ്ങള്‍ എടുക്കാന്‍ പാടില്ല. 23നും 35നും ഇടയിലായിരിക്കണം അണ്ഡദാതാവിന്റെ പ്രായം. അണ്ഡം കൊടുക്കുന്നതിന് പണം വാങ്ങാനും പാടില്ല. ദാതാക്കള്‍ അണ്ഡദാനത്തിന് മുമ്പ് നിശ്ചിത മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാകണം. രേഖാമൂലമുള്ള സമ്മതപത്രത്തിൽ ഒപ്പിടുകയും വേണം. പരിശീലനം ലഭിച്ച വിദഗ്ധര്‍ക്ക് മാത്രമേ സ്ത്രീകളില്‍ നിന്ന് അണ്ഡം വേര്‍തിരിച്ചെടുക്കാന്‍ അനുമതിയുള്ളൂ. അണ്ഡം വീണ്ടെടുക്കുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ നികത്തുന്നതിനായി അണ്ഡം സ്വീകരിക്കുന്ന ദമ്പതികളോ സ്ത്രീയോ ദാതാവിന് 12 മാസത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പാട് ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു.
ദാനം ചെയ്ത അണ്ഡം കൈകാര്യം ചെയ്യുന്ന എആര്‍ടി ക്ലിനിക്കുകള്‍ക്കും ബാങ്കുകള്‍ക്കും പ്രത്യേകം നിയമങ്ങളുണ്ട്. രജിസ്റ്റര്‍ ചെയ്ത എആര്‍ടി ബാങ്കുകള്‍, ക്ലിനിക്കുകള്‍ എന്നിവ വഴി നിര്‍ദിഷ്ട നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം അണ്ഡദാനം നടത്തേണ്ടത്. അണ്ഡത്തിന്റെ വില്‍പ്പന, കടത്ത് എന്നിവ സെക്ഷന്‍ 33 പ്രകാരം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. നിയമം ആദ്യതവണ ലംഘിച്ചാല്‍ 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് പിഴ. തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവും 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ആരോഗ്യവിദഗ്ധരുടെ കൃത്യമായ നിരീക്ഷണത്തില്‍ മാത്രമാണ് അണ്ഡദാനം നടത്താന്‍ പാടുള്ളുവെന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. ദാതാവും സ്വീകര്‍ത്താവും തമ്മില്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടതിന് ശേഷമായിരിക്കും നടപടിക്രമങ്ങള്‍ ആരംഭിക്കുക. ആദ്യം സ്ത്രീയില്‍ അണ്ഡം പക്വത പ്രാപിക്കാന്‍ ഉത്തേജിപ്പിക്കുന്ന മരുന്ന് കുത്തിവെക്കും. ശേഷം അള്‍ട്രാസൗണ്ട് സ്കാനുകളിലൂടെയും രക്തപരിശോധനയിലൂടെയും ഡോക്ടര്‍മാര്‍ മാറ്റങ്ങള്‍ നിരീക്ഷിക്കും. അണ്ഡം തയ്യാറായിക്കഴിഞ്ഞാല്‍ ദാതാവായ സ്ത്രീക്ക് അനസ്തീഷ്യ നല്കി അവയെ വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
അണ്ഡദാനത്തിന് അതിന്റേതായ പാര്‍ശ്വഫലങ്ങളുമുണ്ട്. ഹോര്‍മോണ്‍ ഉത്തേജന സമയത്ത് അണ്ഡാശയങ്ങള്‍ വലുതാകുകയും അസ്വസ്ഥത ഉണ്ടാവുകയും ചെയ്തേക്കാം. ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ കഴിക്കുമ്പോള്‍ തലവേദനയും ഓക്കാനവും സംഭവിക്കും. ചില സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ ചികിത്സയ്ക്കിടെ മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാറുണ്ട്. അണ്ഡാശയങ്ങള്‍ ഫെര്‍ട്ടിലിറ്റി മരുന്നുകളോട് അമിതമായി പ്രതികരിക്കുന്ന ഓവേറിയന്‍ ഹൈപ്പര്‍സ്റ്റിമുലേഷന്‍ സിന്‍ഡ്രോം എന്ന അവസ്ഥയും ഉണ്ടാകാം. ഇതുവഴി അണ്ഡാശയങ്ങള്‍ വീര്‍ക്കുകയും വയറ്റില്‍ നീര്‍ക്കെട്ട്, ശ്വാസതടസ്സം, കഠിനമായ വേദന എന്നിവ ഉണ്ടാകുകയും ചെയ്യാം. രക്തസ്രാവത്തിനും അണുബാധയ്ക്കും വരെ സാധ്യതയുണ്ട്.തുടര്‍ച്ചയായുള്ള കുത്തിവെയ്പ്പുകളും ശസ്ത്രക്രിയകളും സ്ത്രീകളുടെ ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കും. ആവര്‍ത്തിച്ചുള്ള അണ്ഡശേഖരണ പ്രക്രിയകളും ശാരീരിക ബുദ്ധിമുട്ടുകളും സ്ത്രീകളില്‍ കടുത്ത മാനസിക സമ്മര്‍ദത്തിനും വിഷാദത്തിനും കാരണമാകാം. ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി അണ്ഡങ്ങള്‍ നിരന്തരം പിടിച്ചെടുക്കുന്നത് ഭാവിയില്‍ വന്ധ്യതയ്ക്കോ മറ്റ് ആരോഗ്യ സങ്കീര്‍ണതകള്‍ക്കോ കാരണമായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇത്തരത്തില്‍ നിരവധി സങ്കീര്‍ണതകളും കൃത്യമായ നിയമവും ഉള്ളപ്പോഴാണ് യാതൊരു സുരക്ഷയുമില്ലാതെ മുപ്പതിലധികം തവണ ഒരു സ്ത്രീയില്‍ നിന്ന് മാത്രം അണ്ഡം എടുക്കുന്നതും അവ വില്‍പ്പന നടത്തുന്നതും.താനെയിലെ മാല്‍തി ഐവിഎഫ് സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ യാതൊരു ലൈസന്‍സുമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, ഏജന്റുമാര്‍, വ്യാജ രേഖകള്‍ ചമച്ചവര്‍ എന്നിവരുള്‍പ്പെടെ 17 പേര്‍ക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ അനധികൃതമായി സമ്പാദിച്ച ഏകദേശം ഒരു കോടിയോളം രൂപയുടെ സ്വത്തുക്കളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷണം നടത്തുകയാണ്.















