തലസ്ഥാനത്തെ ഗുണ്ടകളുടെ പ്രധാന തൊഴിലാണ് മണ്ണ്് കടത്ത്. മണല്‍ കടത്ത് ഏകദേശം നിന്നതോടെയാണ് മണ്ണില്‍ കണ്ണുവെച്ച് മാഫിയകള്‍ രംഗത്തിറങ്ങിയത്. ‘മണ്ണല്ലേ, കൊണ്ടുപോട്ടെന്നേ’ എന്ന മട്ടില്‍ മാഫിയയ്ക്ക് മൗനാനുവാദം കൊടുത്ത് പ്രദേശവാസികളും, നിയമത്തിന്റെ മുമ്പില്‍ കണ്ണടച്ച് വഴിയൊരുക്കി അധികൃതരും നിഷ്‌ക്രിയമായതോടെ അപകടങ്ങള്‍ തുടര്‍ക്കഥയായി. ഇക്കഴിഞ്ഞ ദിവസം ആക്കുളത്ത് മണ്ണിടിഞ്ഞ് വലിയ ഗര്‍ത്തം ഉണ്ടായതിനെ തുടര്‍ന്ന് തൊട്ടടുത്ത ഫ്‌ളാറ്റിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയുണ്ടായി. എന്തുകൊണ്ടാണ് മണ്ണിടിഞ്ഞതിന്റെ പേരില്‍ ഒരു ഫ്‌ളാറ്റ് തന്നെ ഒഴിപ്പിക്കേണ്ട അവസ്ഥയുണ്ടായത്. ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് ആക്കുളത്തെ സംഭവം ഓര്‍മ്മിപ്പിക്കുന്നത്.
നഗരത്തിലെ ഏതെങ്കിലും ഭാഗത്തു നിന്നും മണ്ണു നീക്കണമെങ്കിലോ കുഴിക്കണമെങ്കിലോ അത് മണ്ണു മാഫിയകളുടെ നിയന്ത്രണത്തില്‍ മാത്രമാണ് നടക്കുന്നത്. എത്രയാണോ കുഴിക്കേണ്ടത്, എത്ര ലോഡ് മണ്ണാണോ എടുക്കേണ്ടത്, അതിന്റെ ഇരട്ടിയിലേറെ മണ്ണ് അവിടെനിന്നു കടത്തിയിരിക്കും. മാഫിയകളുടെ ജോലി മണ്ണ് കടത്തിയും നിലം നികത്തിയുമൊക്കെ പണമുണ്ടാക്കലാണ്. അത് നിര്‍ബാധം തുടരുക തന്നെ ചെയ്യും. എന്നാല്‍, ഇതെല്ലാം നിയന്ത്രിക്കാര്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാഫിയയെപ്പോലെ പ്രവര്‍ത്തിച്ചാല്‍ എന്തു ചെയ്യും. സര്‍ക്കാര്‍ മാഫിയയും, മണ്ണ് മാഫിയയും ചേര്‍ന്നുള്ള കൂട്ടു കൃഷിയാണ് ഇവിടെ നടക്കുന്നത്.
മണ്ണു മാഫിയയ്ക്ക് ഒരു ലൈസന്‍സുമില്ലാതെ മണ്ണു വാരാന്‍ അനുമതി നല്‍കുക, എന്നിട്ട് കണ്ണടച്ചിരിക്കുക. പരാതികള്‍ വന്നാല്‍ കേട്ടില്ലെന്ന് നടിക്കുക. നടപടി എടുക്കാതിരിക്കുക. കൈക്കൂല വാങ്ങുക, പങ്കു കച്ചവടം നടത്തുക. ഇതാണ് ഉദ്ദേശം. ഇതിനു വേണ്ടി ഒരു നാടിന്റെ ഹൃയം പിളര്‍ന്ന് രക്തം കുടുക്കുന്നതു പേലെയാണ് മണ്ണു മാഫിയകള്‍ക്ക് സൗകര്ം ഒരുക്കിക്കൊടുക്കുന്നത്. പോലീസും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആക്കുളത്തെ മണ്ണെടുപ്പിനായി ജിയോളജി ഉദ്യോസ്ഥരേയും സ്ഥലം പോലീസിനെയും മണ്ണ് മാഫിയാ സംഘം സ്വാധീനിച്ചിരുന്നു എന്നത് വ്യകാത്മായിട്ടുണ്ട്. ഇവരുടെ ഒത്താശയോടെ ലക്ഷക്കണക്കിന് രൂപയുടെ മണ്ണാണ് സംഘം അവിടെ നിന്നും കടത്തിയത്.
അനധികൃതമായി മണ്ണെടുപ്പ് തുടരുന്നുവെന്ന് പല പ്രാവശ്യം അറിയിച്ചിട്ടും ജിയോളജി ഉദോഗസ്ഥര്‍ ഈ പരിസരത്തു പോലും വന്നിട്ടില്ലെന്ന് ഫ്‌ളാറ്റിലെ താമസക്കാര്‍ പറയുന്നു. നല്ല മഴപെയ്ത സമയത്താണ് ആക്കുളം പിആര്‍എസ് ലേക്ക് വില്ല ഫ്‌ളാറ്റിലേക്കുള്ള റോഡ് സംരക്ഷണഭിത്തിക്കൊപ്പം ഇടിഞ്ഞുതാഴുന്നത്. അപകടഭീഷണി ഒഴിവാക്കാന്‍ ഫ്‌ളാറ്റിലെ 120 താമസക്കാരെയും ഒഴിപ്പിച്ചു. ജില്ലാ കളക്ടര്‍ കെഎസ് അഞ്ജുവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഒഴിപ്പിക്കല്‍. ആക്കുളം ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ കോമ്പൗണ്ടിലെ മണ്ണെടുപ്പിനെ തുടര്‍ന്നാണ് സമീപത്തെ പിആര്‍എസ് ലേക്ക് വില്ല ഫ്‌ളാറ്റ് അപകടാവസ്ഥയിലായത്.
ഫ്‌ളാറ്റിന് നാല് മീറ്റര്‍ മാത്രം അകലെയായി രൂക്ഷമായ രീതിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. പാര്‍ശ്വഭിത്തി പൂര്‍ണ്ണമായും തകര്‍ന്ന് വലിയ വിള്ളലുകള്‍ രൂപപ്പെടുകയും ഫ്‌ലാറ്റിന് മുന്‍വശത്തെ റോഡ് ഏകദേശം 50 മീറ്റര്‍ നീളത്തിലും 15 മീറ്റര്‍ ഉയരത്തിലും ഇടിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകളോ പെര്‍മിറ്റ് നിബന്ധനകള്‍ പ്രകാരമുള്ള റീട്ടെയിനിംഗ് വാളോ നിര്‍മ്മിക്കാതെ അശാസ്ത്രീയമായാണ് സ്‌കൂള്‍ അധികൃതര്‍ മണ്ണെടുത്തതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു. ഫ്‌ലാറ്റിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് തിരുവനന്തപുരം തഹസില്‍ദാര്‍, നഗരസഭാ സെക്രട്ടറി, ജില്ലാ പോലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി. മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ പട്ടിക റസിഡന്റ്‌സ് അസോസിയേഷന്‍ വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. താമസസൗകര്യം ഒരുക്കേണ്ടത് സ്‌കൂള്‍ അധികൃതരാണ്.
മണ്ണ് ഇടിഞ്ഞ ഭാഗം അടിയന്തരമായി ബലപ്പെടുത്തി ഫളാറ്റിന്റെ അപകടാവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കുന്നതുവരെ സ്‌കൂളിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി. അതേസമയം ഒരാഴ്ചയ്ക്കുള്ളില്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുമെന്നും താല്‍ക്കാലികമായി മാറ്റുന്നവരുടെ താമസച്ചെലവ് വഹിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള പ്രൊപ്പോസല്‍ സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിക്കേണ്ടതും പൊതുമരാമത്ത്, നഗരസഭ, മണ്ണ് സംരക്ഷണം, മൈനിംഗ് ആന്‍ഡ് ജിയോളജി എന്നീ വകുപ്പുകള്‍ പരിശോധിച്ച് അനുമതി നല്‍കേണ്ടതാണ്. നിര്‍മ്മാണത്തിന് ലഭിച്ച അനുമതിക്കുള്ളില്‍ നിന്നുകൊണ്ടാണോ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നിട്ടുള്ളതെന്നും നഗരസഭ സെക്രട്ടറിയും, അനുവദിച്ച പെര്‍മിറ്റില്‍ കൂടുതല്‍ മണ്ണ് നീക്കിയിട്ടുണ്ടോ എന്ന് ജില്ലാ ജിയോളജിസ്റ്റും പരിശോധിച്ച് നിയമനടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
ഇങ്ങനെയെല്ലാം ഉത്തരവുണ്ടായിട്ടും ജിയോളജി വകുപ്പിന്റെ തുടര്‍ നടപടികളില്‍ നാട്ടുകാര്‍ക്ക് തൃപ്തിയില്ല എന്നതാണ് കൗതുകം. സര്‍ക്കാര്‍ സംവിധാനം മാഫികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ എങ്ങനെ സമാധാനിക്കും.















