തിരുവനന്തപുരം നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നും പൂജാസാമഗ്രികൾ മോഷ്ടിച്ച പൂജാരി പിടിയിൽ. പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്.
പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, മണികൾ, പാത്രങ്ങൾ, കെടാവിളക്ക് എന്നിവ ഉൾപ്പെടെ ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളാണ് പ്രതി പല ഘട്ടങ്ങളിലായി കടത്തിക്കയറ്റിയത്.
കഴിഞ്ഞ ജൂൺ ഒന്നിനാണ് പ്രതി ഈ ക്ഷേത്രത്തിൽ പൂജാരിയായി ചുമതലയേറ്റത്. അതേസമയം, നാല് ദിവസത്തെ അവധിയെടുക്കുകയും പകരം മറ്റൊരു പൂജാരി പൂജയ്ക്കായി എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ സാമഗ്രികൾ നഷ്ടപ്പെട്ട വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















