തരംതാഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിക്ക് പി.പി ദിവ്യ കത്ത് നൽകി. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വർഗ-ബഹുജന സംഘടനകളിൽ നിന്ന് തന്നെ ഒഴിവാക്കിയത് എന്തിനാണെന്നും കത്തിലൂടെ അവർ ചോദ്യം ചെയ്യുന്നുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റി ചേരുന്നതിന് മുൻപാണ് അവർ കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകിയത്.
പി.പി ദിവ്യയെ വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ചില നീക്കങ്ങൾ നടന്നിരുന്നെങ്കിലും, കത്ത് നൽകിയിട്ടും വിപുലീകൃത ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചുവരാൻ അവർക്ക് സാധിച്ചിരുന്നില്ല. ചില പ്രമുഖ നേതാക്കൾ ഇവരുടെ തിരിച്ചുവരവിനെ ശക്തമായി എതിർത്തിരുന്നു. ഇതിനിടയിൽ പാർട്ടിയിൽ നിന്ന് അകലുന്നതിന്റെ സൂചന നൽകി പി.പി ദിവ്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മുതിർന്ന നേതാക്കൾ അവരെ ബന്ധപ്പെടുകയും, പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പാർട്ടിയിൽ നിന്ന് അകന്നുപോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം.















