ഓൺലൈൻ തട്ടിപ്പുകൾക്കും വ്യാജ സന്ദേശങ്ങൾക്കും തടയിടാൻ പുതിയ സുരക്ഷാ ഫീച്ചറുമായി ഗൂഗിൾ. ഗൂഗിൾ മെസേജസിൽ (Google Messages) അവതരിപ്പിക്കുന്ന ‘എൻഹാൻസ്ഡ് പ്രൊട്ടക്ഷൻ’ (Enhanced Protection) ഫീച്ചറിലൂടെ പാഴ്സൽ ഡെലിവറി, ബാങ്ക് കെവൈസി അപ്ഡേറ്റ് എന്നിവയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തുടക്കത്തിലേ കണ്ടെത്താൻ ജെമിനി എഐ (Gemini AI) സഹായിക്കും.
ഒറ്റപ്പെട്ട സന്ദേശങ്ങൾ മാത്രമല്ല, അപരിചിതരായ പ്രേഷിതരുമായുള്ള മുഴുവൻ സംഭാഷണങ്ങളും പരിശോധിച്ച് വഞ്ചനാപരമായ പാറ്റേണുകൾ കണ്ടെത്താൻ ഈ എഐ സംവിധാനത്തിന് സാധിക്കും. ക്ലൗഡ് അധിഷ്ഠിത ജെമിനി മോഡലുകൾ ഉപയോഗിക്കുന്ന ഈ ഫീച്ചർ, പ്രൈവറ്റ് എഐ കമ്പ്യൂട്ട് വഴി ഡാറ്റ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്താണ് സുരക്ഷിതമായി പ്രോസസ്സ് ചെയ്യുന്നത്.
സന്ദേശങ്ങളിൽ വരുന്ന അപരിചിതമായ ലിങ്കുകൾ പരിശോധിക്കാൻ പിക്സൽ 10, സാംസങ് ഗാലക്സി എസ് 26 സീരീസ് തുടങ്ങിയ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ജെമിനി നാനോ മോഡലും പ്രവർത്തിക്കും. വ്യാജ വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിന് മുമ്പ് തന്നെ ഉപയോക്താക്കൾക്ക് ഇതുവഴി മുന്നറിയിപ്പ് ലഭിക്കും.
പ്രവർത്തനം എങ്ങനെ?
ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് തീയതി ഗൂഗിൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫീച്ചർ ലഭ്യമാകുമ്പോൾ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഇത് ആക്ടീവ് ചെയ്യാം. ഗൂഗിൾ മെസേജസിലെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത്, സെറ്റിങ്സിലെ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ നിന്ന് ‘എൻഹാൻസ്ഡ് പ്രൊട്ടക്ഷൻ’ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. എങ്കിലും, ഔദ്യോഗിക ആപ്പുകൾ വഴി മാത്രം വിവരങ്ങൾ സ്ഥിരീകരിക്കാനും ഒടിപി വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കാനും ഉപയോക്താക്കൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.















