എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ഗുരുദർശനം മുറുകെപ്പിടിക്കുന്നവർ സ്വാഭാവികമായും രാജ്യത്തെ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെയാണ് അണിനിരക്കേണ്ടത്. ഇവിടെയാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനാരായണീയർ ഉയർത്തിപ്പിടിക്കേണ്ട മാനവിക ദർശനത്തോടൊപ്പമാണോ, അതോ ഹിന്ദുത്വ വർഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ നടേശൻ നിലയുറപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ചോദ്യത്തിന് മറുപടി പറഞ്ഞ് കൊണ്ടാകണം വെള്ളാപ്പള്ളി സംവാദം തുടങ്ങേണ്ടതെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഈഴവരൊന്നും ഹിന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സി കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്നാണ് ചോദിച്ചതെന്നും പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ ചോദ്യത്തിന് വെള്ളാപ്പള്ളി നടേശൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഞാൻ ഹിന്ദുവാണ് എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ശ്രീനാരായണഗുരു ഒരിക്കലും സ്വയം അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചു. ഗുരുവിനെ ആജീവനാന്ത അധ്യക്ഷനാക്കിക്കൊണ്ട് രൂപീകരിച്ച എസ്എൻഡിപി യോഗത്തിന്റെ ഔദ്യോഗിക രേഖകളിലോ ഗുരുദർശനങ്ങൾ പിന്തുടരാൻ ശിവഗിരിയിൽ സ്ഥാപിച്ച ധർമ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയിലോ ‘ഹിന്ദു’ എന്ന വാക്ക് കാണാൻ കഴിയില്ലെന്നും പി ജയരാജൻ വ്യക്തമാക്കി. സാഹചര്യം ഇതായിരിക്കെ ഗുരുദർശനം മുറുകെപ്പിടിക്കുന്നവർ സ്വാഭാവികമായും രാജ്യത്തെ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെയാണ് അണിനിരക്കേണ്ടതെന്നും പി ജയരാജൻ ചൂണ്ടിക്കാണിക്കുന്നു.















