ഭാരത് ലജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ബി.എല്‍.എം) നിക്ഷേപത്തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി വര്‍ദ്ധിച്ചു വരുന്നു. സംഘടനയുടെ ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിന് മലയാള മാധ്യമ രംഗവുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങളില്‍ പ്രധാനപ്പെട്ടത്. അടുത്തിടെ ടെലികാസ്റ്റ് ആരംഭിച്ച ഒരു മലയാ ചാനലിന്റെ ഉടമസ്ഥനെന്നും, അതില്‍ പണം ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്. ടെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു ഇന്‍വെസ്റ്ററാണ് ചാനലിനു പണം മുടക്കിയതെന്ന് ചാനല്‍ ലോഞ്ചിംഗ് സമയത്ത് കേട്ടിരുന്നു. എന്നാല്‍, സ്ഥിരീകരിക്കാത്ത വിവരമായതിനാല്‍ ഇപ്പോഴും ആരും വാര്‍ത്തയാക്കുന്നില്ല എന്നുമാത്രം.
എന്നാല്‍, കോടികള്‍ മറിയുന്ന നിക്ഷേപ തട്ടിപ്പിന് മറയുണ്ടാക്കാന്‍ ചാനല്‍ കൈയ്യിലുള്ളത് ആശ്വാസമാണെന്ന ധാരണ പ്രേംകുമാറിന് ഉണ്ടായിക്കൂടെന്നില്ല. ചാനലിന്റെ തുടക്ക കാലത്ത്, ചെന്നൈയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നിരുന്നത്രേ. പ്രേംകുമാറിന് മലയാളത്തിലെ ചാനലുമായി ബന്ധമുണ്ടെന്നു തന്നെയാണ് മറ്റു ചാനല്‍ പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം, പ്രേംകുമാറിനെ അറസ്റ്റു ചെയ്തില്ലെന്നും, വ്ാജ വാര്‍ത്തയാണ് വരുന്നതെന്നുമുള്ള സോഷ്യല്‍ മീഡിയ പ്രചാരണം നടക്കുന്നുണ്ട്. ഇത് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള പൊടിക്കൈയ്യാണ്. ചെന്നൈയിലെ വസതിയില്‍ നിന്നും ഇന്നലെ രാവിലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടര്‍ന്ന് നുങ്കമ്പാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധന പൂര്‍ത്തിയാക്കി ആരോഗ്യനില തൃപ്തികരമാണെന്നും യാത്രയ്ക്ക് തടസ്സമില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രതിയെ കോഴിക്കോടേക്ക് എത്തിക്കാനുള്ള നടപടി തുടങ്ങി. അന്വേ,ണ സംഘം കോഴിക്കോടേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നേരിട്ടെത്തിച്ച് റിമാന്‍ഡ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. വിവിധ സ്ഥാപനങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്യും. നിക്ഷേപകരില്‍ നിന്ന് സ്ഥാപനത്തിന്റെ മറവില്‍ സമാഹരിച്ച തുക, സ്വന്തം പേരിലേക്കും ഭാര്യയുടെ പേരിലേക്കും ബിനാമി കമ്പനികളിലേക്കും വകമാറ്റിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
വ്യാജ ബിനാമി രജിസ്‌ട്രേഷനുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു ഇയാളുടെ പ്രധാന രീതി. പ്രാഥമിക അന്വേഷണത്തില്‍ 300 കോടിയുടെ തട്ടിപ്പാണ് പുറത്തുവന്നതെങ്കിലും, ആയിരം കോടി രൂപയിലധികം വരുന്ന സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളാണ് നിലവില്‍ ക്രൈംബ്രാഞ്ചിന്റെയും സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെയും നിരീക്ഷണത്തിലുള്ളത്. ഡിജിറ്റല്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതോടെയാണ് തട്ടിപ്പിന്റെ യഥാര്‍ത്ഥ വ്യാപ്തി വ്യക്തമായത്. തട്ടിയെടുത്ത തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് ഭാര്യയുടെ പേരില്‍ 17 കോടി രൂപയുടെ അത്യാഡംബര ഹോട്ടലാണ് പ്രേംകുമാര്‍ വാങ്ങിയത്.
ഇതിനുപുറമെ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ 29 കോടി രൂപ വിലമതിക്കുന്ന ആഡംബര റിസോര്‍ട്ടുകളും ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ പ്രശസ്തമായ രാഗം തിയേറ്റര്‍ സമുച്ചയവും പ്രേംകുമാര്‍ ഡയറക്ടറായ നിഴല്‍ കമ്പനിയാണ് വിലയ്‌ക്കെടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമിയും ആസ്തികളും ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന പലിശയും വീടും വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണമാണ് ഇത്തരത്തില്‍ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഉപയോഗിച്ചത്. തട്ടിപ്പ് പുറത്തുവന്നതോടെ തുക തിരികെ ചോദിച്ചെത്തിയ സാധാരണക്കാരെ ഭീഷണിപ്പെടുത്താനും വ്യാജ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനും സ്ഥാപന അധികൃതര്‍ ശ്രമിച്ചിരുന്നു.
സ്ഥാപനത്തിലെ മറ്റ് ഡയറക്ടര്‍മാര്‍, ഉയര്‍ന്ന ജീവനക്കാര്‍, ബിനാമി ഇടപാടുകാര്‍ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.















