64 വയസ്സുള്ള, ആരോഗ്യമുള്ളൊരമ്മ. തിരുവനന്തപുരം ഈഞ്ചക്കലുള്ള എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചെക്കപ്പിന് പോകുന്നു. കാര്യമായ ആരോഗ്യ പ്രശ്നമൊന്നുമില്ലെങ്കിലും ചെറിയ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നായിരുന്നു ചെക്കപ്പ് നടത്താന്‍ പോയത്. അഞ്ചുമാസം മുമ്പ് എസ്.പി. ഹോസ്പിറ്റലില്‍ പോയ ആ അമ്മയ്ക്ക് ഇപ്പോള്‍ തീരാവേദന നല്‍കിയാണ് ഹോസ്പിറ്റല്‍ അധികൃതര്‍ കൈയ്യൊഴിഞ്ഞത്. ഈ വിവരം ഇതുവരെയും മൂടി വെയ്ക്കപ്പെട്ടു എന്നതാണ് അത്ഭുതം. ഒരു മനുഷ്യ ജീവന് വിലകല്‍പ്പിക്കാന്‍ പോലും തയ്യാറാകാത്തവരായി അധപതിച്ചിരിക്കുകയാണ് ആതുര മേഖലയെ കച്ചവടമായി മാത്രം കാണുന്നവര്‍.
ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആരോഗ്യത്തോടെ ജീവിച്ച ആ അമ്മയുടെ ശാസീരിക അവസ്ഥ ഇപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുകയാണ്. അതിനു പ്രധാന കാരണക്കാര്‍ എസ്.പി. മെഡി ഫോര്‍ട്ട് ഹോസ്പിറ്റലാണ്. എസ്.പി മെഡി ഫോര്‍ട്ടിലെ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം അവര്‍ക്ക് പരിശോധനകള്‍ നടത്തിയപ്പോള്‍ പാന്‍ക്രിയാസില്‍ ഒരു പ്രശ്നം കണ്ടെത്തി. ഇത് റിമൂവ് ചെയ്യാന്‍ ശരീരത്തിനുള്ളിലേക്ക് സ്റ്റെന്റ് കടത്തി. ഇത്തരം പ്രൊസീജിയരുകള് സാധാരണമാണെങ്കിലും, അതിനായി മനുഷ്യ ശരീരത്തിലേക്ക് കടത്തി വിടുന്ന ട്യൂബുകളും സ്റ്റെന്റുകളും കൃത്യമായും എത്തുന്നുണ്ടോ എന്നും, പ്രൊസീജ്യര്‍ കഴിഞ്ഞ് അവയെല്ലാം കൃത്യമായി തിരിച്ചെടുത്തിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടുന്നുണ്ട്.
എന്നാല്‍, റിട്ടയേര്‍ഡ് അധ്യാപികയുടെ ശരീരത്തില്‍ നടത്തിയ പ്രൊസീജ്യറില്‍ എസ്.പി. ഫോര്ട്ടിന് അബദ്ധം പിണഞ്ഞു. മനുഷ്യ ശരീരത്തില്‍ നടത്തുന്ന ഏതൊരു പ്രക്രിയയും അതിസൂക്ഷ്മമായി ചെയ്യേണ്ടതാണെങ്കിലും എസ്.പി. ഫോര്‍ട്ടില്‍ അതുണ്ടായില്ല. പ്രൊസീജ്യര്‍ കഴിഞ്ഞെങ്കിലും അതിനു വേണ്ടി ഉപയോഗിച്ച സ്റ്റെന്റ് തിരിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ മറന്നു. മറ്റെല്ലാ ഉപകരണങ്ങളും തിരിച്ചെടുത്തെങ്കിലും ഇതു മാത്രം എടുക്കാന്‍ വിട്ടു പോവുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് സ്റ്റെന്റ് അതിനുള്ളില്‍ പെട്ടതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടായതോടെ വീണ്ടും എസ്.പി. ഫോര്‍ട്ടില്‍ കാണിക്കാനെത്തി. സി.ടി. സ്കാന്‍ എടുത്തപ്പോഴാണ് ഇങ്ങനെയൊരു അബദ്ധം എസ്.പി. ഫോര്ട്ടിന് ഉണ്ടായി എന്ന് മനസ്സിലാക്കിയത്.
ഈ സ്റ്റെന്റ് ഇപ്പോഴും അവരുടെ പാന്‍ക്രിയാസില്‍ കുരുങ്ങി കിടക്കുകയാണ്. അത് പുറത്തെടുത്തിട്ടില്ല. എസ്. പി മെഡി ഫോര്ട്ടുകാര് സ്റ്റെന്റ് പുറത്തെടുക്കാന്‍ രോഗിയോട് രണ്ടാഴ്ച സമയം ആവശ്യപ്പെടുകയാണ് ചെയ്തത്. കാരണം, എസ്.പി മെഡി ഫോര്‍ട്ടില്‍ ഈ സ്റ്റെന്റ് പുറത്തെടുക്കാനുള്ള മെഷീന് ഇല്ല. അത് വരാന്‍ രണ്ടാഴ്ച സമയം എടുക്കും. അതുവരെയും രോഗി ഹോസ്പിറ്റലില്‍ കിടക്കണമെന്ന് ആവശ്യപ്പെട്ടു. മെഷീനിന്റെ വില ഏകദേശം മൂന്നു ലക്ഷം രൂപയോളം വരും. ഹോസ്പിറ്റലിന്റെ തികഞ്ഞ അനാസ്ഥ മൂലമാണ് ഇതുണ്ടായിരിക്കുന്നത്. നിലവില്‍ ഈ മെഷില്‍ ഉള്ളത് കിംസില്‍ മാത്രമാണ്. അവിടെ സ്റ്റെന്റ് തിരിച്ചെടുക്കാന്‍ കുറഞ്ഞത് 5 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
എസ്.പി.മെഡി ഫോര്‍ട്ടില്‍ നിന്നും സ്റ്റെന്റ് എടുക്കാനുള്ള ഒരു നടപടിയും ഉണ്ടാകില്ലെന്നു കണ്ട്, എന്താണ് വീഴ്ച സംഭവിച്ചതെന്നുള്ള റിപ്പോര്‍ട്ട് കൃത്യമായി എഴുതി വാങ്ങി അവര്‍ കിംസിലേക്കു പോവുകയായിരുന്നു. അപ്പോഴും അവരെ ചികിത്സിച്ച വകയില്‍ 80,000 രൂപയോളം എസ്.പി. മെഡിഫോര്ട്ടുകാര് വസൂലാക്കുകയും ചെയ്തു. ചികിത്സയ്ക്കെത്തിയ ഒരാളെ നിത്യ രോഗിയായി പുറത്തേക്കു വിട്ടതിന്റെ കൂലിയായിരുന്നു അത്. മാത്രവുമല്ല, എസ്.പി.മെഡി ഫോര്‍ട്ടില്‍ നിന്നും അവര്‍ക്ക് പോകാന്‍ ആംബുലന്‍സു പോലും നല്കിയില്ലെന്നതാണ് മനുഷ്യത്വമില്ലായ്മയുടെ വശം. ഹോസ്പിറ്റലുകാര് പിടിച്ചു നല്കിയ വാഹനത്തിനുള്ള പണവും അവര്‍ ഈടാക്കുകയും ചെയ്തു. ഇങ്ങനെ എസ്.പി. മെഡി ഹോസ്പിറ്റലില്‍ പോയി, എന്ന ഒരു കാരണം കൊണ്ട് പണവും പോയി. രോഗവും കിട്ടി എന്ന അവസ്ഥയിലായി.
രോഗിയുടെ ബന്ധുക്കള്‍ ഹോസ്പിറ്റല്‍ അധികൃതരുമായി സംസാരിച്ചെങ്കിലും ആദ്യമൊന്നും വീഴ്ച സമ്മതിച്ചില്ല. പക്ഷെ, രോഗത്തെ കുറിച്ചും, സംഭവിച്ച ഗുരുതരമായ തെറ്റിനെ കുറിച്ചും ബോധ്യമുള്ളവര്‍ സംസാരിച്ചതോടെ വിഷയം പുറത്തറിയാതിരിക്കണമെന്നും, എന്തുവേണമെങ്കിലും ചെയ്യാമെന്നുമായി എസ്.പി.മെഡി ഫോര്‍ട്ട്. എന്നാല്‍, മുടക്കി പണം തിരികെ കിട്ടിയതു കൊണ്ട് രോഗം ഭേദമാകില്ല എന്ന നിലപാടായിരുന്നു രോഗിയുടെ കുടുംബത്തിന്റേത്. പക്ഷെ, രോഗി ഇപ്പോഴും കുരുങ്ങിക്കിടക്കുന്ന സ്റ്റെന്റുമായി ജീവിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍, ചികിത്സിച്ച ഡോക്ടര്‍മാരുടെ വിവരങ്ങള്‍, അവര്‍ക്ക് വീഴ്ച സംഭവിച്ചെന്നു എഴുതിയ കുറിപ്പുകള്‍, രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ. സ്കാന്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം, ബന്ധുക്കളുടെ നിലപാടുകളെല്ലാം ആവശ്യമുള്ളപ്പോള്‍ പുറത്തു വിടും.
ഈ വിഷയത്തില്‍ വൈകിയാണെങ്കിലും എസ്.പി.മെഡിഫോര്‍ട്ടിന്റെ ഗുരുതരമായ വീഴ്ച പുറത്തു കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യത്തിലാണ്. അവിടെ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് ആശുപത്രി അധികൃതരുടെ വീഴച കൊണ്ട് നിത്യരോഗം ഉണ്ടാകരുത്. പണം മാത്രമല്ല, മനുഷ്യ ജീവനും വിലയുണ്ടെന്ന് എ.പി മെഡിഫോര്‍ട്ട് അധികൃതര്‍ മനസ്സിലാക്കണം. ഈ വിഷയം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സമാനമായ എത്രയോ സംഭവങ്ങള്‍ ആരും അറിയാതെ പോകുന്നുണ്ടാകും. ഓരോന്നായി പുറത്തു വരിക തന്നെ ചെയ്യും. കാത്തിരിക്കുക.















