മറ്റൊരു പാർട്ടിയുടെ ചിഹ്നമായിരുന്ന ‘കൈപ്പത്തി’; ബിജെപിയുടേയും സിപിഎമ്മിന്റെ ഭാഗ്യവും സിപിഐയുടെ നിരാശയും

 തദ്ദേശം മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ചിഹ്നങ്ങൾക്ക് വലിയ പ്രധാന്യമാണ് രാഷ്ട്രീയ പാർട്ടികൾ നൽകുന്നത്. അത് വെറുതെയല്ല. അതിനൊരു കാരണമുണ്ട്. ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ളതാണ് ഒരു ചിത്രം എന്നാണ് പഴമൊഴി.ആ പഴമൊഴി തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ചിഹ്ന തീരുമാനിച്ചതില്‍ പ്രയോഗിച്ചിരിറിക്കുന്നത്. കോണ്‍ഗ്രസ് (ഐ) യുടെ കൈപ്പത്തി സിപിഎമ്മിന്റെ ചുറ്റിക അരിവാള്‍ നക്ഷത്രം. സിപിഐയുടെ അരിവാള്‍ നെല്‍ക്കതിര്‍ ,ബ ജെപിയുടെ താമര എന്നിവ അത്തരത്തില്‍ രൂപപ്പെടുത്തിയതാണ്. ഇതില്‍ മറ്റ് മൂന്ന് പാര്‍ട്ടികളും പാര്‍ട്ടി രൂപം കൊണ്ട ശേഷം ചിഹ്നം മാറ്റിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ചിഹ്നമുള്ളത് ഇതില്‍ സി പി ഐക്കും ആൾ ഇന്ത്യ  ഫോർവേഡ് ബ്ലോക്കിനുമാണ്. എന്നാല്‍ ചിഹ്നം ഉപയോഗിച്ചു തുടങ്ങിയ ഒന്നാം പൊതു തെരഞ്ഞെടുപ്പ് മുതല്‍ ഒന്നിലേറെ തവണ പലചിഹ്നത്തില്‍ ജനവിധി തേടിയ ചരിത്രമാണ് കോണ്‍ഗ്രസ് (ഐ)ക്കുള്ളത്.

1937ല്‍ നടന്ന ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യതെരഞ്ഞെടുപ്പില്‍ ബാലറ്റു പേപ്പറോ ചിഹ്നമോ ഇല്ലായിരുന്നു. സ്വന്തമായി ഭൂമിയുള്ള ഭൂ നികുതി കൊടുക്കുന്ന ആളുകള്‍ക്ക് മാത്രമായി വോട്ടവകാശം ചുരുക്കിയിരുന്നു. അന്ന് 37 കോടി ജനസംഖ്യയില്‍ ഏകദേശം മൂന്നു കോടി പേര്‍ക്കു മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞു.ബാലറ്റു പേപ്പര്‍ കോണ്‍ഗ്രസിന് മഞ്ഞപ്പെട്ടി, ജിന്നയുടെ മുസ്ലിം ലീഗിന് പച്ചപ്പെട്ടി എന്നിങ്ങനെ, ഓരോ പാര്‍ട്ടിക്കും ഓരോ നിറത്തിലുള്ള ബാലറ്റുപെട്ടികള്‍ അനുവദിച്ചു. ഓരോ പെട്ടികളിലും വീഴുന്ന വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി വിജയികളെ നിശ്ചയിച്ചു. ആദ്യത്തെ പ്രൊവിന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി. 11 പ്രവിശ്യകളിലും ഭരണത്തില്‍ വരികയും ചെയ്തു.

പിന്നെ ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ഉണ്ടാകുന്നത് ബ്രിട്ടന്റെ പിന്‍വാങ്ങലിന് ശേഷം 1952ല്‍ സുകുമാര്‍ സെന്നിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാണ്. വോട്ടിങ്ങ് ബാലറ്റിലേക്ക് മാറ്റി. അന്നത്തെ ജനസംഖ്യയില്‍ 81.7 ശതമാനവും നിരക്ഷരര്‍. ബാലറ്റുപേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുമാത്രം വെച്ചാല്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി ആരാണ് എന്ന് തിരിച്ചറിയില്ല. അങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എഴുത്തും വായനയും അറിയാത്തവര്‍ക്കായി ഒരു അടയാളം ബാലറ്റില്‍ ഉള്‍പ്പെടുത്താം എന്ന ആശയത്തിലേക്ക് വരുന്നത്. അങ്ങനെയാണ് തെരഞ്ഞെടുപ്പുകളില്‍ ചിഹ്നങ്ങളുടെ ചിഹ്നം വിളി തുടങ്ങുന്നത്. ഒന്നാം പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 14 ദേശീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 53 മറ്റ് പാര്‍ട്ടികള്‍ക്കും 533 സ്വതന്ത്രര്‍ക്കും ചിഹ്നങ്ങള്‍ വീതിച്ചു നല്‍കപ്പെട്ടു.

ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചത് കൈപ്പത്തി ചിഹ്നത്തില്‍ ആയിരുന്നില്ല. ഇന്ത്യ അന്നും ഇന്നും ഒരു കാര്‍ഷിക രാജ്യമാണല്ലോ. അതു കൊണ്ട് കാര്‍ഷികപുരോഗതിയുടെ ചിഹ്നമായ ‘പൂട്ടിയ കാള’യില്‍ മത്സരിച്ച് കോണ്‍ഗ്രസ്സ് പോള്‍ ചെയ്തതില്‍ പകുതി വോട്ടുകളും നേടി അധികാരത്തില്‍ വന്നു. ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ദേശീയ പാര്‍ട്ടികളില്‍ ഒന്നിന്റെ ചിഹ്നമായിരുന്നു കൈപ്പത്തി. നേതാജി സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച ഫോര്‍വേഡ് ബ്ലോക്ക് ആശയത്തിന്റെ പേരില്‍ ഒന്നാം തെരഞ്ഞെടുപ്പില്‍ തന്നെ പിളര്‍ന്നിരുന്നു. പാര്‍ട്ടിയിലെ സുഭാഷിസ്റ്റ് വിഭാഗം കോണ്‍ഗ്രസിലേക്ക് തിരികെ പോകണം എന്നാവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയിലെ മാര്‍ക്‌സിസ്റ്റ് വിഭാഗം ആ നിലപാടിനെ എതിര്‍ത്തു. ഒന്നാം തെരഞ്ഞെടുപ്പില്‍ രണ്ട് ബ്രായ്ക്കറ്റ് ഫോര്‍വേഡ് ബ്ലോക്കുകള്‍ മത്സരിച്ചു. ഇതില്‍ സുഭാഷിസ്റ്റ് വിഭാഗക്കാര്‍ ഫോര്‍വേഡ് ബ്ലോക്ക് (റൂയിക്കര്‍ ) എന്ന പേരില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ എഴുന്നേല്‍റ്റ് നിന്ന് ഗര്‍ജിക്കുന്ന സിംഹം ചിഹ്നത്തില്‍ ജനവിധി തേടി.

തെരഞ്ഞെടുപ്പിന് ശേഷം നേതാജിയുടെ സഹോദരന്‍ ശരത്ചന്ദ്ര ബോസ് ഇടപ്പെട്ട് ഇരുകൂട്ടരെയും യോജിപ്പിച്ചു. പാര്‍ട്ടി ലയനം ഉണ്ടായതോടെ ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് എന്ന പൊതു പാര്‍ട്ടി പേര് സ്വീകരിച്ചു. മാര്‍ക്‌സിസം അടിസ്ഥാന പ്രമാണമാക്കി കുതിച്ചു ചാട്ടുന്ന കടുവയും അരിവാള്‍ ചുറ്റികയും അങ്കിതമായ ചെങ്കൊടി പാര്‍ട്ടി പതാകയായും ഗര്‍ജിക്കുന്ന സിംഹത്തെ തെരഞ്ഞെടുപ്പ് ചിഹ്നമായി അംഗീരിക്കുകയും ചെയ്തു. ലയനത്തിന് ശേഷം മൂന്നുപതിറ്റാണ്ടോളം ഉപയോഗിക്കാതെ കിടന്ന ആ ചിഹ്നം പിന്നീട് കോണ്‍ഗ്രസ് (ഐ)യുടെ പേരില്‍ ബാലറ്റിലും ചുവരുകളും വന്നതോടെ കൂടുതല്‍ ജനകീയമായി മാറുകയായിരുന്നു.

പലതവണ ചിഹ്നംമാറിയാണ് കോണ്‍ഗ്രസ് (ഐ) കെപ്പത്തിയാല്‍ എത്തിയത്. പൂട്ടിയ കാള, ‘പശുവും കിടാവും’ അങ്ങനെ പല ചിഹ്നങ്ങള്‍ മാറി മറിഞ്ഞാണ് ഇന്നത്തെ കൈപ്പത്തിയില്‍ എത്തി നില്‍ക്കുന്നത്. 1978 ല്‍ അടിയന്തിരാവസ്ഥക്ക് ശേഷം കോണ്‍ഗ്രസ്സില്‍ വീണ്ടും തര്‍ക്കങ്ങളുണ്ടാവുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പശുവും കിടാവും ചിഹ്നം മരവിപ്പിക്കുകയും ചെയ്തു.പിവി നരസിംഹറാവുവും ഭൂട്ടാ സിങ്ങും കൂടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ മൂന്നു ചിഹ്നങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞു.’ഹാഥ്, ഹാഥി ഔര്‍ സൈക്കിള്‍.’ (കൈ, ആന, അല്ലെങ്കില്‍ സൈക്കിള്‍). തീരുമാനം പറയാന്‍ ഒരു രാത്രി സമയവും കൊടുത്തു. ആന്ധ്രപ്രദേശിലെ രാജരത്‌നം എന്ന കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലായിരുന്ന ഇന്ദിര ഗാന്ധി ആശയക്കുഴപ്പത്തിലായി. ഇരുട്ടിവെളുക്കുവോളം നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ രാജരത്‌നമാണ് കൈപ്പത്തി മതി എന്ന് ഇന്ദിരയോട് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെയാണ് കൈപ്പത്തി എന്ന ചിഹ്നം കോണ്‍ഗ്രസ് (ഐ) യുടെ സ്വന്തമായി മാറുന്നത്.

ചുറ്റിക അരിവാള്‍ 1927 മുതല്‍ റഷ്യന്‍ സോവിയറ്റ് റഷ്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിപ്ലവപോരാട്ടങ്ങളുടെ പ്രതീകമായിരുന്നു.പാര്‍ട്ടി പതാകയായി സിപിഐ രൂപംകൊണ്ട നാള്‍ മുതല്‍ കൊടിയടയാളവും അതു തന്നെയായത് കൊണ്ട്. 1952 ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഐ തങ്ങള്‍ക്ക് ചുറ്റികഅരിവാള്‍ തന്നെ ചിഹ്നമായി ആവശ്യപെട്ടു?പാര്‍ട്ടിയുടെ കൊടി തന്നെ ചിഹ്നമായി അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. അപ്പോള്‍ സിപിഐ ചുറ്റികയ്ക്കുപകരം നെല്‍ക്കതിര്‍ വെച്ച് പ്രശ്‌നം പരിഹരിച്ചു. 1964 ല്‍ കല്‍ക്കട്ടാ കോണ്‍ഗ്രസ്സില്‍ ഉണ്ടായ ഭിന്നതയെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് എന്ന പേരില്‍ ഒരു വിഭാഗം പിളര്‍ന്നുമാറിയെങ്കിലും ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നത് 1967 ലാണ്. അന്ന് ചുറ്റിക അരിവാളിന്മകളില്‍ മുകളില്‍ ഒരു നക്ഷത്രം കൂടി ചേര്‍ത്ത് അടയാളത്തിന് അപേക്ഷിച്ചു. ഭാഗ്യവശാല്‍ സിപിഎമ്മിന് ആ ചിഹ്നം അനുവദിച്ചു കിട്ടി. ഇന്നായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. അന്നുതൊട്ടിന്നുവരെ ഈ രണ്ടു ചിഹ്നങ്ങളിലാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍തെരഞ്ഞെടുപ്പുകളെ നേരിട്ടുവരുന്നത്.

എന്നാല്‍ ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപിയും രൂപം കൊണ്ട നാള്‍ മുതല്‍ ഇന്ന് വരെ ചിഹ്നം മാറ്റിയിട്ടില്ല. 1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജി രൂപം നല്‍കിയ ‘അഖില ഭാരതീയ ജനസംഘം’ എന്ന പാര്‍ട്ടിയായിരുന്നു ബിജെപിയുടെ പൂര്‍വ്വരൂപം. ‘എണ്ണവിളക്ക് ആയിരുന്നു അന്ന് അവരുടെ ചിഹ്നം. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം മറ്റു പല പാര്‍ട്ടികളുമായി ലയിച്ച് ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. ചിഹ്നം ‘കലപ്പയേന്തിയ കര്‍ഷകന്‍. 1980 ലാണ് ഭാരതീയ ജനതാ പാര്‍ട്ടി ( ബിജെപി) എന്ന പേരില്‍ ജനതാ പാര്‍ട്ടി പുനര്‍ജനിക്കുനത്. ഹൈന്ദവ ദേശീയതയില്‍ അധിഷ്ഠിതമായ ഒരു പാര്‍ട്ടി മഹാവിഷ്ണുവുമായി നാഭീനാളബന്ധമുള്ള ഒരു പൂവിനെത്തന്നെ തങ്ങളുടെ തെരഞ്ഞെടുപ്പു ചിഹ്നമായി തെരഞ്ഞെടുത്തതില്‍ അത്ഭുതമില്ലല്ലോ. മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത് എന്നൊരു നിബന്ധന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളില്‍ ഉണ്ടെങ്കിലും, കുങ്കുമ നിറത്തിലുള്ള താമര ഒരു പൂ എന്ന നിലയില്‍ ചിഹ്നമായി ബിജെപിക്ക് അനുവദിച്ചു. പോരാത്തതിന് ദേശീയ പുഷ്പം കൂടിയാണല്ലോ താമര.

1968 ലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന ചിഹ്നങ്ങളെ സ്ഥാനാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാകു.തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അങ്ങനെ ഒരു വെറും അടയാളം മാത്രമല്ല. തങ്ങളുടെ ആശയം വിശദീകരിക്കുന്ന അഭിമാനസ്തംഭങ്ങളാണ്.അതു കൊണ്ട് തന്നെയാണല്ലോ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടായി പുറത്ത് പോകുന്നവര്‍, പുതിയ പാര്‍ട്ടിയുണ്ടാക്കിയ ശേഷവും ചിഹ്നത്തിന് വേണ്ടി പോരടിക്കുന്നതും. ആയിരം തെരഞ്ഞെടുപ്പ് യോഗത്തിനേക്കാള്‍ പവ്വറുണ്ട് തെരഞ്ഞെടുപ്പ് ചിഹ്നത്തിന് എന്ന് സാരം.