ബിജെപി വിജയിച്ച കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലേയും വാഗ്ദാനങ്ങളിലൊന്നായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. 2014ലും 2019 ലും അതിനെ ഉപയോഗിച്ച് അവർ വോട്ടുപിടിച്ചു. 2019 ൽ രണ്ടാം നരേന്ദ്ര മോദി സർക്കാർ ആ വാഗ്ദാനം നടപ്പിലാക്കി. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടേയും നരേന്ദ്ര മോദിയുടേയും പ്രധാന തുറുപ്പായി രാഷ്ട്രീയ നീരീക്ഷകർ വിലയിരുത്തിയതും രാമക്ഷേത്ര നിർമ്മാണമായിരുന്നു. എന്നാൽ അയോധ്യയെ പ്രധാനമായി ഉയർത്തി തെരഞ്ഞെടുപ്പിനെ ബിജെപി നേരിടും എന്ന് കണക്കുകൂട്ടിയവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് അവർ തങ്ങളുടെ ബ്രഹ്മാസ്ത്രം തന്നെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രയോഗിച്ചു.
കഴിഞ്ഞ നാലര വർഷമായി അവർ അതിനെ തങ്ങളുടെ ആവനാഴിയിൽ എപ്പോൾ വേണമെങ്കിലും പ്രയോഗിക്കാൻ പറ്റുന്ന തരത്തിൽ ആ ആയുധത്തെ ഒരുക്കിവച്ചു. പ്രതിപക്ഷ പാർട്ടികൾ പോലും പകച്ചുപോയ അപ്രതീക്ഷിതമായ നീക്കം. ഇലക്ട്രൽ ബോണ്ടുകൾ തിരച്ചടിച്ചേക്കുമെന്ന ബോധ്യമുണ്ടായ നിമിഷം അവർ തങ്ങളുടെ വജ്രായുധം പ്രയോഗിച്ചു. 2019 നിയമമായിട്ടും ഇതുവരെ നടപ്പാക്കാതെ സൂക്ഷിച്ച പൗരത്വ ഭേദഗതി നിയമം (സിഎഎ) ആയിരുന്നു ബിജെപി തെരഞ്ഞെടുപ്പിന് തൊട്ടുമ്പ് കരുതിവച്ച ആ ബ്രഹ്മാസ്ത്രം. അയോധ്യയടക്കം വർഗീയ ധ്രുവീകരണമുണ്ടാക്കാൻ കഴിയുന്ന ശക്തമായ ഒരു ആയുധമുള്ളപ്പോൾ എന്തുകൊണ്ട് സിഎഎഎന്ന് ചോദിച്ചാൽ 1989 ൽ രാജീവ് ഗാന്ധി സർക്കാരിന് കിട്ടിയ തിരിച്ചടി മാത്രം ചൂണ്ടിക്കാട്ടിയാൽ മാത്രം മതി അതിനെ സാധുകരിക്കാൻ.
കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ച ഇലക്ട്രൽ ബോണ്ടും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കൊഴുക്കുമ്പോഴാണ് മോദിയും അമിത് ഷായും സിഎഎ ചട്ടം എന്ന ബോംബ് പൊട്ടിച്ചിരിക്കുന്നത് എന്ന് ഇതിനോടൊപ്പം കൂട്ടിവായിക്കുക. രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമായി ഇലക്ട്രൽ ബോണ്ടുകളെ വിശേഷിപ്പിക്കുന്ന സമയത്താണ് ബിജെപിയുടെ നീക്കം. നിലവിൽ ബോണ്ടു വിവരങ്ങൾ പരസ്യപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം കുറച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ അതും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ ഇനി യഥാർത്ഥ മഞ്ഞുമല വെളിവായാലും അയോധ്യയിലെ രാമക്ഷേത്രം അസ്ത്രം കൊണ്ടു മാത്രം അതിനെ ഉരുക്കി ഇല്ലാതാക്കാൻ കഴിയില്ലെന്ന ബിജെപിയുടെ ബോധ്യമാണ് സിഎഎചട്ടം നടപ്പാക്കുക എന്ന പ്രയോഗത്തിന് അവരെ പ്രേരിപ്പിച്ചത്.രാജ്യത്ത് ഉയരുന്ന സകല ചർച്ചകളെയും വിവാദങ്ങളെയും വഴിതിരിച്ച് വിടാൻ തക്ക ശേഷി ആ ആയുധത്തിനുണ്ടെന്ന് അവർക്കറിയാം. ഇലക്ട്രൽ ബോണ്ട് എന്ന അഴിമതി ചർച്ചയാവുന്ന അവസരത്തിൽ രാമക്ഷേത്ര മുപയോഗിച്ച് മാത്രം ഇലക്ഷനെ നേരിട്ടാൽ 1989 ലെ കോൺഗ്രസ് സർക്കാരിൻ്റെ ഗതി തങ്ങൾക്കും ഉണ്ടാകും എന്ന തിരിച്ചറിവാണ് അതിനു പിന്നിൽ. അത് എന്താണ് എന്ന് അറിയണമെങ്കിൽ ഒന്ന് ഫ്ലാഷ് ബാക്കിലേക്ക് നമുക്ക് പോകേണ്ടി വരും.
ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപ തരംഗം ഒരു ഘടകമാണെങ്കിലും 1984ൽ 50 ശതമാനം വോട്ടു വിഹിതം നേടി 414 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. എന്നാൽ ചരിത്ര വിജയം കോൺഗ്രസിനെ ഞെട്ടിച്ച തോൽവിയായിരുന്നു 1989 ൽ അവർക്ക് സംഭവിച്ചത്. അഞ്ച് വർഷങ്ങൾക്ക് ശേഷം അവർ കേവലം 197 സീറ്റിലേക്ക് ചുരുങ്ങി.
1984ലെ വിജയത്തോടെ രാജീവ് ഗാന്ധി ഇന്ത്യയിലെ ഏറ്റവും പഴയ പാർട്ടിയുടെ തിളങ്ങുന്ന പുതിയ തലവനായി. പഞ്ചാബിലടക്കം സമാധാനം കൊടു വരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. 1985ലെ കുപ്രസിദ്ധമായ ഷാ ബാനോ കേസും 1987ലെ വരൾച്ചയും സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. 1987ലെ ബൊഫോഴ്‌സ് അഴിമതി (പിന്നീട് സുപ്രീം കോടതി തള്ളി) ഉൾപ്പെടെയുള്ള തൻ്റെ സർക്കാരിലെ അഴിമതികളുടെ പേരിൽ രാജീവ് ഗാന്ധിക്ക് തൻ്റെ ‘മിസ്റ്റർ ക്ലീൻ’ ഇമേജ് നഷ്ടപ്പെട്ടു. അതിനെയെല്ലാം മറികടക്കാൻ ഒരു പുതിയ വഴി സർക്കാർ തേടി. അതായിരുന്നു ഇന്നത്തെ രാമക്ഷേത്ര നിർമ്മാണത്തിന് അടിത്തറ പാകിയത് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
രാമക്ഷേത്ര നിർമ്മാണ പ്രസ്ഥാനത്തിൻ്റെ ഉത്ഭവം തന്നെ 1989ലെ രാജീവ്ഗാന്ധി സർക്കാരിൻ്റെ നിർണായക തീരുമാനത്തിൽ നിന്നാണ്. 1989 ഫെബ്രുവരിയിൽ ഉത്തർപ്രദേശിലെ അലഹബാദിൽ ഒരു ധർമ്മ സൻസദ് (മത സമ്മേളനം) സംഘടിപ്പിച്ചു അതിൽ 1989 നവംബർ 9 ന് അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ശിലന്യാസങ്ങൾ(കല്ല് ഇടീൽകർമ്മം നടത്താൻ) തീരുമാനിച്ചു. വിഎച്ച്പി, ആർഎസ്എസ് അംഗങ്ങൾ ബിജെപി പ്രവർത്തകർക്കൊപ്പം രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ നിന്ന് രാമക്ഷേത്ര നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുവരാൻ പ്രചാരണം നടത്തി.
അന്ന് പാർലമെൻ്റിൽ രണ്ട് എംപിമാരുള്ള ബിജെപി ഹിമാചൽ പ്രദേശിലെ പാലംപൂരിൽ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് രാമക്ഷേത്ര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അയോധ്യ രാമക്ഷേത്രത്തിനായി വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ഭൂമിപൂജൻ (സ്ഥാപക ചടങ്ങുകൾ) സംഘടിപ്പിക്കാൻ തുടങ്ങിയതോടെ ബിജെപി ജനപ്രീതി നേടി.
ഇത്തരം സംഭവവികാസങ്ങൾരാജ്യത്ത് അരങ്ങേറുന്നതിനിടയിൽ അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രത്തിന് ഔപചാരികമായ തറക്കല്ലിടൽ ചടങ്ങ് വിഎച്ച്പി പ്രഖ്യാപിച്ചു. അതിന് രാജീവ് ഗാന്ധിയുടെ സർക്കാരിൻ്റെ അനുമതി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഹിന്ദു വികാരം ലക്ഷ്യം വച്ചുകൊണ്ട് ചടങ്ങുകൾ തുടരാൻ രാജീവ് ഗാന്ധി വിഎച്ച്പിക്ക് അനുമതി നൽകി. വിഎച്ച്‌പിയുടെ തറക്കല്ലിടൽ ചടങ്ങിൽ ബിഹാറിൽ നിന്നുള്ള അന്നത്തെ ജോയിൻ്റ് സെക്രട്ടറി കർമേശ്വർ ചൗപാലാണ് പ്രതീകാത്മകമായി ആദ്യ കല്ല് പാകിയത്.
രാഷ്ട്രീയം ലക്ഷ്യംവച്ച് രാമക്ഷേത്ര ചടങ്ങിന് പച്ചക്കൊടി കാട്ടിയിയിട്ടും 1989ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞ് 197 സീറ്റുകളിലേക്ക് ചുരുങ്ങി. മറുവശത്ത് ബിജെപി വൻ മുന്നേറ്റമുണ്ടാക്കി. 1984ലെ രണ്ട് ലോക്സഭാ സീറ്റുകൾ 85 ആയി വർധിച്ചു. ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പാർട്ടി വൻ വിജയങ്ങൾ നേടി. രാജീവ് ഗാന്ധിയുടെ മിസ്റ്റർ ക്ലീൻ ഇമേജ് തകർത്ത അഴിമതി ആരോപണങ്ങളിൽ നിന്നും രക്ഷ നേടാൻ ഹിന്ദു പ്രീണനത്തിനായി രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച കോൺഗ്രസിൻ്റെ തകർച്ച തന്നെയാണ് ഇന്ന് ബിജെപിയുടെ ശിലന്യാസങ്ങൾ.
2019 ൽ 37.36 ശതമാനം വോട്ടു വിഹിതത്തോടെ ഒറ്റയ്ക്ക് 303 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.1984 ന് ശേഷം ഒരു പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വോട്ടു വിഹിതമാണ് ബിജെപി സ്വന്തമാക്കിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി 45 ശതമാനം വോട്ടു വിഹിതത്തിലൂടെ 353 സീറ്റുകളും സ്വന്തമാക്കി. ആസൂത്രിതമായി സൃഷ്ടിച്ചെടുത്തു നരേന്ദ്ര മോദിയുടെ മിസ്റ്റർ ക്ലീൻ ഇമേജ് തകർത്ത ആരോപണങ്ങളായിരുന്നു അദാനി വിവാദങ്ങളും പിന്നാലെ വന്ന ഇലക്ട്രൽ ബോണ്ട് അഴിമതിയും. ഇവയിൽ നിന്നും രക്ഷ നേടാൻ രാമക്ഷേത്രം കൊണ്ടു മാത്രം കഴിയില്ല എന്ന ബോധ്യം ബിജെപിക്കും മോദിക്കും പിന്നെ അമിത് ഷായ്ക്കും കൃത്യമായുണ്ട്. അതിനാലാണ് അതുക്കും മേലെയുള്ള തങ്ങൾ ആയുധപ്പുരയിൽ കാത്തു സൂക്ഷിച്ച സിഎഎ വീണ്ടും പ്രയോഗിച്ചിരിക്കുന്നത് എന്നതാണ് യഥാർത്ഥ വസ്തുത.