ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 19 ന് ആരംഭിച്ച് ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളായിട്ടാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് ഇക്കുറി നടക്കുന്നത്. കേരളത്തിൽ രണ്ടാം ഘട്ടമായ എപ്രിൽ 26ന് ഒറ്റഘട്ടമായിട്ടാണ് ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുക. ഇത് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തിനും നേതാവ് രാഹുൽ ഗാന്ധിക്കും ആശ്വാസം പകരുന്ന വാർത്തയാണ്.
നിലവിൽ കേരളത്തിലെ വയനാട്ടിൽ നിന്നും മാത്രമാണ് രാഹുൽ ഗാന്ധി മത്സരിക്കുക എന്ന സൂചനകളാണ് പുറത്തു വരുന്നത്. യുപിയിലെ അമേത്തിയിൽ നിന്നും രാഹുൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അതിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. മഹാരാഷ്ട്രയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കിടയിൽ രാഹുൽ ഇന്നലെ ഇതിനെ സംബന്ധിച്ച് സൂചനകളും നൽകിയിരുന്നു. പാർട്ടി പറഞ്ഞാൽ അമേത്തിയിൽ മത്സരിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം. നിലവിൽ രാഹുലിന് കേരളത്തിൽ മാത്രം മത്സരിക്കാനാണ് താല്പര്യമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അതുകൊണ്ട് തെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമാകും ആശ്വാസം പകരുക. രാജ്യത്തെ ബിജെപി വിരുദ്ധമുന്നണിയുടെ പ്രധാന മുഖമായ രാഹുലിന് തൻ്റെ മണ്ഡലത്തിൽ കുടുതൽ സമയം പ്രചരണങ്ങളിൽ സജീവമാകുന്നതിനും രാജ്യത്ത് മറ്റിടങ്ങളിൽ ഓടിയെത്താനും തെരഞ്ഞെടുപ്പ് ഷെഡ്യൂൾവഴി സാധിക്കും.
കേരളത്തിൽ രണ്ടാം ഘട്ടമായ ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് പൂർത്തിയാറുന്നതോടെ മറ്റ് അഞ്ച് ഘട്ടങ്ങളിലെ പ്രചരണം യാതൊരു തടസവുമില്ലാതെ നയിക്കാനും കഴിയും. ഒരേ സമയം തൻ്റെ മണ്ഡലത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഏകോപിപ്പിക്കാനുള്ള അവസരമാണ് രാഹുലിനും കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ലഭിച്ചിരിക്കുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലോ അതു കഴിഞ്ഞോ ആണ് തീരുമാനിച്ചിരുന്നെങ്കിൽ രാഹുലിൻ്റെ മണ്ഡലത്തിലെ പ്രചരണവും മറ്റിടങ്ങളിലെ പ്രചരണവും പ്രതിസന്ധിയിലാവുമായിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏറ്റവും കൂടുതൽ ഗുണം ചെയ്തിരിക്കുന്നത് രാഹുലിനും കോൺഗ്രസ് ദേശീയ നേതൃത്വത്തിനുമാണ്.
വയനാട്ടിൽ ഇടത് മുന്നണി ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത് ഏറ്റവും ശക്തയായ സ്ഥാനാർത്ഥിയെയാണ്. സിപിഐയുടേയും ഇടതുമുന്നണിയുടേയും ദേശീയ മുഖമായ ആനി രാജ രാഹുലിനെതിരെ മത്സരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം പരമാവധി ഇതുവഴി ഉറപ്പിക്കാൻ കഴിയും എന്നതാണ് അവരെ സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ചുള്ള പ്രധാന നേട്ടം.