പ്രധാനമന്ത്രി രണ്ട് മാസത്തിനിടയിൽ മൂന്നാം തവണയാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എത്തുന്നത്. ഇത്തവണ കേരളത്തോടൊപ്പം തമിഴ്നാട്, തെലങ്കാന എന്നീ ദക്ഷീണേന്ത്യൻ സംസ്ഥാനങ്ങളും സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ വരവിലും കേരളത്തോടൊപ്പം തമിഴ്നാട്ടിലും മോദി സന്ദർശനം നടത്തിയിരുന്നു. മാർച്ച് 17,18,19 തീയതികളിൽ കർണ്ണാടകയിലും മോദി ക്യാംപ് ചെയ്ത് പ്രചരണം നടത്തുന്നുണ്ട്.മോദിയുടെ പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ വടക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പ്രചരണം നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമേറെയാണ്.
2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ലഭിച്ച 52 സീറ്റുകളിൽ 26 എണ്ണം ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങിൽ എല്ലാം ചേർന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികൾക്ക് ലഭിച്ചത് 71 സീറ്റുകളാണ്. കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഈ സീറ്റുകൾ നിലനിർത്തുന്നതല്ല ബിജെപിയെ ഭയപ്പെടുത്തുന്നത്.
പ്രധാന പ്രതിപക്ഷ പാർട്ടിൾ ഇത്തവണ ദക്ഷിണേന്ത്യ തൂത്തുവാരുമെന്ന അഭ്യൂഹങ്ങളാണ് മോദിയെ അസ്വസ്ഥനാക്കുന്നത്. കഴിഞ്ഞ തവണ തെലങ്കാനയിലും കർണാടകത്തിലും കോൺഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നതിനാൽ ഇവിടങ്ങളിൽ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ഇക്കുറി ചിത്രം മാറിയിരിക്കുകയാണ്.
കർണാടകത്തിൽ ബിജെപിയിൽ തെലങ്കാനയിൽ ബിആർഎസിൽ നിന്നും കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ തവണ കർണാടകത്തിൽ ആകെയുള്ള 28 സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാനായത് ഒരെണ്ണത്തിൽ മാത്രമാണ്. ബിജെപി 26 (സ്വതന്ത്രൻ ഉൾപ്പെടെ) സീറ്റുകൾ സ്വന്തമാക്കി വന്ന് മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയത്. അന്ന് കോൺഗ്രസിൻ്റെ സഖ്യകക്ഷിയായ ജെഡിഎസ് ഒരു സീറ്റും നേടി. ഇക്കുറി അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസ് സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തി നിലമെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെലങ്കാനയിൽ ആകെയുള്ള 17 സീറ്റ് കോൺഗ്രസ് മുന്നിടത്താണ് വിജയിച്ചത്. അന്ന് അധികാരത്തിൽ ഉണ്ടായിരുന്ന ബിആർസ് 9 സീറ്റുകൾ നേടിയപ്പോൾ കേന്ദ്ര ഭരണം കയ്യാളിയ ബീജെപി ഒരു സീറ്റും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഒരു സീറ്റും നേടി. ഇക്കുറി കോൺഗ്രസ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് അവർ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബിജെപി ഭയക്കുന്നു.
തമിഴ്നാട്ടിലെ 38 സീറ്റുകളിൽ കഴിഞ്ഞ തവണ ബിജെപിക്ക് നിലം തൊടാനായില്ല. 38ൽ 37 സീറ്റും യുപിഎയ്ക്കു ലഭിച്ചു. ഡിഎംകെ 23, കോൺഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 1, വിസികെ 1 ബിജെപി വിരുദ്ധ സഖ്യം നേടിയപ്പോൾ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ശേഷിക്കുന്ന ഒരു സീറ്റിലും വിജയിച്ചു. കഴിഞ്ഞവട്ട പൂജ്യമായ സംസ്ഥാനത്ത് ഇത്തവണ അക്കൗണ്ട് തുറക്കുന്നതിനൊടൊപ്പം വൻ മുന്നേറ്റവും നടത്താമെന്നാണ് ബിജെപി പ്രതീക്ഷ. അത് മുൻനിർത്തിയാണ് തുടർച്ചയായ പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദർശനവും.
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും തുടർച്ചയായി ലഭിക്കുന്ന വോട്ടു വർധനനവ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും തമ്മിൽ പരസ്പര്യം ഏറ്റുമുട്ടുന്നുണ്ടെങ്കിലും ആര്യ ജയിച്ചാലും അത് ദേശീയ തലത്തിൽ വിലയിരുത്തുന്നത് ബിജെപി വിരുദ്ധ ‘ഇൻഡ്യ’ മുന്നണിയുടെ അക്കൗണ്ടിലേക്കാണ്.
ചുരുക്കിപ്പറഞ്ഞാൽ നരേന്ദ്രമോദിയും ബിജെപിയും ഭയക്കുന്നത് ദക്ഷിണേന്ത്യയിൽ ഉണ്ടാകാൻ സാധ്യതയുള്ള തകർച്ചയേയാണ്. പതിപക്ഷ പാർട്ടികൾ ദക്ഷിണേന്ത്യയിൽ നിന്നും നൂറിന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തലുകൾ. വടക്കു കിഴക്കൻ മേഖല മണിപ്പൂർ കലാപത്തിൻ്റെയും പൗരത്വ നിയമത്തിൻ്റെയും പാശ്ചാത്തലത്തിൽ ബിജെപിക്ക് അനുകൂലമാകുമോ എന്ന് സംശയമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടാൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നിലനിർത്തുക ബിജെപിക്ക് തിരിച്ചടിയാവും. ഇതാണ് തുടർച്ചയായി മോദി ദക്ഷിണേന്ത്യയിലേക്ക് പറന്നിറങ്ങുന്നതിന് പിന്നിലുള്ള പ്രധാന ലക്ഷ്യം.