ലണ്ടൻ ∙ ബ്രിട്ടനിൽ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം ഏപ്രിൽ ഒന്നുമുതൽ വർധിക്കും. 5.5 ശതമാനം വർധനയാണ് ശമ്പളത്തിൽ വരുത്തുന്നത്. പാർലമെന്റ് പേ ആൻഡ് എക്സ്പെൻസ് വാച്ച്ഡോഗ് (ഇൻഡിപ്പെൻഡന്റ് പാർലമെന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി) ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
പുതിയ നിരക്കനുസരിച്ച് എംപിമാരുടെ വാർഷിക ശമ്പളം ഏപ്രിൽ മുതൽ 91,346 പൗണ്ടാകും. കഴിഞ്ഞവർഷം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും എംപിമാരുടെ ശമ്പളം 2.9 ശതമാനം വർധിപ്പിച്ചിരുന്നു. എംപിമാരിൽ ക്രോസ് പാർട്ടി സെലക്ട് കമ്മിറ്റികളിൽ അംഗങ്ങളാകുന്നവർക്ക് ശമ്പളത്തിനു പുറമെ 17,354 പൗണ്ട് അധികമായി ലഭിക്കും.
പ്രധാനമന്ത്രിക്ക് ശമ്പളത്തിന് പുറമെ 75,440 പൗണ്ടാണ് അധികമായി ലഭിക്കുന്നത്. ശമ്പളവും ഈ തുകയും ചേർത്താൽ ഋഷി സുനകിന് ഓരോ വർഷവും പ്രതിഫലമായി ലഭിക്കുന്നത് 166,786 പൗണ്ടാണ്. ക്യാബിനറ്റ് മന്ത്രിമാർക്ക് ശമ്പളത്തിനു പുറമെ 67,505 പൗണ്ടും സ്റ്റേറ്റ് മിനിസ്റ്റർമാർക്ക് 31,680 പൗണ്ടും ജൂനിയർ മന്ത്രിമാർക്ക് 22, 375 പൗണ്ടും അധികമായി ലഭിക്കും. 49,193 പൗണ്ടാണ് പ്രതിപക്ഷ നേതാവിന് ശമ്പളത്തിനു പുറമെ ലഭിക്കുന്ന തുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ