മഹാ ഭാരതത്തിലെ അജയ്യനായ ഭീഷ്മാചാര്യരെ ശരശയ്യയിലാക്കാന്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയാണ് അര്‍ജുനന്‍ പൊരുതിയത്. അതിന്റെ മറ്റൊരു വേര്‍ഷനാണ് കോണ്‍ഗ്രസെന്ന പാര്‍ട്ടിയെ തകര്‍ത്തെറിയാന്‍ ബി.ജെ.പി ആയുധമാക്കുന്നത്. മഹാഭാരതത്തില്‍ ശിഖണ്ഢിയാണെങ്കില്‍ ഇന്നത്തെ രാഷ്ട്രീയത്തില്‍ മക്കളെയും കോണ്‍ഗ്രസ് കുടുംബത്തിലെ രണ്ടാം നിരക്കാരെയുമാണ് നോട്ടമിട്ടത്. അങ്ങനെയൊരു വലിയ നിരയെ ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ നിതാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി.
അനില്‍ ആന്റണിയില്‍ തുടങ്ങി പത്മജ വഴി ഇനി ആരെന്ന ചോദ്യം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. സൂക്ഷിക്കുക ബി.ജെ.പിയുടെ നോട്ടം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ മക്കളിലേക്കാണ് നീങ്ങിയിരിക്കുന്നത്. കരുണാകര പുത്രി പത്മജയ്ക്കു പിന്നാലെ മുന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും പാളം വിട്ടിരിക്കുന്നു. സ്‌പോര്‍ട് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസും കൈവിട്ടു പോയിരിക്കുന്നു. ഇവരോടൊപ്പം പോയത് പുറമെ 18 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇനിയും ബി.ജെ.പിയിലേക്ക് വരുമെന്ന് ബി.ജെ.പി നേതൃത്വം പറയുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊരിക്കലും തള്ളിക്കളയാന്‍ കഴിയുകയില്ല.
ബി.ജെ.പിയിലേക്ക് പോകാന്‍ അവസരം കിട്ടിയാല്‍ പോകുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസ്സ് നേതൃത്വത്തിലുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഗതിനോക്കി നിലപാട് പ്രഖ്യാപിക്കാനാണ് അവരും കാത്തിരിക്കുന്നത്. ഉത്തരേന്ത്യയില്‍ വ്യാപകമായ രാഷ്ട്രീയ പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന് അടിത്തറ സൃഷ്ടിച്ച രണ്ട് മുന്‍ മുഖ്യമന്ത്രിമാരാണ്. കരുണാകരനും ആന്റണിയും ഇവരുടെ മക്കളിലൂടെയാണ് കേരളത്തിലെ ഓപ്പറേഷന്‍ താമരയ്ക്ക് ബി.ജെ പി തുടക്കമിട്ടത്.
ഇനി ആരെന്ന മുള്ളുവെച്ച ചോദ്യമുന്നയിക്കുന്നവര്‍ക്കു മുമ്പില്‍ തെളിയുന്ന ഒരു മുഖമാണ് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ബി.ജെ.പിയില്‍ എത്തുന്നതു വരെ, നിലപാട് ശക്തമായി പറയുന്നവരായി ഒളിച്ചിരിക്കുകയും, ബി.ജെ.പിയിലെത്തിയാല്‍ കോണ്‍ഗ്രസ് അവഗണിച്ചുവെന്നും ഒറ്റവാക്കില്‍ തീര്‍ക്കും എല്ലാബന്ധവും. കോണ്‍ഗ്രസ് നേതാക്കളില്‍ ആരുടെ പേരിലും അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയുള്ള കാലത്തെ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് നാട് കടന്നു പോകുന്നത്.
അച്ചു ഉമ്മന്‍ അനുകൂലമായി പ്രതികരിച്ചാല്‍ തീര്‍ച്ചയായും ബി.ജെ.പി അവര്‍ക്ക് വലിയ പരിഗണന നല്‍കും എന്നതു തന്നെയാണ് ബി.ജെ.പി അനുകൂലികള്‍ പറയുന്നത്. പാര്‍ട്ടി വിടുന്നവര്‍ അതീവ രഹസ്യമായാണ് ചര്‍ച്ചകള്‍ നടത്തുന്നത് എന്നതാണ് പ്രധാനകാര്യം. കോണ്‍ഗ്രസ്സുകാരായി ഇരിക്കുകയും, എന്നാല്‍, മാനസികമായി ബി.ജെ.പിയെ ഉള്‍ക്കൊള്ളുകയും ചെയ്തിരിക്കുന്നവരാണ് എല്ലാവരുമെന്ന് പറയാതെ വയ്യ. ആന്റണിയുടെയും കരുണാകരന്റെയും മക്കള്‍ക്കു പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ മകള്‍ കൂടി ബി.ജെ.പി പാളയത്തില്‍ എത്തിയാല്‍ അതിനേക്കാള്‍ വലിയ പ്രഹരം കോണ്‍ഗ്രസ്സിനു വേറെ ഉണ്ടാകില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമെന്നുറപ്പാണ്. 2026ല്‍ യു.ഡി.എഫിന് സംസ്ഥാന ഭരണം പിടിക്കാന്‍ കൂടി കഴിഞ്ഞില്ലങ്കില്‍ പിന്നെ യു.ഡി.എഫ് എന്ന സംവിധാനം തന്നെ ഇല്ലാതാകുമെന്ന വിലയിരുത്തലും ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്. ഇടതുപക്ഷത്തോട് നേരിട്ടേറ്റുമുട്ടുന്ന എതിരാളി എന്ന നിലയിലെ വളര്‍ച്ചയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അതിനുള്ള എളുപ്പ വഴിയാണ് കോണ്‍ഗ്രസ്സിനെ പിളര്‍ത്തി ബി.ജെ.പിയെ വളര്‍ത്തുകയെന്ന തന്ത്രം.
ഇടതുപാര്‍ട്ടികളില്‍ നിന്നും അണികളെ പൊളിച്ചെടുക്കാന്‍ അത്ര എളുപ്പമല്ലെന്ന് ബി.ജെ.പിക്ക് നന്നായറിയം. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം അങ്ങനെയാണ്. അതുകൊണ്ട് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പുറത്താക്കിയ നേതാവിനെ ബി.ജെ.പി പാളയത്തിലെത്തിച്ചാല്‍ പോലും അത് ഒരിക്കലും ബി.ജെ.പിക്ക് നേട്ടമാകില്ല. ബി.ജെ.പിയെപ്പോലെത്തന്നെ കേഡറിസത്തില്‍ അധിഷ്ടിതമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും. പട്ടാളച്ചിട്ടയില്‍ പാര്‍ട്ടി അണികളെ വളര്‍ത്തുന്ന ബി.ജെ.പി-ഇടതു പാര്‍ട്ടികള്‍ അതുകൊണ്ടു തന്നെ നോട്ടമിടുന്നത് കോണ്‍ഗ്രസ്സിലേക്കാണ്.
എപ്പോള്‍ വേണമെങ്കിലും വിളിച്ചാല്‍ പോരുന്ന കൂട്ടത്തിനെയണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് എന്നു പറയാനാകൂ. കെട്ടഴിഞ്ഞു പോയ കുറ്റിച്ചൂലിന്റെ അവസ്ഥയിലെന്നു തന്നെ പറഞ്ഞാലും തെറ്റില്ല. ഇതു മനസ്സിലാക്കിയാണ് കോണ്‍ഗ്രസ്സിന് ലഭിക്കുന്ന ഹൈന്ദവ വോട്ടുകള്‍ ഹൈജാക്ക് ചെയ്യാന്‍ ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. നേതാക്കളില്‍ കേന്ദ്രീകൃതമായ പാര്‍ട്ടി ആയതിനാല്‍ ഏത് കോണ്‍ഗ്രസ്സ് നേതാവിന്റെ മക്കളെ ലഭിച്ചാലും ബി.ജെ.പിക്ക് അത് നേട്ടം തന്നെയാണ്. തലമൂത്ത്, നരച്ചു കുരച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് വരുംകാലത്ത് അടിയാകാന്‍ പോകുന്നതും ഈ ചോര്‍ച്ചയാണ്.
Read more …..