ഇന്ത്യ വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിൻ്റെ പടിവാതിലിലാണ്. കേന്ദ്ര ഭരണപ്പാർട്ടിയായ ബിജെപിയും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസുമാണ് രാജ്യത്തിൻ്റെ അധികാരം സ്വന്തമാക്കാൻ നേർക്ക് നേർ പോരാടുന്നത്. സംസ്ഥാനത്തിലെ പ്രധാന ഭരണപ്പാർട്ടികളായ സിപിഎമ്മും സിപിഐയും കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പം സഖ്യം ചേർന്നാണ് ബിജെപിയെ നേരിടുന്നത്. എന്നാൽ കേരളത്തി ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിലുള്ള എൽഡിഎഫും കോൺഗ്രസും മുസ്ലിം ലീഗും നയിക്കുന്ന യുഡിഎഫുമായിട്ടാണ് നേർക്കുനേർ പോരാടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കൈകോർത്ത കമ്മ്യൂണിസ്റ്റ് പാർട്ടികക്ക് കേരളത്തിൽ കോൺഗ്രസിനെ കടന്നാക്രമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിലെ എൽഡിഎഫ് സർക്കാരിൻ്റെ എട്ടുവർഷത്തെ കുറ്റപത്രം നിരത്തിയും മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള അഴിമതി ആരോപണങ്ങൾ ഉയർത്തിയും തെരഞ്ഞെടുപ്പിൽ മേൽകൈ നേടാം എന്നായിരുന്നു കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും കണക്കുകൂട്ടൽ. തുടർച്ചയായി രണ്ട് തവണ കേന്ദ്ര-സംസ്ഥാന ഭരണത്തിൻ്റെ പുറത്ത് നിൽക്കുന്ന കോൺഗ്രസിനെതിരെ ശക്തമായ ഒരു ആരോപണവും ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സംസ്ഥാന ഭരണമുന്നണി. എൽഡിഎഫ് ആവനാഴിയിൽ ആകെയുള്ള ആയുധം കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റങ്ങൾ മാത്രമായിരുന്നു. യുഡിഎഫ് ആവട്ടെ കേന്ദ്ര ഭരണപ്പാർട്ടിയെ കടന്നാക്രമിക്കുന്നതിനേക്കാൾ ശക്തമായി ഇടത് സർക്കാറിനെ കടന്നാക്രമിച്ചായിരുന്നു പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചത്.
വീണാ വിജയനും കരിമണൽ കർത്തയും എക്സാലോജിക്കും സിഎംആർഎല്ലും ക്ഷേമ പെൻഷൻ മുടങ്ങലും സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയും സർക്കാരിൻ്റെ ധൂർത്തുമെല്ലാം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കളത്തിൽ മുന്നേറുമ്പോഴാണ് കേന്ദ്ര സർക്കാർ തങ്ങളുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ തങ്ങളുടെ തുറുപ്പുഗുലാൻ പ്രയോഗിച്ചത്. പൗരത്വ നിയമ ഭേദഗതി ചട്ടം നടപ്പാക്കാനുള്ള ആ തീരുമാനം അക്ഷരാർത്ഥത്തിൽ നേട്ടമുണ്ടാക്കിയത് സംസ്ഥാന ഭരണമുന്നണിക്കും അതിനെ നിയന്ത്രിക്കുന്ന സിപിഎമ്മിനുമാണ്.
തെരഞ്ഞെടുപ്പിൽ പ്രധാനമായും എന്ത് വിഷയം ഉയർത്തിക്കാട്ടണം എന്നറിയാതെ നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ നിന്നിരുന്ന ഒരു പിടി വളളിയായി ഇടതു മുന്നണിക്ക് കേന്ദ്ര സർക്കാർ തീരുമാനം മാറി. 2019 ഡിസംബര്‍ 9ന് 311 വോട്ടോടെ ലോക്‌സഭയിലും ഡിസംബര്‍ 11ന്, രാജ്യസഭയിലും പൗരത്വ നിയമഭേദഗതിബില്‍ പാസായിരുന്നു. രാജ്യസഭയിലെ 125 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 99 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഡിസംബര്‍ 12ന് അന്നത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചതോടെ ബിൽ നിയമമായി. എന്നാൽ നടപ്പാക്കാൻ 2024 വരെ കാത്തിരുന്നതിന് പിന്നിലും അതിന് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷം മുൻനിർത്തി തന്നെയാണ്. രാമക്ഷേത്രമടക്കം നിരവധി ആയുധങ്ങൾ കേന്ദ്ര ഭരണപ്പാർട്ടിയുടെ കൈവശമുണ്ടെങ്കിലും ഏറ്റവും ശക്തമായ ആയുധമായി അവർ കണക്കാക്കുന്നത് സിഎഎചട്ടം നടപ്പാക്കുന്ന തീരുമാനമാണ്.
അങ്ങനെ ബിജെപി തങ്ങളുടെ വജ്രായുധം പ്രയോഗിച്ചപ്പോൾ അത് ബാധിക്കുന്നത് പ്രധാന എതിരാളിയായ കോൺസിനെ തന്നെയാണ്. കേരളത്തിലും അങ്ങനെ തന്നെയാണ് സംഭവിക്കുക. എന്നാൽ നേട്ടമുണ്ടാക്കുന്നത് ബിജെപിയല്ല സിപിഎമ്മും എൽഡിഎഫും ആണെന്ന് മാത്രം. ബിജെപിയുടെ വജ്രായുധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കങ്ങൾ തൊട്ട് പിന്നാലെ ഇടതു സർക്കാരും തുടങ്ങിക്കഴിഞ്ഞു. നിയമം നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചവർത്തിച്ച് പറയുന്നത്. നിയമത്തിനെതിരെ കോടതിയിൽ പോകുമെന്നാണ് പ്രഖ്യാപനം.
രാജ്യം മുഴുൻ ബാധകമായ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നാണ് പ്രഖ്യാപനം. ഇത് വെറും പൊള്ളയായ അവകാശ വാദമാണ് എന്ന് അതുയർത്തുന്നവർക്ക് തന്നെയറിയാം. ഇന്ത്യയിലാണ് കേരളം, അല്ലാതെ കേരളത്തിലല്ല ഇന്ത്യ എന്ന തിരിച്ചറിവും അവർക്കുണ്ട്. ഇനി നിയമസഭയ്ക്ക് അതിനെതിരെ മറ്റൊരു നിയമം നടപ്പാക്കണമെങ്കിൽ അതിനും കഴിയില്ല. കേന്ദ്ര നിയമത്തിന് മുകളിൽ മറ്റൊരു നിയമം പാസാക്കാൻ ഭരണഘടന അനുവദിക്കുന്നില്ല എന്നത് തന്നെ കാരണം. തെരഞ്ഞെടുപ്പ് കാലമാണ്, ആകെ കിട്ടിയ പിടിവള്ളിയാണ് അതുകൊണ്ട് അതിനെ പരമാവധി ഉപയോഗിക്കാനാണ് സംസ്ഥാന ഭരണമുന്നണി ഉന്നം വയ്ക്കുന്നത്. ചുരുക്കി പറഞ്ഞാൽ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നേട്ടമുണ്ടാക്കാൻ പോകുന്നത് അതിൻ്റെ കാരണഭൂതൻമാർക്കല്ല കേരള ഭരണമുന്നണിക്കും സിപിഎമ്മിനുമാണ് എന്നതാണ് യാഥാർത്ഥ്യം. കേന്ദ്രത്തിലായാലും കേരളത്തിലായാലും നഷ്ടമുണ്ടാക്കാൻ പോകുന്നത് കോൺഗ്രസിനും.