ന്യൂഡൽഹി: 2023ൽ മോദി സർക്കാർ കൊണ്ടുവന്ന വിവാദ നിയമം ഉപയോഗിച്ച് രണ്ടു തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച സെലക്ട് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് മേധാവിത്വമുള്ള സെലക്ട് കമ്മിറ്റി, ഈ മാസം ഏഴിന് രാജിവെച്ച അരുൺ ഗോയലിന്റെയും കഴിഞ്ഞ മാസം വിരമിച്ച അനൂപ് ചന്ദ്ര പാണ്ഡെയുടെയും ഒഴിവുകൾ നികത്താൻ കേന്ദ്ര നിയമ മന്ത്രാലയം നടപടികൾക്ക് തുടക്കമിട്ട സാഹചര്യത്തിൽ മധ്യപ്രദേശ് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജയ ഠാകുറും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സുമാണ് (എ.ഡി.ആർ) സുപ്രീംകോടതിയിൽ എത്തിയത്. കമീഷണറായ അരുൺ ഗോയലിന്റെ രാജി സ്വീകരിച്ചത് 2023ലെ നിയമപ്രകാരമാണെന്ന് രാഷ്ട്രപതി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ വരാനിരിക്കുന്ന നിയമനവും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും.
എ.ഡി.ആർ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ ചൊവ്വാഴ്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടപ്പോൾ നടപടിക്രമം പാലിച്ച് ചീഫ് ജസ്റ്റിസിനെ സമീപിക്കാനായിരുന്നു നിർദേശം. ചീഫ് ജസ്റ്റിസ് ഭരണഘടന ബെഞ്ചിലായതിനാൽ ബുധനാഴ്ച രാവിലെ വീണ്ടും ഹരജി പരാമർശിച്ച പ്രശാന്ത് ഭൂഷണിനോട് വെള്ളിയാഴ്ച ഹരജികൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസിന്റെ സന്ദേശം ലഭിച്ചുവെച്ച് ജസ്റ്റിസ് ഖന്ന അറിയിച്ചു.
2023ലെ നിയമത്തിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ജനുവരി 12ന് നോട്ടീസ് അയച്ചിരുന്നു. ഇത് തീർപ്പാക്കാത്തതിനാൽ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് രണ്ടു കമീഷണർമാരെ നിയമിക്കേണ്ടത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ജയ ഠാകുർ ഹരജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനു പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടി അടങ്ങുന്ന മൂന്നംഗ സെലക്ട് കമ്മിറ്റി കമീഷണർ നിയമനം നടത്താനായിരുന്നു സുപ്രീംകോടതിയുടെ നേരത്തേയുള്ള വിധി.
വിവാദ നിയമത്തിലൂടെ അത് മറികടന്നാണ് ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ മൂന്നംഗ സമിതിയിൽ ഉൾപ്പെടുത്തിയത്.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- ‘ശമ്പളം’ വെറും സ്വപ്നം: ഡ്രൈവറുടെ ഫോണ്വിളി പുറത്ത്: യാചിക്കുന്ന KSRTC തൊഴിലാളിയോട് കരുണകാട്ടുമോ സര്ക്കാര് ? (എക്സ്ക്ലൂസീവ്)
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ