‘ശമ്പളം’ വെറും സ്വപ്നം: ഡ്രൈവറുടെ ഫോണ്‍വിളി പുറത്ത്: യാചിക്കുന്ന KSRTC തൊഴിലാളിയോട് കരുണകാട്ടുമോ സര്‍ക്കാര്‍ ? (എക്‌സ്‌ക്ലൂസീവ്)

ശമ്പളം ചോദിച്ചാല്‍, ചോദിക്കുന്നവന്‍ എന്തോ അപരാധം ചെയ്തവരെ പോലെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. ചോദിക്കാനും പറയാനും ആരുമില്ലാത്ത തൊഴിലാളികളുടെ സ്ഥിതി അതി ദയനീയമാണ്. ശമ്പളം വൈകിപ്പോയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാമൂഹികാവസ്ഥയെ കുറിച്ച് പ്രത്യേകിച്ച് പറഞ്ഞു മനസ്സിലാക്കേണ്ടതില്ല ആരെയും. ശമ്പളം ക്രെഡിറ്റായിട്ടും കുറച്ചു ദിവസം എടുക്കാനാവാതെ വട്ടം ചുറ്റിയ സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മ്മയില്ലേ. അപ്പോള്‍ ശമ്പളം കിട്ടുകയേ ഇല്ലെന്ന് പറയുമ്പോഴും ജോലി ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. അതാണ് ഇന്ന് ചീഫ് ഓഫീസിലേക്ക് വിളിച്ച ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഫോണ്‍വിളിയിലൂടെ പൂറത്തു വന്നിരിക്കുന്നത്. 

ആ ഫോണ്‍വിളിയില്‍ ഒരു മനുഷ്യന്റെ എല്ലാ വിഷമവും അടങ്ങിയിട്ടുണ്ടെന്നത് വ്യക്തമാണ്. ശമ്പളം കിട്ടിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ചീഫ് ഓഫീസിലെ ഫിനാന്‍സ് സെക്ഷനിലാണ് ആദ്യം വിളിച്ചത്.അവിടെ നിന്നും ലഭിച്ച മറുപടി ജി.ഒ. ആയിട്ടില്ല. ശമ്പളം ആയിട്ടില്ല എന്നായിരുന്നു മറുപടി. ശമ്പളം എന്നു വരുമെന്ന് പ്രതീക്ഷിക്കണം എന്ന ചോദ്യത്തിന് വന്നിട്ടില്ല, വന്നാല്‍ ഉടന്‍ കൊടുക്കുമെന്നു പറഞ്ഞു. ബജറ്റില്‍ ഒന്നു ചോദിച്ചു നോക്കൂ എന്നാണ് മറുപടി. കഴിഞ്ഞ മാസം കിട്ടിയ വരുമാനമൊക്കെ എവിടെ പോയെന്ന ചോദ്യമായിരുന്നു ഡ്രൈവര്‍ പിന്നീട് ചോദിച്ചത്. അത്, ബജറ്റ് സെക്ഷനില്‍ കണക്ട് ചെയ്യാമെന്നു മാത്രമായിരുന്നു എഫ്.എയില്‍ നിന്നും മറുപടി. 

തുടര്‍ന്ന് എക്സ്റ്റന്‍ഷന്‍ കണക്ട് ചെയ്യുന്നു. ബജറ്റ് വിഭാഗത്തില്‍ നിന്നും മറിച്ചൊരു മറുപടി ലഭിച്ചില്ലെന്നു മാത്രമല്ല. ബജറ്റില്‍ ഫണ്ടൊന്നും അനുവദിച്ചിട്ടില്ലെന്നും സി.എ പറയുന്നു. അവിടെയും ഡ്രൈവര്‍ ചോദിക്കുന്നുണ്ട്. ‘ങ്ങള്‍ പണിയെടുത്തു കൊണ്ടുവന്ന പണമെല്ലാം എങ്ങോട്ടു പോയി. കിട്ടിയ വരുമാനം എന്തു ചെയ്തു സാറെ’ എന്ന ചോദ്യത്തിന്, ‘അല്ല, അത് വേറെ ചോദിക്കണം, ശമ്പളത്തിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. ശമ്പളം ആയിട്ടില്ല. എപ്പോള്‍ ആകുമെന്ന് പറയാനുമാകില്ല എന്നാണ്’. അതോടെ ഫോണ്‍ കട്ടാവുകയും ചെയ്തു. 

പാലാ ഡിപ്പോയില്‍ നിന്നുള്ള ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ് ചീഫ് ഓഫീസിലേക്ക് തന്റെ ശമ്പളം എപ്പോള്‍ കിട്ടുമെന്ന് അന്വേഷിച്ച് വിളിച്ചത്. അപ്പോള്‍കിട്ടിയ ഈ മറുപടിയാണ് കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്. മനസ്സും മനസാക്ഷിയുള്ളവരും ഇത് കേട്ടാല്‍ തകര്‍ന്നു പോകും. ദിനം പ്രതി കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍മാര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന സത്യം വാ പൊളിച്ചു നില്‍ക്കുകയാണ്. അവിടെ ഒരു ആശ്വാസ വാക്കു പോലും ചീഫ് ഓഫീസില്‍ നിന്നോ മന്ത്രിയുടെ ഭാഗത്തു നിന്നോ, എം.ഡിയുടെ ഭാഗത്തു നിന്നോ ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. ശമ്പളം എന്നു കിട്ടുമെന്ന് പറയാന്‍ കഴിയാത്ത മാനേജ്‌മെന്റും, ചെയ്ത ജോലിയുടെ ശമ്പളം യാചിക്കുന്ന ജീവനക്കാരന്റെയും ഗതികേട് മറ്റൊരു സ്ഥാപനത്തിനും ഉണ്ടാവില്ല. 

മറ്റാരും ചര്‍ച്ച ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാരെങ്കിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ദുരിതം മനസ്സിലാക്കി ഇടപെടണം. ഇന്നു ഞാന്‍ നാളെ എന്ന അവസ്ഥയാണ് കേരളത്തില്‍. ഇതുവരെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളുടെ ശമ്പളമാണ് കൊടുക്കാതിരുന്നതെങ്കില്‍ അത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രശ്‌നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കേരളം സി.എ.എക്കെതിരേ നിയമ നിര്‍മ്മാണത്തിന് തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും, പൊതു മേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ ഓടുന്ന വ്യവസായ മന്ത്രി പി. രാജീവും, ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും കേരളീയവും, ആര്‍ഭാടവും നടത്താന്‍ പണം ചെലവിടുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലും, കെ.എസ്.ആര്‍.ടി.സി എന്ന നരകത്തെ സ്വര്‍ഗമാക്കാനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാറും സമയം കിട്ടുമ്പോള്‍ ഒരുമിച്ചിരുന്ന് ഈ ഡ്രൈവറുടെ ഫോണ്‍വിളി കേള്‍ക്കണം. 

ആരുവന്നാലും ഗതിപിടിക്കാത്ത കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്നത് അടിമകളല്ല. ശമ്പളം യാചിക്കേണ്ടി വന്ന ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഗതികേട് തിരിച്ചറിയാനുള്ള തൊഴിലാളി വര്‍ഗ മനസ്സ് സര്‍ക്കാരിനുണ്ടാകണം. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ അതീവ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് റംസാന്‍ മാസം ആയതുകൊണ്ട് മുസ്ലീങ്ങള്‍ക്ക് ഇടയിലും വളരെ സാമ്പത്തികപ്രശ്‌നങ്ങളാണ്. വളരെ കഷ്ടമാണ് ഓരോ ജീവനക്കാരുടെയും അവസ്ഥ. പതിനഞ്ചാം തീയതി എങ്കിലും ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍ ഇരിക്കുന്നത്. സര്‍ക്കാര്‍ അവരെ ചതിക്കരുത്.

Read more ….