പോലീസിനെന്താ കൊമ്പുണ്ടോ ? : നാരായണന്റെ ഓട്ടോ നശിപ്പിച്ച് ആക്രിവിലയ്ക്ക് വിറ്റു; എന്നിട്ടും നഷ്ടപരിഹാരമില്ല

നിയമം നടപ്പാക്കേണ്ടവര്‍ നിയമം തെറ്റിക്കുകയോ, ജനങ്ങള്‍ക്ക് നീതി നല്‍കാന്‍ തയ്യാറാകാതിരുന്നാലോ എന്തു ചെയ്യും. നീതിക്കു വേണ്ടി തേരാ പാരാ നടക്കുകയേ നിവൃത്തിയുള്ളൂ. അതാണ് കല്‍പ്പറ്റയിലെ ഒരു ഓട്ടോറിക്ഷാ തൊഴിലാളിയുടെ സാക്ഷ്യം വ്യക്തമാക്കുന്നത്. ഇന്‍ഷ്വറന്‍സ് ഇല്ലാതെ ഓടിയതിന് പോലീസ് ചെക്കിംഗില്‍ പിടികൂടി. ഇന്‍ഷ്വറന്‍സ് ഇല്ലാതെ ഓടിയത് കുറ്റകരമാണെന്ന് മേപ്പാടി മുക്കില്‍പീടിക സ്വദേശി എന്‍.ആര്‍.നാരായണനുമറിയാം. അതുകൊണ്ടു തന്നെ പോലീസ് ഓട്ടോറിക്ഷ പിടിച്ചു കൊണ്ടു പോയപ്പോള്‍ മറുത്തൊന്നും പറഞ്ഞില്ല. പക്ഷെ, ജീവിത മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ ഇറക്കാന്‍ ഇന്‍ഷ്വറന്‍സ് എടുക്കണം.

അതിനുള്ള പണം കണ്ടെത്താനുള്ള ഓട്ടമായിരുന്നു പിന്നീട്. ഇന്‍ഷ്വറന്‍സ് അവസാനിച്ചതു കൊണ്ട് പോളിസി പുതുക്കാനാവില്ലെന്നും പുതിയ ഇന്‍ഷ്വറന്‍സ് എടുക്കണമെന്നും ഇന്‍ഷ്വറന്‍സ് കമ്പനി പറഞ്ഞു. ഇതോടെ പുതിയ ഇന്‍ഷ്വറന്‍സ് പോളിസി എടുക്കാന്‍ ഓട്ടറിക്ഷ ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതര്‍ക്് കാണണമെന്നായി. അങ്ങനെ, തന്റെ ഓട്ടോറിക്ഷ ഇന്‍ഷ്വറന്‍സ് അധികൃതരെ കാണിക്കാന്‍ രണ്ടു മാസത്തിനു ശേഷം നാരായണന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയതാണ്. പക്ഷെ, തന്റെ ഓട്ടോറിക്ഷ കാണാനില്ല. എന്നാല്‍, തകര്‍ന്നു തരിപ്പണമായ മറ്റൊരു ഓട്ടോറിക്ഷ ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നത് നാരായണന്‍ കണ്ടു. അത് തന്റെ ഓട്ടോയാണെന്ന് തിരിച്ചറിഞ്ഞ നാരായണന്റെ വിഷമം കാണാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികക്കാര്‍ പോലുമുണ്ടായില്ല. 

തരിപ്പണമായ ഓട്ടേറിക്ഷയ്ക്ക് ഇന്‍ഷ്വറന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കമ്പനിക്കാര്‍ തിരികെ പോയി. പലീസുകാര്‍ നാരായണന്‍ ചേട്ടന്റെ ഓട്ടോയെ മണ്ണുമാന്തിയന്ത്രം വച്ച് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുകയായിരുന്നു. ഓട്ടോ വിട്ടുകിട്ടാന്‍ 1000 രൂപ പിഴയും അടപ്പിച്ച്, ഇന്‍ഷ്വറന്‍സ് അടച്ച രേഖയുമായി എത്തിയാല്‍ വിട്ടുതരാമെന്നു പറഞ്ഞാണ് 2017 ഡിസംബറില്‍ നാരായണന്റെ ഓട്ടോ പൊലീസ് കൊണ്ടുപോയത്. ഇന്‍ഷ്വറന്‍സ് തുക കണ്ടെത്താന്‍ കൊച്ചിയില്‍ സെക്യൂരിറ്റി ജോലി ചെയ്തു. ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള 8000 രൂപയുണ്ടാക്കി 2 മാസം കഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ടത് ഓട്ടോ മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുപൊളിച്ചിട്ടിരിക്കുന്നതാണ്. 

ഉന്തിക്കൊണ്ടു പോകാന്‍ പോലും പറ്റാത്ത ഓട്ടോയ്ക്ക് ഇന്‍ഷുറന്‍സ് പുതുക്കാന്‍ കമ്പനികള്‍ സമ്മതിച്ചില്ല. കുടുംബ സ്വത്തായി ലഭിച്ച കടമുറി വിറ്റു വാങ്ങിയ ഓട്ടോ ആയിരുന്നു അത്. സ്വന്തമായി ആകെയുണ്ടായിരുന്ന കടമുറിയായിരുന്നു വിറ്റത്. ഇപ്പോള്‍ ആ കാശിനു വാങ്ങിയ ഓട്ടോറിക്ഷയും പോലീസ് നശിപ്പിച്ചു. സ്റ്റേഷന്‍ വികസനത്തിനു സ്ഥലം തികയാത്തതിനാല്‍, പിടിച്ചെടുത്ത വണ്ടികള്‍ ഒതുക്കിയിടാന്‍ തീരുമാനമുണ്ടായെന്നും അതിനിടയിലാണ് ഓട്ടോ പൊളിച്ചതെന്നുമാണ് പോലീസുകാര്‍ നരായണ്‍ ചേട്ടനോട് പറഞ്ഞത്.  

പൊലീസിന്റെ ഈ നടപടിക്കെതിരേ കേസിനു പോകാനായിരുന്നു പോലീസുകാര്‍ തന്നെ നാരായണന്‍ ചേട്ടനെ ഉപദേശിച്ചത്. ഈ ഉപദേശം കേട്ടാല്‍ പോലീസുകാര്‍ നാരായണന്‍ ചേട്ടനെ കളിയാക്കിയതാണെന്ന് വ്യക്തം. കാരണം, ഓട്ടോ നശിപ്പിച്ച പോലിസ് സ്‌റ്റേഷനില്‍ തന്നെയാണ് നാരായണന് പരാതി കൊടുക്കേണ്ടതും, കേസെടുക്കേണ്ടതും. എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചാല്‍ മന്‌സിലാകും.  ഉപദേശിച്ച മഹാമനസ്‌കരായ പോലീസുകാരെ നോക്കി ചിരിക്കാനല്ലാതെ മറ്റൊന്നിനും കഴിയാതെ നാരായണന്‍ ചേട്ടന്‍ നിന്നു. വക്കീല്‍ ഫീസിനു പോലും പണമില്ലാത്തതിനാല്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആശ്രയം തേടി. 

എന്നാല്‍, പോലീസികാരുടെ പീഡനം അവിടെയും തീര്‍ന്നില്ല. 2022ല്‍ ഓട്ടോ ഇരുമ്പുവിലയ്ക്ക് ലേലം ചെയ്തു വില്‍ക്കാനും പോലീസുകാര്‍ തയ്യാറായെന്നതാണ് കഷ്ടം. തന്റെ ഓട്ടോറിക്ഷ നശിപ്പിച്ച്, ഇരുമ്പു വിലയ്ക്ക് വിറ്റതിനെതിരേ ആരോട് പരാതി പറയാന്‍. പരാതി പറയേണ്ടതും, ആ പരാതി പരിഹരിക്കേണ്ടവരുമാണ് പ്രധാനപ്രതികള്‍. പരാതി നല്‍കിയതിന്റേ പേരില്‍ ആയുസൊടുങഅങാതെ ചാകാന്‍ പേടിച്ച് നാരായണന്‍ ചേട്ടന്‍ അതിനു മുതിര്‍ന്നില്ല. പക്ഷെ, തന്റെ ഓട്ടോയ്ക്ക് നഷ്ടപരിഹാരം കിട്ടുമോയെന്ന് ചോദിക്കാനുള്ള അവകാശമുള്ളതിനാല്‍ നാരായണന്‍ കളക്ട്രേറ്റില്‍ പരാതി നല്‍കി. ഈ പരാതിയുടെ പിന്നാലെയുള്ള നെട്ടോട്ടത്തിലാണ് ഇപ്പള്‍ നാരായണ്‍ ചേട്ടന്‍. 

പരാതി എന്തായെന്ന് കലക്ടറേറ്റില്‍ ചോദിച്ചപ്പോള്‍, പരാതി ജില്ലാ പൊലീസ് മേധാവിക്ക് അയച്ചിട്ടുണ്ടെന്നും പൊലീസില്‍ അന്വേഷിക്കാനും മറുപടി കിട്ടി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയപ്പോള്‍ കലക്ടറേറ്റില്‍ അന്വേഷിക്കാന്‍ പറഞ്ഞയച്ചു. ചുട്ടുപൊള്ളുന്ന വെയിലത്ത് വെള്ളംപോലും കുടിക്കാന്‍ വകയില്ലാത്ത നാരായണന്‍ ചേട്ടന്റെ നടത്തം തുടരുകയാണ്. ഇപ്പോള്‍ 5 വര്‍ഷമായി ഓഫിസുകള്‍ കയറിയിറങ്ങി നടക്കുന്നു. സ്റ്റേഷനില്‍ സ്ഥലമില്ലെന്നു പറഞ്ഞ് മേപ്പാടി പൊലീസ് ലേലം ചെയ്തു വിറ്റുകളഞ്ഞത് ഈ പാവത്തിന്റെ ജീവിതമായിരുന്നുവെന്ന് ആരാണ് തിരിച്ചറിയുന്നത്. 

Read more ….