ന്യൂയോർക്ക് ∙ മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങളാണ് മാർച്ച് 15 മുതൽ 31 വരെയുള്ള രണ്ടാഴ്ചക്കാലം പത്ത് കഥകളി കലാവതരണത്തിലൂടെ ന്യൂയോർക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയേറ്റർ ഫോർ ദി ന്യൂ സിറ്റി (Theater For The New City, 155 First Avenue, New York, NY 10003) തിയേറ്ററിൽ അരങ്ങേറുവാൻ പോകുന്നത്. ലൈവ് പെർഫോമൻസ് ആർട്ട് ഗണത്തിൽപ്പെടുത്തി കഥകളി എന്ന കലാരൂപം ബൈബിളിൽ പ്രതിപാദിക്കുന്ന മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജാവ് ഫറവോന്റെ ജീവിതവുമായി കോർത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ പ്രകടനമാണ് ഡോ. കലാമണ്ഡലം ജോൺ കാഴ്ചവെക്കുന്നത്.
തിയേറ്റർ പ്രകടനങ്ങളുടെ കലാകാരനായ യഹൂദ വംശജൻ മിഷാ ഷൽമാൻ (Misha Shulman) എന്ന ആർട്ടിസ്റ്റാണ് പ്രസ്തുത കാലാവതരണത്തിന്റെ തിരക്കഥാകൃത്ത്. കഥകളി അവതരണത്തിൽ വേഷം കെട്ടി മുദ്രകൾ അവതരിപ്പിക്കുന്ന കലാകാരൻ പിന്നണിയിൽ പാടുന്ന ഗാന ശകലത്തിന് അനുശ്രുതമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന അതേ രൂപത്തിലാണ് മിഷാ ഷൽമാൻ ഇംഗ്ലീഷിൽ പിന്നണിയിൽ നിന്ന് കഥയുടെ സംഭാഷണം പറയുമ്പോൾ ജോൺ കഥകളി നൃത്തച്ചുവടുകൾ വയ്ക്കുന്നത്.
2008-ൽ കേരളത്തിലെ മൂഴിക്കുളം എന്ന കൊച്ചു ഗ്രാമം സന്ദർശിക്കുവാനിടയായ മിഷാ ഷൽമാൻ ഏകദേശം പതിനഞ്ചു ദിവസത്തോളം അവിടെ താമസിച്ച് സംസ്‌കൃത ഭാഷയിൽ ചിട്ടപ്പെടുത്തിയ പദ്യ ശലകങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട കൂടിയാട്ടവും കഥകളിയും കാണുവാനിടയായി. പ്രസ്തുത കലാരൂപങ്ങളും അവയുടെ അവതരണ ശൈലിയും മിഷായേ വളരെയധികം ആകർഷിച്ചു. സാധാരണ കഥകളി അവതരണത്തിൽ രാമായണത്തിലെയോ മഹാഭാരതത്തിലെയോ കഥകളെ ആസ്പദമാക്കിയാണ് പദ്യം ചിട്ടപ്പെടുത്തുന്നത്. കഥകളിയിൽ അവതരിപ്പിക്കപ്പെട്ട രാമായണത്തിലെ വില്ലൻ കഥാപാത്രമായ രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടുപോകുന്ന കഥ മനസ്സിലാക്കുവാൻ സാധിച്ച മിഷയ്ക്ക് രാവണൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവവുമായി ബൈബിളിലെ മോശയുടെ കാലത്തെ ഫറവോൻ ചക്രവർത്തിയുടെ സ്വഭാവത്തിന് സാമ്യം തോന്നി. അന്ന് മുതൽ ഫറവോൻ രാജാവിന്റെ കഥ കൂടിയാട്ടം കലാരൂപത്തിൽ സ്റ്റേജിൽ അവതരിപ്പിക്കണം എന്ന ആശയം മിഷായുടെ മനസ്സിൽ കടന്നുകൂടി. പിന്നീട് 2020 മാർച്ചിൽ ഈ കലാരൂപം ന്യൂയോർക്ക് തിയേറ്ററിൽ അവതരിപ്പിക്കുന്നതിനുള്ള എല്ലാ പദ്ധതിയും തയ്യാറായെങ്കിലും കോവിഡ് മഹാമാരി മൂലം ആ പദ്ധതി അന്ന് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഈ കലാരൂപം കൂടിയാട്ടം കലാകാരനെ കേരളത്തിൽ നിന്നും വരുത്തി സ്റ്റേജിൽ അവതരിപ്പിക്കുവാനുള്ള പദ്ധതി ആലോചിച്ചു. അതിനായി കേരളത്തിലെ കലാമണ്ഡലത്തിൽ നിന്നും ഒരു കലാകാരനെ ലഭിക്കുന്നതിനുള്ള ശ്രമം നടത്തിയപ്പോഴാണ് കഥകളി ആചാര്യനായ ഡോ. കലാമണ്ഡലം ജോൺ ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ ഉണ്ട് എന്ന് മനസിലാക്കുന്നതും ഡോ. ജോണുമായി ബന്ധപ്പെടുന്നതും.
തൃശൂർ ചെറുതുരുത്തിയിൽ കലാതരംഗിണി കഥകളി സ്കൂളിന്റെ ഡയറക്ടർ ആയ ഡോ. കലാമണ്ഡലം ജോൺ കഴിഞ്ഞ അര നൂറ്റാണ്ടായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലായി നിറഞ്ഞ സദസ്സിലെ അരങ്ങുകളിൽ കഥകളി അവതരിപ്പിക്കുന്ന അനുഗ്രഹീത കലാകാരനാണ്. ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കഥകളി നടനായി ആദ്യമായി വേഷം കെട്ടുന്ന കലാകാരനാണ് ഡോ. ജോൺ. കഴിഞ്ഞ മൂന്നു നാല് വർഷമായി ലോങ്ങ് ഐലൻഡിലെ ഹിക്‌സ്‌വില്ലിൽ (Hicksville) താമസക്കാരനായ ജോൺ കേരളത്തിലെ സ്കൂൾ – യൂണിവേഴ്സിറ്റി കലോത്സവങ്ങളുടെ കഥകളി മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാളാണ്. കുച്ചുപ്പുടി-മോഹിനിയാട്ടം കലാകാരിയായ മേരി ജോൺ അദ്ദേഹത്തിന്റെ സഹധർമ്മിണിയാണ്. ‘പച്ച കുത്ത്’ എന്നറിയപ്പെടുന്ന കഥകളി മേക്കപ്പ് നടത്തുന്ന ലോകത്തിലെ തന്നെ ഏക മലയാളി വനിതയാണ് മേരി ജോൺ. ഏകദേശം നാല് മണിക്കൂറോളം സമയമാണ് കഥകളി മേക്കപ്പ് ചെയ്യുന്നതിന് വേണ്ടിവരുന്നത്.
കഥകളി ഒരു ക്ഷേത്ര കലയാണെങ്കിലും ന്യൂയോർക്ക് തിയേറ്ററിൽ അരങ്ങേറുന്ന കലാരൂപം ബൈബിളിലെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് അരങ്ങേറുന്നത്. ഒരുപക്ഷെ ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പരീക്ഷണം ഈ കലയിൽ രൂപപ്പെടുത്തുന്നത്. ‘ഫറവോൻ’ എന്ന് പേര് നൽകിയിരിക്കുന്ന ഈ കലാരൂപം കഥകളി വേഷത്തിൽ ഏകാംഗ നടനമായി 75 മിനിറ്റ് തുടർച്ചയായി സ്റ്റേജിൽ ലൈവ് ആയി അവതരിപ്പിക്കുയാണ് ഡോ. ജോൺ. ഫറവോനെപ്പറ്റിയുള്ള കഥയാണെങ്കിലും ഏകദേശം 53 കഥാപാത്രങ്ങളുടെ ഭാവരൂപ അഭിനയ പ്രകടനമാണ് ജോൺ എന്ന ഒറ്റ കലാകാരൻ സ്റ്റേജിൽ അവതരിപ്പിക്കുന്നത്. ഫറവോൻ രാജാവ്, മോശ പ്രവാചകൻ, ഫറവോന്റെ മകൻ, ഭാര്യ, പിതാവ്, ഈജിപ്ഷ്യൻ വൈദികൻ തുടങ്ങി 53 കഥാപാത്രങ്ങളാണ് ജോൺ എന്ന ഏക കലാകാരന്റെ 75 മിനിറ്റിലെ ഭാവാഭിനയത്തിലൂടെ മാറിമറയുന്നത്.
തിരക്കഥാകൃത്തായ മിഷാ ഷൽമാനാണ് സ്റ്റേജിന് പിന്നിൽനിന്നും ഇംഗ്ലീഷിലുള്ള ഡയലോഗ് അവതരിപ്പിക്കുന്നത്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനായി ഗാലൻ പാസ്സെൻ (Galen Passen) സിത്താറും ട്രിപ്പ് ഡഡ്ലി (Tripp Dudley) ഡ്രംസും കൈകാര്യം ചെയ്യുന്നു. ജോണിന്റെ കഥകളി വേഷത്തിന്റെ മേക്കപ്പ് നടത്തുന്നത് സഹധർമ്മിണിയായ മേരി ജോൺ തന്നെയാണ്. ഒന്നേകാൽ മണിക്കൂർ നീളുന്ന കലാപ്രകടനത്തിനുള്ള മേക്കപ്പ് ചെയ്യുന്നതിനായി ഏകദേശം നാല് മണിക്കൂർ വീതമാണ് പ്രകടനം ചെയ്യുന്ന ഓരോ ദിവസവും ചിലവഴിക്കുന്നത്.
മാർച്ച് 15, 16, 17 (വെള്ളി, ശനി, ഞായർ), മാർച്ച് 21, 23, 24 (വ്യാഴം, ശനി, ഞായർ), മാർച്ച് 28, 29, 30, 31 (വ്യാഴം, വെള്ളി, ശനി, ഞായർ) എന്നീ പത്ത് ദിവസങ്ങളിലാണ് ‘ഫറവോൻ’ തിയേറ്റർ ഷോ അരങ്ങേറുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 8 മണിക്കും ഞായറാഴ്ചകളിൽ വൈകിട്ട് 3-നുമാണ് ഷോ നടക്കുന്നത്. മലയാളിയായ ഈ കലാകാരന് ന്യൂയോർക്ക് സിറ്റിയിലെ തിയേറ്ററിൽ ലഭിക്കുന്ന ഈ അംഗീകാരത്തിൽ നമുക്കേവർക്കും അഭിമാനിക്കാം. കഴിയുന്നിടത്തോളം കലാസ്നേഹികൾ പ്രസ്തുത പ്രകടനം കണ്ട് ആസ്വദിക്കണമെന്നും മലയാളിയുടെ പൈതൃക കലാരൂപത്തെ ന്യൂയോർക്ക് സിറ്റിയിൽ അവതരിപ്പിക്കുവാൻ ലഭിച്ച അവസരത്തെ പ്രോത്സാഹിപ്പിക്കണമെന്നും താല്പര്യപ്പെടുന്നു. ഷോയുടെ ടിക്കറ്റ് നിരക്ക് ഒരാൾക്ക് പതിനെട്ട് ഡോളറാണ് ($18). ചുരുങ്ങിയ സീറ്റിങ് കപ്പാസിറ്റിയുള്ള തിയേറ്ററിൽ ടിക്കറ്റ് മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. അതിനായി താഴെ കൊടുത്തിരിക്കുന്ന തിയേറ്ററിന്റെ വെബ്‌സൈറ്റിൽ സന്ദർശിക്കുക.
www.theaterforthenewcity.net
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ