പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരേ കോളിവുഡിലെ രണ്ടു പ്രമുഖ നടന്‍മാരണ് ഇപ്പോള്‍ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കമല്‍ ഹാസനും, തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ സ്ഥാപകനുമായ വിജയുമാണ് രംഗത്ത് എത്തിയിരിക്കുന്നത്. വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്നത്. കമല്‍ ഹാസന്‍ ഇതിനു മുമ്പും കേന്ദ്ര നിലപാടുകള്‍ക്കെതിരേ സംസാരിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടിയുമായി അടുപ്പമുള്ള കമല്‍ ഹാസന്റെ രാഷ്ട്രീയവും ഇടതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.
പൗരത്വനിയമ ഭേദഗതിയാണ് രാജ്യത്ത് ഈ സമയം ഏറ്റവുമധികം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിഷയം. ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നുവെന്ന വിജ്ഞാപനവും ഇറങ്ങിക്കഴിഞ്ഞു. ഇതിന് ശേഷം രാത്രിയില്‍ തന്നെ സിഎഎക്കെതിരായി രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധവും ആരംഭിച്ചു. ഇന്നും രാജ്യവ്യാപകമായി സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്. സമൂഹത്തിലെ വിവിധ മേഘലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെതിരേ പ്രതികരിക്കുന്നുണ്ട്. അപ്പോഴാണ് തമിഴ് സിമിനാ മേഘലയില്‍ നിന്നും രണ്ടുപേര്‍ ഉറച്ച നിലപാടുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ബിജെപിയുടെ ഹീനമായ പദ്ധതികളുടെ തെളിവാണ് സിഎഎയെന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചിരിക്കുന്നത്. മതത്തിന്റെയും ഭാഷയുടെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും കമല്‍ ഹാസന്‍ പറയുന്നു. സ്വന്തം പാര്‍ട്ടിയുടെ വക്താവെന്ന നിലയിലാണ് താരത്തിന്റെ പ്രതികരണം. കേരളത്തിലെ ഇടതുപക്ഷ ചായ്‌വുള്ള അഭിനേതാക്കള്‍ പോലും ഇത്രയും വ്യക്തമായി കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതികരിക്കാന്‍ തയ്യാറാകാത്തപ്പോഴാണ് തമിഴ് സിനിമാ മേഘലയിലെ ഈ പ്രതിഷേധം എന്നത് പ്രതിഷേധക്കാര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ജനപ്രിയ താരം വിജയും സിഎഎക്കെതിരായി തങ്ങളുടെ പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വിജയ് തന്റെ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിച്ചത്. ഇതിന് ശേഷം വരുന്ന ആദ്യ രാഷ്ട്രീയ പ്രതികരണവും സിഎഎയ്‌ക്കെതിരെ ആണ്.
അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് ബിജെപിക്ക് എതിരായി പ്രവര്‍ത്തിക്കാനാണ് കമല്‍ഹാസന്റെ ‘മക്കള്‍ നീതി മയ്യം’ തീരുമാനിച്ചിരിക്കുന്നത്. ഡിഎംകെയുടെ താരപ്രചാരകനായി എല്ലാ മണ്ഡലങ്ങളിലുമെത്തുമെന്നും കമല്‍ഹാസന്‍ അറിയിച്ചിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കമല്‍ഹാസന്‍ കാത്തിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് പ്രസ്താവിച്ചത് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നതെന്ന് വിജയ് പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപീകരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തില്‍ വിജയ് നടത്തുന്നത്. കേന്ദ്രര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരേയാണ് വിജയും കമല്‍ഹാസനും നീങ്ങുന്നതെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. 2019ല്‍ പ്രതിഷേധങ്ങള്‍ക്കു ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. ഇത് രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുമെന്ന് വാദിച്ചവരില്‍ പ്രാധാന സംസ്ഥാനമാണ് കേരളം. കേരളത്തോടൊപ്പം തമിഴ്‌നാടും ചേര്‍ന്നുനിന്നു. എന്നാല്‍, മലയാളി സിനിമാ മേഘലയില്‍ നിന്നും സി.എ.എയോടുള്ള അനുകൂല നടപടിയല്ലാതെ, പ്രതിഷേധിച്ചുള്ള ഒരു സ്വരം പോലും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ തമിഴ് സിനിമാ മേഘലയില്‍ നിന്നും ഉയരുന്ന രണ്ടു ശബ്ദങ്ങള്‍ വലിയ പ്രതീക്ഷ തന്നെയാണ്.
അതേസമയം, പൗരത്വനിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉയരുന്നത്. 2018ലെ സിഎഎ (പൗരത്വം നിയമ ഭേദഗതി) പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി പടര്‍ന്നുപിടിക്കുകയും കേന്ദ്ര സര്‍ക്കാരിന് വലിയ വെല്ലുവിളിയാവുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോഴും ഏറെ കരുതലോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്കെത്താമെന്നതിനാല്‍ വടക്കുകിഴക്കന്‍ ദില്ലി അടക്കം മൂന്ന് ജില്ലകളില്‍ പൊലീസ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലും നിരീക്ഷണം നടത്താന്‍ തീരുമാനമായിട്ടുണ്ട്. 2018ലും സിഎഎ പ്രതിഷേധത്തില്‍ സമൂഹ മാധ്യമങ്ങള്‍ നല്ലരീതിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങള്‍ വഴി നടത്തുമ്പോള്‍ അതിന്റെ പേരില്‍ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാരിപ്പോള്‍ എന്നാണ് ലഭ്യമാകുന്ന സൂചന. വിജ്ഞാപനം പുറത്തിറക്കിയതിനു പിന്നാലെ തന്നെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുമായി നേതാക്കളും രാഷ്ട്രീയസംഘടനകളും രംഗത്തെത്തി. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറയുകയാണ്. എന്നാല്‍, ഇതില്‍ ആത്മാര്‍ത്ഥതയുണ്ടയെന്ന് പ്രതിപക്ഷവും, പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ബി.ജെ.പിയും പറയുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് കമല്‍ഹാസന്റെയും വജയുടെയും തീരുമാനം. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിങ്ങനെ വിവിധ രാഷ്ട്രീയസംഘടനകളുടെ നേതാക്കളെല്ലാം സിഎഎക്കെതിരെ ഇതിനോടകം തന്നെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
Read more :
- മമത ഒരിക്കലെങ്കിലും തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് അധിർ രഞ്ജൻ ചൗധരി
- പൗരത്വ നിയമ ഭേദഗതിയനുസ്സരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്