സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനുള്ള പോംവഴി ആലോചിച്ച് നാളെ അറിയിക്കാനും കോടതി പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ ഇളവുനല്‍കുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു. ഇതിനു മറുപടിയെന്നോണം ഏപ്രില്‍ ഒന്നിന് 5000 കോടി നല്‍കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് സുപ്രീം കോടതിയുടെ ഇടപെടല്‍ വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. കേരളത്തിന് ഇപ്പോഴാണ് സാമ്പത്തിക സഹായം ലഭിക്കേണ്ടത്. അടുത്ത പത്തു ദിവസത്തിനുള്ളില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചു. കേരളത്തിന് എത്ര തുക നല്‍കാന്‍ കഴിയുമെന്ന് ആലോചിച്ച് കോടതിയെ നാളെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിനു വേണ്ടി വിഷയം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് കൂടുതല്‍ ധനസഹായം ലഭിച്ചേ മതിയാകൂ എന്നാണ് കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.
നേരത്തേ 13,600 കോടി രൂപ സഹായം നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതില്‍ 8000 കോടി രൂപ ഇതിനോടകം തന്നെ നല്‍കിയതായി കേന്ദ്രം അറിയിച്ചു. 4500 കോടി രൂപ ഊര്‍ജ്ജ മന്ത്രാലയം കൂടി നല്‍കേണ്ടതുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്. ഈ സാമ്പത്തിക വര്‍ഷം 32,432 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാനാവുക. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനു മുന്‍പു തന്നെ 34,230 കോടി രൂപ കടമെടുത്തു കഴിഞ്ഞു. ഊര്‍ജ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കുള്ള വായ്പ കൂടി പരിഗണിച്ചാല്‍ കേരളത്തിന്റെ വായ്പാപരിധി ഈ വര്‍ഷം 48,049 കോടി ആകും. കടമെടുപ്പു പരിധി പ്രകാരമുള്ള 11,731 കോടി രൂപയ്ക്കു പുറമേ, രണ്ടായിരത്തോളം കോടി രൂപ അടക്കം 13,608 കോടി രൂപ ഉടന്‍ നല്‍കാം.
ഇതിനായി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നാണ് കേന്ദ്രം കോടതിയെ ധരിപ്പിച്ചത്. എന്നാല്‍, കേരളം കടതിയില്‍ പറഞ്ഞത്, കടമെടുപ്പിനുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാണ്. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്ര ഇടപെടലുകള്‍ അവസാനിപ്പിക്കണം. ഈ ആവശ്യവുമായി കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഇത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. കേസ് പിന്‍വലിക്കാതെ അര്‍ഹമായ സഹായം പോലും നല്‍കില്ലെന്ന നിലപാടാണ് കേന്ദ്രം കൈക്കൊണ്ടത്. നിയമപ്രകാരം, കേരളത്തിനു 11,731 കോടി രൂപ വായ്പയെടുക്കാം.
ഇതു കടമെടുപ്പു പരിധിയില്‍ തന്നെ ഉള്‍പ്പെടുന്നു. നിലവിലെ ഹര്‍ജിക്ക് ഈ വായ്പാ തുകയുമായി ബന്ധമില്ല. 24,000 കോടി രൂപ വായ്പയെടുക്കാന്‍ അടിയന്തരമായി അനുവദിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജി ചൂണ്ടിക്കാട്ടി ഇതു നിഷേധിക്കുകയാണ്. അതേസമയം, കേരളത്തിന് ഇളവ് അനുവദിച്ചാല്‍ മറ്റുസംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കേരളം ചോദിച്ചത് ബെയില്‍ ഔട്ട് ആണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വാദിച്ചു. ബെയില്‍ ഔട്ട് നല്‍കുക സാധ്യമല്ലെന്നും ഏപ്രില്‍ ഒന്നിന് അയ്യായിരം കോടി നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി.പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി വിശാലമനസോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.
Read more ….
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്
- മോദി വീണ്ടും പ്രധാനമന്ത്രി ആവണമെന്നാണ് ആഗ്രഹം : നടൻ ശരത് കുമാർ
- തലശ്ശേരി – മാഹി ബൈപാസിന്റെ ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ താഴേക്ക് വീണു വിദ്യാർത്ഥി മരിച്ചു
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്