* എന്താണ് പൗരത്വ ഭേദഗതി നിയമം ?
രാജ്യത്ത് വ്യക്തമായ ധ്രുവീകരണം നടത്താന്‍ ഉതകുന്ന ഒരു അജണ്ടയുടെ ഭാഗമായാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, ജൈനര്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഇതില്‍ മുസ്ലിം വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയില്ല. അവസാന ഒരു വര്‍ഷമോ കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമോ ഇന്ത്യയില്‍ താമസിച്ചിരുന്ന കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.
നേരത്തെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള കാലയളവ് 11 വര്‍ഷമായിരുന്നു. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അസമിലെ കര്‍ബി ആംഗ്ലോങ്, മേഘാലയയിലെ ഗാരോ ഹില്‍സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി മേഖലകള്‍ എന്നിവയുള്‍പ്പെടെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെയാണ് നിയമത്തില്‍ നിന്നും ഒഴിവാക്കിയത്. നിയമപരമായ രേഖകളില്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ വന്നു താമസിക്കുന്നവരെ കുടിയേറ്റക്കാരായാണ് നിലവിലുണ്ടായിരുന്ന നിയമം പരിഗണിച്ചിരുന്നത്.
1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം, 1946ലെ വിദേശി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം നിയമപരമായ കുറ്റമാണ്. എന്നാല്‍ ഇത്തരത്തില്‍ 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തി താമസമാക്കിയിരിക്കുന്ന അനധികൃത കുടിയേറ്റക്കാരില്‍ മുസ്ലിം ഇതരവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം ഉറപ്പിക്കുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം.
* എന്‍.ആര്‍.സിയും – സി.എ.എയും
അസമില്‍ എന്‍ആര്‍സി നടപ്പാക്കിയതുമായി പുതിയ പൗരത്വ ഭേദഗതി നിയമത്തിന് ബന്ധമുണ്ട്. 2013ല്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിന് മുമ്പായിരുന്നു അസമില്‍ എന്‍ആര്‍സി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. 1985ല്‍ ഇന്ത്യാ ഗവണ്‍മെന്റും, അസം സ്റ്റേറ്റ് ഗവണ്‍മെന്റും അസം പ്രസ്ഥാനത്തിന്റെ പ്രതിനിധികളും തമ്മില്‍ ഒപ്പിട്ട അസം കരാറിന്റെ ഭാഗമായിരുന്നു അസമില്‍ എന്‍ആര്‍സി രജിസ്റ്റര്‍ തയ്യാറാക്കുമെന്ന തീരുമാനം. ഈ വിഷയത്തിലായിരുന്നു 2013ല്‍ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതും ഇതിനെ പിന്‍പറ്റി 2015ല്‍ അസമിലെ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതും.
നേരത്തെ എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ ശക്തമായ പ്രതിഷേധമായി മാറിയിരുന്നു. ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമാകുന്നതിന് ഒരുദിവസം മുമ്പ്, അതായത് 1971 മാര്‍ച്ച് 24ന് ഇന്ത്യയില്‍ എത്തിയതായി തെളിയിക്കാന്‍ കഴിയുന്ന ആളുകളുടെ പട്ടികയാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി). പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതിനെ പിന്തുണച്ച ബിജെപി അന്തിമ പട്ടിക വരുന്നതിന് മുമ്പായി അതില്‍ തെറ്റുണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അസമില്‍ ബിജെപിയുടെ വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം എന്‍ആര്‍സിയില്‍ നിന്നും പുറത്താകുമെന്നതായിരുന്നു ബിജെപിയുടെ എതിര്‍പ്പിന് പ്രധാന കാരണം.
എന്‍ആര്‍സി പ്രകാരം ഇവരില്‍ വലിയൊരു വിഭാഗം അനധികൃത കുടിയേറ്റക്കാരായി മാറുമായിരുന്നു. അസമില്‍ എന്‍ആര്‍സിയുടെ അന്തിമ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അപേക്ഷിച്ചവരില്‍ ഏതാണ്ട് 41 ലക്ഷം പേര്‍ പുറത്തായി. ഇതില്‍ 28 ലക്ഷം പേര്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരും 10 ലക്ഷത്തോളം മുസ്ലിങ്ങളുമായിരുന്നു..
* സി.എ.എയുടെ വിവേചനം
എന്‍ആര്‍സി രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ട അമുസ്ലിങ്ങളെ സംരക്ഷിക്കാനും നാടുകടത്തല്‍ അല്ലെങ്കില്‍ തടങ്കല്‍ ഭീഷണി മറികടക്കാനും സഹായിക്കുന്ന വിധത്തിലാണ് പൗരത്വ നിയമത്തിന്റെ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കപ്പെടുന്ന വിവേചനം പ്രസക്തമാകുന്നത് ഇവിടെയാണ്. ഇതിലൂടെ എന്‍ആര്‍സിയില്‍ ഉള്‍പ്പെടാതെ പോയ പതിനായിരക്കണക്കിന് ബംഗാളി ഹിന്ദു കുടിയേറ്റക്കാര്‍ക്ക് അസം സംസ്ഥാനത്ത് തുടരാന്‍ പൗരത്വം ലഭിക്കും.
എന്നാല്‍ നിലവിലെ നിയമപ്രകാരം സമാനമായ നിലയില്‍ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ മുസ്ലിം കുടിയേറ്റക്കാര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരുമല്ല. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്നാണ് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ പൗരത്വ ഭേദഗതി നിയമം പ്രബല്യത്തില്‍ വന്നിരിക്കുന്ന രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കുമ്പോള്‍ അത് ബാധിക്കുക മുസ്ലിം വിഭാഗത്തെയാണ്.
* പൗരത്വ അപേക്ഷ എങ്ങനെ ?
പൗരത്വ ഭേദഗതി നിയമം പ്രബല്യത്തില്‍ വന്നതോടെ ഇതിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് പൗരത്വ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനായി പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പ്രതിഷേധ സാഹചര്യംകൂടി കണക്കിലെടുത്താണ് പൗരത്വ നടപടികള്‍ ഓണ്‍ലൈനാക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ എംപവേഡ് സമിതികള്‍ രൂപീകരിക്കും. ജില്ലാതലത്തിലുള്ള സമിതികള്‍ മുഖേന ആണ് അപേക്ഷ നല്‍കേണ്ടത്.
അപേക്ഷകന്‍ നല്‍കുന്ന രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥന്‍ ഉണ്ടാകും. പൗരത്വം നല്‍കുന്നവര്‍ക്ക് ഡിജിറ്റല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇന്ത്യന്‍ വംശജര്‍, ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്തവര്‍, ഇന്ത്യന്‍ പൗരന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, അച്ഛനമ്മമാരില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആണെങ്കില്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനു അപേക്ഷിക്കാം. 39 പേജുള്ള ചട്ടങ്ങള്‍ ആണ് വിജ്ഞാപനം ചെയ്തത്. അപേക്ഷയുടെ മാതൃക, സത്യവാചകത്തിന്റെ മാതൃക എന്നിവയും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
* പൗരത്വ ഭേദഗതി നിയമം വന്നവഴി
ബിജെപി അധികാരത്തിലെത്തിയ 2014ലെ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ച പ്രടനപത്രികയിലെ പ്രധാനവാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. അധികാരത്തിലെത്തി രണ്ടാം വര്‍ഷം തന്നെ ബിജെപി പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2016 ജൂലൈ 19നായിരുന്നു ബില്‍ ആദ്യമായി ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് ഓഗസ്റ്റ് 12ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു കൈമാറി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ 2019 ജനുവരി ഏഴിനായിരുന്നു സംയുക്ത പാര്‍ലമെന്ററി റിപ്പോര്‍ട്ട് നല്‍കിയത്. 2019 ജനുവരി എട്ടിനു ബില്‍ ലോക്‌സഭ പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടു.
ഒന്നാം മോദി സര്‍ക്കാരിന് ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെ ഇത് കാലഹരണപ്പെട്ടു. 2019 മധ്യത്തോടെ അധികാരത്തിലെത്തിയ രണ്ടാം മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2019 ഡിസംബര്‍ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പൗരത്വ ഭേദഗതി ബില്‍ ഡിസംബര്‍ ഒന്‍പതാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ പാസാക്കിയ ബില്‍ പിന്നാലെ രാജ്യസഭയും പാസാക്കി. പിന്നീട് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് ബില്ലിനെതിരെ ഉയര്‍ന്നത്. ബിജെപി ഇതരപാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭകള്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കി. കേരളം സിഎഎക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തു.
സമാനമായി തന്നെയാണ് ഇപ്പോഴും കേരളം പ്രതികരിക്കുന്നത്. സി.എ.എക്കെതിരേ ശക്തമായ നിലപാടാണ് കേരളത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. നിയമപരമായ നീക്കങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്തു കഴിഞ്ഞു. ഇടതു-വലതു മുന്നണികള്‍ ഇതിനെതിരേ പ്രതിഷേധങ്ങളും ശക്തമാക്കിക്കഴിഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ പ്രതിഷേധ പ്രകടനം എജീസ് ഓഫീസിലേക്ക് നടന്നതും ഇതിനു തെളിവാണ്. ലോക്‌സഭാ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനാണ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയത്.
Read more ….
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്
- മോദി വീണ്ടും പ്രധാനമന്ത്രി ആവണമെന്നാണ് ആഗ്രഹം : നടൻ ശരത് കുമാർ
- തലശ്ശേരി – മാഹി ബൈപാസിന്റെ ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ താഴേക്ക് വീണു വിദ്യാർത്ഥി മരിച്ചു
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്