പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. അതിനായി പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമ പരിശോധന തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയമ ഭേദഗതിക്കെതിരെ യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും. അതേസമയം, നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹര്‍ജി നല്‍കും.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രണ്ടായിരത്തി പത്തൊമ്പതില്‍ പ്രതിഷേധങ്ങള്‍ക്ക് ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. ഭരണഘടന നിര്‍മ്മാതാക്കള്‍ അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാക്ക് നരേന്ദ്ര മോദി പാലിച്ചിരിക്കുന്നു എന്ന് അമിത് ഷാ അവകാശപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കാവും പൗരത്വം നല്‍കുന്നത്. അതേസമയം, പൗരത്വ ഭേദഗതിക്കെതിരെ നിയമപോരാട്ടത്തിന് ഡിവൈഎഫ്‌ഐയും തയ്യാറെടുക്കുകയാണ്. ഡിവൈഎഫ്‌ഐ വലിയ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം പറഞ്ഞു. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്നത് ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ്.
പൗരത്വത്തിനു മതം മാനദണ്ഡമാകുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം. അത് മതേതരത്വത്തെ തകര്‍ക്കും. വംശീയ റിപ്പബ്ലിക്കിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമമാണിത്. രാഷ്ട്രീയ യുദ്ധത്തിനൊപ്പം നിയമ പോരാട്ടത്തിലേക്ക് ഡിവൈഎഫ്‌ഐ കടക്കും. കേരളത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തിന് ആശ്വാസം നല്‍കുന്നതാണ്. സമരങ്ങള്‍ക്ക് ഊര്‍ജം പകരുന്ന വാക്കുകള്‍ ആണത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളുമോ. കോണ്‍ഗ്രസ് മൃദു വര്‍ഗീയ സമീപനം മാറ്റിവച്ചു ശക്തമായ നിലപാട് സ്വീകരിക്കണം.
ആര്‍ എസ് എസിന് എതിരായ പോരാട്ടത്തില്‍ നിര്‍ഭയമായി മുന്നോട്ട് വരണമെന്നും എ എ റഹീം പറഞ്ഞു. അതേസമയം, പൗരത്വഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. 102 വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയും 22 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. രാജ്ഭവനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച്ച രാത്രി കോഴിക്കോട് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തിരുന്നു. പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് രാവിലെയാണ് വിട്ടയച്ചത്. സംസ്ഥാനത്ത് ഇന്ന് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രതിഷേധ റാലികള്‍ നടക്കും. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാവിലെയാണ് എല്‍ഡിഎഫ് മാര്‍ച്ച്. യുഡിഎഫിന്റെ നേതൃത്വത്തില്‍ മണ്ഡലതല പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.
അതിനിടെ സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിനെതിരെ കേരളത്തിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. സിഎഎ നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ച് പറയുന്ന മുഖ്യമന്ത്രി പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ഇരട്ടത്താപ്പാണെന്നും രാഹുല്‍ പറഞ്ഞു. ഇതിനിടെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.
Read more ….
- അസീഫ ഭൂട്ടോ പാക്കിസ്ഥാൻ പ്രഥമവനിത
- സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; നടൻ വിജയ്
- മോദി വീണ്ടും പ്രധാനമന്ത്രി ആവണമെന്നാണ് ആഗ്രഹം : നടൻ ശരത് കുമാർ
- തലശ്ശേരി – മാഹി ബൈപാസിന്റെ ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ താഴേക്ക് വീണു വിദ്യാർത്ഥി മരിച്ചു
- കേരള സർവകലാശാല കലോത്സവം നിർത്തിവച്ചതിന് പിന്നാലെ അഴിമതി ആരോപണവും : ശബ്ദരേഖളും സ്ക്രീൻ ഷോട്ടുകളും പുറത്ത്