ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നതോടെ ഉത്തരേന്ത്യയില്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി അതു മാറുമെന്ന് വ്യക്തമായി. ഹിന്ദുത്വ അജന്‍ഡയില്‍ ഊന്നിക്കൊണ്ടുള്ള ഒന്നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുമ്പു ഇങ്ങനെ ഒരു പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയിരിക്കുന്നത്. ഇതു സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. സംഘര്‍ഷം ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ആവശ്യമാണ്. അതു ഹിന്ദു എകീകരണം ഉണ്ടാക്കുമെന്ന് അവര്‍ക്കറിയാം.
പൗരത്വനിയമ ഭേദഗതി ചില വിദേശ രാജ്യങ്ങളിലെ, പ്രത്യേകിച്ച് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷവിഭാഗമായ ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നത് എന്ന മറവില്‍ കൊണ്ടുവന്നിട്ടുള്ള ഈ നിയമ ഭേദഗതി ഇന്ത്യയില്‍ ഈ രാജ്യങ്ങളില്‍ നിന്ന് നേരത്തെ കുടിയേറിയ മുസ്ലിം ന്യൂനപക്ഷങ്ങളെ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അസം ഉള്‍പ്പെടെയുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ബംഗാള്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷങ്ങളെ പുറത്താക്കുക എന്നതാണ് നിയമം യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്.മറ്റു രാജ്യങ്ങളിലെ ഹിന്ദുക്കളെ മാത്രമല്ല, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കും പൗരത്വം നല്‍കുന്നതാണ് ഭേദഗതി നിയമം.
ബംഗാളില്‍ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും നേരത്തേ തന്നെ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും നിയമത്തെ ശക്തമായി എതിര്‍ക്കുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ബി.ജെ.പിക്ക് ആവശ്യമാണുതാനും.
നിയമം പ്രാബല്യത്തില്‍ വന്നിട്ട് അതെങ്ങനെ എന്ന് നോക്കി പ്രതികരിക്കുമെന്നും മമത പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കൊണ്ടുവരുന്ന നിയമമാണെന്ന് മമത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2019 ഡിസംബറിലാണ് പാര്‍ലമെന്റ് ഭേദഗതി നിയമം പാസ്സാക്കിയതെങ്കിലും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളം പരണത്ത് വച്ചിരിക്കുകയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. എന്നാല്‍, രാമക്ഷേത്രം നിര്‍മ്മിച്ച് തുറന്നുകൊടുത്തതോടെ മറ്റ ഹിന്ദുത്വ വിഷയങ്ങള്‍ തീര്‍ന്ന സാഹചര്യത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ പറ്റിയ വിഷയമെന്ന നിലയിലാണ് ഇപ്പോള്‍ അതു നടപ്പാക്കാന്‍ ചട്ടമിറങ്ങിയിരിക്കുന്നത്.
ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും അതിന്റെ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അതുകഴിഞ്ഞാലേ ആര്‍ക്കൊക്കെ എവിടെയൊക്കെ കൊള്ളും എന്നറിയാന്‍ പറ്റൂ. എന്തായാലും വലിയ എതിര്‍പ്പ് ഉണ്ടാകുമെന്ന് അതു സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും ഉറപ്പാണ്.