രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാംഗമായ കെസി വേണുഗോപാൽ ആലപ്പുഴയിൽ മത്സരത്തിനിറങ്ങുന്നത് പാർട്ടിയുടെ രാജ്യസഭയിലെ അംഗബലം കുറയ്ക്കുമെന്ന പ്രചരണങ്ങളെ നേരിടുന്നത് ധനമന്ത്രി നിർമ്മല സീതാരാമൻ്റെ പേര് ഉയർത്തിക്കാട്ടിയാണ്. ആലപ്പുഴയിൽ കെസി വിജയിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. അങ്ങനെ സംഭവിച്ചാൽ പാർലമെൻ്റിൽ കോൺഗ്രസിൻ്റെ ഒരു പ്രതിനിധ്യം കുറയും. എന്നാൽ സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനാണ് ഇങ്ങനെ ഒരു നീക്കം. ഈ തീരുമാനത്തെ ന്യായീകരിക്കാൻ പാർട്ടി ഉയർത്തിക്കാട്ടുന്നത് ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ പേരാണ്.
നിലവിൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് ധനമന്ത്രിയായ നിർമ്മല്ല. അവർ മത്സരത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കിയത് മുതിർന്ന ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയാണ്. കർണാടകയിലെ ബിജെപി സിറ്റിംഗ് സീറ്റിൽ നിന്നും നിർമ്മല ജനവിധി തേടുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ നിർമ്മല അവിടെ ജയിക്കുകയും രാജ്യസഭാ സീറ്റ് ഒഴിവ് വരുകയും ചെയ്യും. നിലവിൽ അധികാരത്തിലുള്ള സീറ്റ് കോൺഗ്രസിന് വിജയിക്കാനാവും.
മറിച്ച് സീറ്റിൽ നിർമ്മല തോറ്റാൽ ഇന്ത്യയുടെ ധനമന്ത്രി തോറ്റു എന്നത് ചൂടണ്ടിക്കാട്ടി അധികാരം ലഭിച്ചില്ലെങ്കിലും രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസിന് കഴിയും എന്നാണ് വിലയിരുത്തലുകൾ. എന്നാൽ നിർമ്മലയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിർമ്മല ലോക്സഭയിലേക്ക് നേരിട്ട് കളത്തിൽ ഇറങ്ങാതെ രാജ്യസഭയെ ആശ്രയിച്ചാൽ തിരിച്ചടിയാകുന്നത് കോൺഗ്രസിനാണ്.
വേണുഗോപാലിൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പായി കഴിഞ്ഞു. നിർമ്മല മത്സരിക്കും എന്ന ഒരു ബിജെപി നേതാവിൻ്റെ മാത്രം അഭിപ്രായം ചുവട് പിടിച്ചാണ് കോൺഗ്രസിൻ്റെ പ്രതിരോധം. തൻ്റെ വഴി സ്ഥാനാർത്ഥിത്വം വഴി രാജ്യസഭയിൽ ഉണ്ടാകാൻ പോകുന്ന നഷ്ടം നികത്താൻ കഴിയുമെന്നാണ് ഇന്ന് വേണുഗോപാൽ തൻ്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ചിരിക്കുന്നത്. വയനാട് എംഎൽഎ ടി. സിദ്ധിഖ് ഇത് ചൂണ്ടിക്കാട്ടി എഫ് ബി പോസ്ട്ടിരുന്നു. ഈ രണ്ട് അവകാശവാദങ്ങൾക്കും അടിസ്ഥാനം ഒരു ബിജെപി നേതാവിൻ്റെ പരാമർശം മാത്രമാണ് എന്നതാണ് ശ്രദ്ധേയം.
എന്നാൽ ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കുന്നതിനോട് കോൺഗ്രസ് ഹൈക്കമാൻഡിന് താല്പര്യമില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയായ കെസിക്ക് 2026 ജൂണ്‍ 21 വരെ കാലാവധിയുണ്ട്. എന്നാൽ 2023 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അടിതെറ്റിയ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് ഒരാളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. നിലവിൽ രാജ്യസഭയിലെ കോൺഗ്രസിന്റെ അംഗബലം കുറയ്ക്കാൻ മാത്രമേ ഇത് സഹായിക്കൂ. നിലവിൽ രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ വെറും മൂന്ന് സീറ്റുകളുടെ കുറവ് മാത്രമാണ് എൻഡിഎ മുന്നണിയ്ക്കുള്ളത്. നിലവിൽ ബിജെപിക്ക് രാജ്യസഭയിൽ 97 അംഗങ്ങളും എൻഡിഎ മുന്നണിക്ക് ആകെ 118 അംഗങ്ങളുമാണുള്ളത്.
245 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 123 സീറ്റാണ് ആവശ്യമായിട്ടുള്ളത്. നിലവിൽ അഞ്ച് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ നാലെണ്ണം പ്രസിഡന്റ് ഭരണം നിലനിൽക്കുന്ന ജമ്മു കശ്മീരിലാണ്. ഒന്ന് പ്രസിഡന്റ് നാമനിർദേശം ചെയ്യുന്ന വിഭാഗത്തിലുമാണ്. ഈ സാഹചര്യത്തിൽ 240 അംഗ സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 121 സീറ്റുകൾ മാത്രം മതി.