തിരുവനന്തപുരം: തലസ്ഥാനത്ത് ആത്മീയ വിനോദസഞ്ചാരത്തിന് അനന്തസാധ്യകളാണുള്ളതെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ലോക പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുതല്‍ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളാണ് കേരളത്തിന്റെ തലസ്ഥാനത്തുള്ളത്. ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ തലസ്ഥാനത്ത് വന്നുപോകുന്നു. എന്നാല്‍ ഒന്നോ രണ്ടോ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മടങ്ങാറാണുള്ളത്.
ക്ഷേത്രങ്ങളെയെല്ലാം കൂട്ടിയിണക്കി ഒരു തീര്‍ത്ഥാടന സര്‍ക്യൂട്ട് രൂപീകരിച്ചാല്‍ ആത്മീയ വിനോദ സഞ്ചാരം നടപ്പിലാക്കാന്‍ സാധിക്കും. ക്രമേണ തലസ്ഥാനത്തെ ഗ്രാമങ്ങള്‍ അയോദ്ധ്യ പോലെ ലോക തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഇടം പിടിക്കുമെന്നും ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഒരു വികസനവും ഇല്ലാതെ കിടിക്കുന്ന നഗരമാണ് തിരുവനന്തപുരം. മറ്റ് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങള്‍ക്ക് ഉണ്ടായ വികസനം പോലെ തിരുവനന്തപുരത്തിനും ഉണ്ടാകണം. നിരവധി നിക്ഷേപങ്ങള്‍, ഐടി പാര്‍ക്കുകള്‍, കമ്പനികള്‍ തുടങ്ങിവ സ്ഥാപിച്ച് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മഹാശിവരാത്രി ദിനമായ ഇന്നലെ കേന്ദ്രമന്ത്രി ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മഠാധിപതികളുമായും ക്ഷേത്ര ഭാരവാഹികളുമായി ആശയങ്ങള്‍ പങ്കുവച്ചു. തിരുവനന്തപുരം ആല്‍ത്തറ ക്ഷേത്രത്തിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് അരുവിപ്പുറം ക്ഷേത്രത്തില്‍ എത്തിയ കേന്ദ്രമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തിയ മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുമായി സംസാരിച്ചു. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ലോകപ്രസിദ്ധമായ മഹാ ശിവലിംഗത്തെക്കുറിച്ചും നിര്‍മാണത്തിലിരിക്കുന്ന ദേവലോകത്തെക്കുറിച്ചും ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദസ്വാമികള്‍ വിവരിച്ചു. വിവിധ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം രാത്രിയോടെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ മഹാശിവരാത്രി പൂജകളില്‍ പങ്കുചേര്‍ന്നു.
















