ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്വാമിമാരുടെ ഒരു പ്രതീകം മാത്രമാണ് സന്തോഷ് മാധവന്‍ എന്ന ആ സ്വാമി. 63 വയസ്സിലാണ് സന്തോഷ് മാധവന്റെ മരണം. 1960 ജൂണ്‍ 7നാണ് ജനനം. 2024 മാര്‍ച്ച് 6ന് മരിച്ചു. തട്ടിപ്പിന്റെയും ലൈംഗീകാസക്തിയാല്‍ വിശ്വാസത്തെ വ്യഭിചാരമാക്കിയതിന്റെയും ഒരു യുഗമാണ് സന്തോഷ് മാധവന്റെ മരണത്തോടെ അവസാനം കുറിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും, കൊച്ചു പെണ്‍കുട്ടികള്‍ക്കും കണ്‍കണ്ട ആള്‍ദൈവമായിരുന്നു ഒരു കാലത്ത് സന്തോഷ് മാധവന്‍. സ്ത്രീകളെയും, പെണ്‍കുട്ടികളെയും കടുത്ത വിശ്വാസികളാക്കുകയാണ് ആദ്യം ചെയ്യുക. കൈ ക്രിയകളും പൊടിക്കൈകളും നടത്തിയുള്ള വിശ്വസിപ്പിക്കലിനൊടുവില്‍ വിശ്വാസികളായ സ്ത്രീകളും പെണ്‍കുട്ടികളും സ്വാമിയുടെ അടിമയായി മാറും.
പിന്നെ, തുണിയുടുത്തും ഉടുക്കാതെയുമുള്ള പൂജകളാണ് ആശ്രമത്തിന്റെ അരണ്ടവെളിച്ചം മാത്രം കടക്കുന്ന മുറികളില്‍ നടന്നിരുന്നത്. ഒറ്റയ്ക്കും കൂട്ടമായും സ്വാമിയുടെ അനുംഗ്രഹം വാങ്ങാനെത്തിയവരുടെ കാമകേളികള്‍ ആശ്രമത്തില്‍ ലൈവ് വീഡിയോ ഷൂട്ടും നടന്നിരുന്നു. ഈ വീഡിയോകളെല്ലാം സി.ഡികളുമായി പരിണമിച്ചിരുന്നു. ഒരിക്കല്‍ അനുംഗ്രഹം ലഭിച്ചവരെല്ലാം വീണ്ടും വീണ്ടും സ്വാമിയുടെ കടാക്ഷത്തിനു വേണ്ടി വരിയും വിരിയും വെച്ചു. അങ്ങനെ സന്തോഷ് മാധവന്‍ എന്ന സന്യാസിയും അയാളുടെ ദിവ്യത്വവും സ്ത്രീകള്‍ തന്നെ, പ്രത്യേകിച്ച് സിനിമാ സീരിയല്‍ മേഖലയിലെ സ്ത്രീജനങ്ങള്‍ തന്നെ പ്രചാരകരായി പ്രചരിപ്പിച്ചു. അങ്ങനെ സന്തോഷ് മാധവനെ കാണാനെത്തുന്ന ആവലാതിക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതോടൊപ്പം സ്വാമിയെ അസൂയയോടെ കാണുന്നവരുടെ എണ്ണവും.
* പ്രമുഖ നടിയുമായുള്ള ലൈംഗിക ബന്ധം
മലയാളത്തിലെ ഒരു മുന്‍ നായികയുമായി താന്‍ നിരവധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി സന്തോഷ് മാധവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. നായികയുടെ ബന്ധുവും സന്തോഷുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രമുഖനടിയാണ് നായികാനടിയെ സന്തോഷിന് പരിചയപ്പെടുത്തിയത്. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ ശത്രുസംഹാര പൂജയ്ക്കും മറ്റുമായി ഇരുവരും പതിവായെത്തുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗികബന്ധം ഇഷ്ടപ്പെട്ടിരുന്ന സന്തോഷ് മാധവന്‍ മുന്‍ നായികയുമായി നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
സിനിമയില്‍ സജീവമാകുന്നതിനു മുമ്പാണ് ഈ നടി സന്തോഷ് മാധവനുമായി അടുക്കുന്നത്. ആദ്യ പടം ഹിറ്റാകുമെന്ന സന്തോഷിന്റെ പ്രവചനം ശരിയായതോടെ നായിക ഇയാളെ അന്ധമായി വിശ്വസിക്കുകയായിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നടി, തങ്ങള്‍ ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ഇത് നിരസിച്ച സന്തോഷ് അവസാനം ബന്ധുവായ നടിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇവരുടെ മുമ്പില്‍വച്ച് ഡിജിറ്റല്‍ വീഡിയോ ടേപ്പ് നശിപ്പിക്കുകയായിരുന്നു. വിവാഹശേഷം ആ നടി സിനിമാഭിനയം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവാഹശേഷം നടിയുടെ വിവാഹജീവിതം ദുരിതപൂര്‍ണമാകുകയാണ് ചെയ്തത്.
* പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഹരം
ആത്മീയ വ്യാപാരത്തിലൂടെ അനേകം ആളുകളെ വലയില്‍ വീഴ്ത്തിയായിരുന്നു അമൃതചൈതന്യ എന്ന പേരില്‍ സന്തോഷ് മാധവന്‍ വളര്‍ന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതായിരുന്നു പ്രധാന വിനോദം. ഇടപ്പള്ളിക്കടുത്ത് പെണ്‍കുട്ടികള്‍ക്കായി അനാഥാശ്രമം നടത്തിയിരുന്ന സന്തോഷ് മാധവന്‍ അവിടുത്തെ അന്തേവാസികളായിരുന്ന പന്ത്രണ്ടോളം പെണ്‍കുട്ടികളെ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. സന്തോഷ് മാധവന്റെ ആശ്രമത്തിലും പെണ്‍കുട്ടികളെ എത്തിച്ച് പീഡനം നടത്തിയിരുന്നു. കുട്ടികളുടെ കരച്ചിലും, സന്തോഷ് മാധവന്‍ ആസ്വദിച്ചിരുന്നുവെന്നാണ് അന്ന് ചോദ്യം ചെയ്ത പോലീസ് സംഘത്തിലുള്ളവര്‍ പറഞ്ഞിരുന്നത്.
പാവാ പ്രായമുള്ള കുട്ടികളുമായി കൊഞ്ചാനും കുഴയാനും പ്രത്യേക ഇഷ്ടവും കാട്ടിയിരുന്നു. സന്തോഷ് മാധവനുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു പോലീസിലെ ചിലര്‍ക്കും സമൂഹത്തില്‍ വലിയ നിലയില്‍ കഴിഞ്ഞിരുന്നവര്‍ക്കും പെണ്‍കുട്ടികളെ ലൈംഗീക സുഖത്തിനായി നല്‍കിയിരുന്നു. ഇവരുടെ വീഡിയോകളും സന്തോഷ് എടുത്തിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വീടുകളിലെ പെണ്‍കുട്ടികളെ കണ്ടെത്തി ആശ്രമത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് പ്രത്യേക സംഘങ്ങളുമുണ്ടായിരുന്നു. സന്തോഷ്, പൂജാരിയായിരുന്ന ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന പെണ്‍കുട്ടികളെയും ഇയാള്‍ വളച്ചെടുത്തിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനികളും സന്തോഷിന്റെ വീക്ക്‌നെസ് ആയിരുന്നു.
ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ ഫോട്ടോയും വീഡിയോകളും പകര്‍ത്തി സൂക്ഷിച്ചിരുന്നതും ഒരു ബിസിനസ്സായി വളര്‍ത്തിയെടുത്ത ആളാണ് സന്തോഷ് മാധവന്‍. വിശ്വാസിയുടെ ലൈംഗീകാസക്തിയെ ചിത്രീകരിച്ച് വിദേശങ്ങളിലും സ്വദേശത്തും വില്‍പ്പന നടത്താനും, കീഴ്‌പ്പെട്ട വിശ്വാസിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുമൊക്കെ ഉപയോഗിച്ചിരുന്നു. ഇയാളുടെ ആശ്രമം റെയ്ഡ് ചെയ്ത പോലീസിന് അവിടെനിന്നും അനേകം നീലച്ചിത്രങ്ങളുടെ സിഡി, മയക്കുമരുന്ന്, പുലിത്തോല്‍ എന്നിവയും ലഭിച്ചു. നീലച്ചിത്രങ്ങളിലെ നായികമാര്‍ മാറിമാറി അഭിനയിച്ചെങ്കിലും പ്രധാന നടന്‍ ഒരേയൊരു സന്തോഷ് മാധവനായിരുന്നു.
* ഒടുവില്‍ സന്തോഷ് മാധവന്‍ കുടുങ്ങുന്നു
സന്തോഷ് മാധവന്‍ നിയമത്തിന്റെ മുന്നില്‍ പിടിക്കപ്പെട്ടത് കണക്കു കൂട്ടലുകളില്‍ വന്ന എന്തോ ഒരു പാളിച്ചയാണ്. ഇത്രയേറെ വിദ്യാസമ്പന്നരായ ഒരു ജനതയുടെ ഭാഗമായ കുറെ ഏറെ പേരെ വിഡ്ഡിയാക്കുക എന്നത് ചില്ലറ കാര്യമല്ല. 2008ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാള്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൂടുതല്‍ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറത്തറിയുന്നത്. ഈ ആരോപണങ്ങളില്‍ കേരളം ഞെട്ടി.
സന്തോഷ് മാധവന്‍ ഹോട്ടല്‍ ബിസിനസ് നടത്താനെന്ന പേരില്‍ തന്റെ കൈയ്യില്‍ നിന്ന് കാശ് തട്ടിയെടുത്തെന്ന് പ്രവാസി വനിതാ വ്യവസായിയായ സെറാഫിന്‍ എഡ്വിന്‍ പറഞ്ഞതോടെയാണ് സന്തോഷ് മാധവന്‍ ശരിക്കും കുരുക്കിലായത്. റോയല്‍ ക്രിസ്റ്റല്‍ ഹോട്ടല്‍ എം.ഡി ഇസ്മായീല്‍ എന്നയാളുമായി ചേര്‍ന്ന് ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് പറഞ്ഞാണ് സന്തോഷ് മാധവന്‍ നാല് ലക്ഷം ദിര്‍ഹം (ഏകദേശം 45 ലക്ഷം രൂപ) കൈക്കലാക്കിയതെന്നും ഇവര്‍ അന്നുപറഞ്ഞിരുന്നു. ദുബായില്‍ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനി നടത്തിയിരുന്ന സെറാഫിന്‍ സന്തോഷ് മാധവനെതിരേ ഇന്റര്‍പോളില്‍ പരാതി നല്‍കുകയും ചെയ്തു. കൂടാതെ ഗള്‍ഫിലുള്ള 70ല്‍ അധികം ആളുകളില്‍ നിന്നും സന്തോഷ് മാധവന്‍ പണം തട്ടിയെടുത്തു.
സമൂഹത്തില്‍ മാന്യമായി കുടുംബ ജീവിതം നയിച്ചിരുന്ന പല സ്ത്രീകളെയും ഇയാള്‍ വളച്ചെടുത്തു. ഇവരില്‍ നിന്നെല്ലാം ഇയാള്‍ പണം തട്ടുകയും ചെയ്തു. ഇയാളുമായി ബന്ധമുള്ളവരില്‍ ഒരു പ്രമുഖ സിനിമാ നടിയും ഉണ്ടായിരുന്നു. സന്തോഷ് മാധവനെ തെളിവെടുപ്പിനായി ബാങ്കില്‍ കൊണ്ടുവന്ന പോലീസ് ഇയാളുടെ ലോക്കറില്‍ നിന്ന് ഇരുപതോളം സിഡികള്‍ കണ്ടെടുത്തു. പ്രായ പൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ നിരവധി സ്ത്രീകളെ സന്തോഷ് മാധവന്‍ ലൈംഗികമായ പീഡനത്തിന് വിധേയമക്കിയതായി സിഡി പരിശോധനയില്‍ തെളിഞ്ഞു. സ്ത്രീകളെ ഉപയോഗിച്ച് നീലച്ചിത്ര നിര്‍മാണം നടത്തുകയും ചെയ്തു. ഇവയിലും നായകന്‍ ഈ ആസാമിയായിരുന്നു.
ഇതിനോടൊപ്പമാണ് സന്തോഷ് മാധവന്‍ ബലാല്‍സംഗം ചെയ്തതായി കാണിച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടി പരാതി നല്‍കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഏതാനും ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനു ശേഷമാണ് പോലീസ് അന്ന് സന്തോഷ് മാധവനെ അറസ്റ്റു ചെയ്തത്. ഒരു തവണ മുന്നില്‍ എത്തിയിട്ടും വെറുതെ വിട്ട സന്തോഷ് മാധവനെ പോലീസ് പിടികൂടിയത് നാടകീയമായായിരുന്നു. പീഡനത്തിനു പുറമേ സാമ്പത്തിക തട്ടിപ്പുകളും സന്തോഷിനെ കുടുക്കുന്നതില്‍ നിര്‍ണായകമായി.
* സെന്‍ട്രല്‍ ജയിലിലെ മാന്യനും ശാന്തനുമായ തടവുകാരന്‍
പൂജപ്പുര സെന്‍ട്രല്‍ ജയിലെത്തിയ സന്തോഷിന് അവിടെ ലഭിച്ചത് സുഖ ജീവിതമായിരുന്നു. ജയിലിനുള്ളിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പൂജാരിയായാണ് അധികൃതര്‍ സന്തോഷിനെ നിയമിച്ചത്. എന്നാല്‍ ജയില്‍ അന്തേവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇയാളെ തല്‍സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു. തുടര്‍ന്ന് നിയമിച്ചത് ജയിലിലെ ചികിത്സാ സഹായിയായി. ജയിലില്‍ ഡോക്ടറുടെ സഹായിയായിരുന്ന സമയത്ത് മരുന്ന് എടുത്തു കൊടുക്കുക,രോഗികളുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുക തുടങ്ങിയവയായിരുന്നു സന്തോഷ് മാധവന്റെ ജോലികള്‍. ജോലി തീര്‍ത്ത് ഡോക്ടര്‍ മടങ്ങിയാലും സന്തോഷ് മാധവന്‍ കംപ്യൂട്ടറിനു മുമ്പിലായിരിക്കും.
കാരണം ഇന്റര്‍നെറ്റും പ്രിന്ററുമെല്ലാം ഉണ്ടായിരുന്നു എന്നതു തന്നെ. ഡോക്ടറുമായുള്ള സൗഹൃദം മുതലെടുത്ത് തനിക്ക് വൈരാഗ്യമുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് സന്തോഷ് മാധവന്റെ പതിവുകൃത്യങ്ങളിലൊന്നായിരുന്നു. കേരളത്തിലെ ഇരുമുന്നണികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു എന്നതായിരുന്നു സന്തോഷ് മാധവന് ഭാഗ്യമായത്. ശരീരം വിയര്‍ക്കാത്ത ജോലികള്‍ മാത്രം ചെയ്തിരുന്ന സന്തോഷ് മാധവന് ശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതനാവുകയും ചെയ്തു.
* പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു
2009 മേയ് 20ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഠിപ്പിച്ചു എന്ന കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. ഒരു കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി സന്തോഷ് മാധവനെ വെറുതെ വിട്ടെങ്കിലും മറ്റൊരു കേസില്‍ വിചാരണ കോടതിയുടെ വിധി ഹൈക്കോടതി കോടതി ശരിവക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കീഴ്ക്കോടതി സന്തോഷ് മാധവന് ശിക്ഷ വിധിച്ചിരുന്നു.
രണ്ട് കേസുകളില്‍ എട്ട് വര്‍ഷം വീതം 16 വര്‍ഷത്തെ തടവ് ശിക്ഷയാണ് കീഴ്ക്കോടതി വിധിച്ചിരുന്നത്. രണ്ട് കേസുകളിലേയും ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ ഒരു കേസിലെ ശിക്ഷ കോടതി ശരിവച്ചു. എന്നാല്‍ രണ്ടാമത്തെ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി സന്തോഷ് മാധവനെ കുറ്റ വിമുക്തനാക്കുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയും മറ്റൊരു സാക്ഷിയും മൊഴി മാറ്റിപ്പറഞ്ഞ കേസിലാണ് സന്തോഷ് മാധവനെ കോടതി കുറ്റ വിമുക്തനാക്കിയത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സിഡി ആക്കി സൂക്ഷിച്ചിരുന്നു. ഈ സീഡി മാത്രം തെളിവായി എടുത്ത് ശിക്ഷ വിധിക്കരുത് എന്ന സന്തോഷ് മാധവന്റെ ആവശ്യം കോടതി അംഗീകരിക്കുയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു എന്നതാണ് സന്തോഷ് മാധവനെതിരെയുള്ള കേസ്. 2009 മെയിലാണ് വിചാരണ കോടതി രണ്ട് കേസുകളിലായി 16 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2,20,000 രൂപ പിശയടക്കാനും കോടതി വിധിച്ചിരുന്നു.
* ജനനവും മരണവും
1960 ജൂണ്‍ 7നാണ് ജനനം. 2024 മാര്‍ച്ച് 6ന് മരിച്ചു. മരിക്കുമ്പോള്‍ 63 വയസ്സുണ്ടായിരുന്നു. കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നിന്നും പത്താം ക്ലാസ് പാസ്സായ വീട്ടില്‍ നിന്നു ഒളിച്ചോടി. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. ഇത് ജീവിതത്തില്‍ വഴിത്തിരിവായി.
സ്വയം സന്യാസ പരിവേഷം ചാര്‍ത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവന്‍ എന്നയാളാണ് സ്വാമി ചൈതന്യ.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11.10ന് മരണം സംഭവിക്കുകയായിരുന്നു.
* സന്തോഷ് മാധവനെ കുറ്റം പറയുന്നവരോട്
അമൃത ചൈതന്യ എന്ന സന്തോഷ് മാധവനെ കുറ്റം പറയുന്നവരില്‍ കുറെ ഏറെ പേര്‍ക്കെങ്കിലും അതിനുള്ള അര്‍ഹതയുണ്ടോ എന്ന് ചിന്തിച്ചു നോക്കണം. അവരില്‍ എത്ര പേരുടെ പോക്കറ്റിലോ, വീട്ടിലോ, സായി ബാബയുടെ ഫോട്ടോ, അല്ലെങ്കില്‍ അമൃതാനന്ദമയിയുടെ ഫോട്ടോ, അല്ലെങ്കില്‍ അമ്മ ഭഗവാന്റെ ഫോട്ടോ, അതുമല്ലെങ്കില്‍ ശ്രീ ശ്രീ രവിശങ്കറുടെ ഫോട്ടോ, അല്ലെങ്കില്‍ പേരറിയാത്ത അനേകം ആള്‍ ദൈവങ്ങളില്‍ ഒരാളുടെ ഫോട്ടോയെങ്കിലും കാണുമെന്നുറപ്പാണ്. ഇവരൊക്കെയും തുടക്കകാലങ്ങളില്‍ പലരും ഒരു സന്തോഷ് മാധവന്‍ ആയിരുന്നിട്ടുണ്ട്. ഇന്ന് തിളങ്ങി നില്‍ക്കുന്ന എല്ലാ ആള്‍ദൈവങ്ങള്‍ക്കുമുള്ള ആസ്തി എവിടെ നിന്നുവന്നു എന്ന് ഇവരെ പൂജിക്കുന്ന ആരെങ്കിലും ചിന്തിക്കുന്നുണ്ടോ.
ഇന്നലെ വരെ സന്തോഷ് പറയുന്നത് സന്തോഷത്തോടെ അനുസരിച്ചിരുന്ന പലരും സ്വയം മുഖം രക്ഷിക്കാന്‍ ഓടുന്നത് കാണാമായിരുന്നു കേരളത്തില്‍. ഇനി നാളെ ഏതെങ്കിലും ആള്‍ദൈവത്തെ നിയമത്തിനു മുമ്പില്‍ എത്തിച്ചാല്‍, വിശ്വാസികളുടെ ഓട്ടം വീണ്ടും കാണാന്‍ കഴിയും. ഇന്നലെ വരെ സന്തോഷിന്റെ കാല്‍ നക്കിയിരുന്ന കലാ സാംസ്‌കാരിക സാഹിത്യ രാഷ്ട്രീയ നായകന്മരുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ഊഹിച്ചു നോക്കൂ.
ഹിന്ദുക്കളുടെ ഇടയില്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കുമുണ്ട് ഇത്തരം ആള്‍ദൈവങ്ങള്‍ എന്ന് കൂടി ചേര്‍ക്കണം. എന്നാലേ ഒരു പൂര്‍ണ്ണ ചിത്രം കിട്ടുകയുള്ളൂ. പല സിദ്ധന്മാരും ഇടയ്ക്ക് പിടിക്കപ്പെടാറുണ്ടല്ലോ. പിടിക്കപ്പെടുന്നവര്‍ നിര്‍ഭാഗ്യവാന്മാര്‍, പിടിക്കപ്പെടാത്തവര്‍ ഭാഗ്യവാന്മാര്‍.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ