ലോക്സഭാ എംപി നിലയിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ്റെ പ്രകടനം വളരെ മോശം. കേരളത്തിലെ 21 ലോക്സഭാംഗങ്ങളിൽ (മലപ്പപ്പുറത്ത് പതിനേഴാം ലോക്സഭയുടെ കാലയളവിൽ രണ്ട് പേർ ) ഏറ്റവും കുറവ് എംപി ഫണ്ട് വിനിയോഗിച്ചത് കണ്ണൂർ എംപി കെ സുധാകരനാണെന്ന റിപ്പോർട്ട് അന്വേഷണം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
4.8575 കോടി രൂപ മാത്രമാണ് സുധാകരൻ തൻ്റെ മണ്ഡലത്തിൽ എംപി ഫണ്ടിൽ നിന്നും വിനിയോഗിച്ചത്. കുറവ് തുക ചെലവാക്കിയതിൽ രണ്ടാം സ്ഥാനത്ത് പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീറാണുള്ളത്. 4.8596 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത്. 4.9364 കോടി രൂപ. കേരളത്തിലെ 21 എംപിമാരിൽ 11 പേർക്ക് അനുവദിച്ച തുക മുഴുവനും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കേന്ദ്ര സ്റ്റാറ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്കുകളാണ് അന്വേഷണം പുറത്തുവിട്ടത്.
ലോക്സഭയിലെ ഹാജർ നിലയും സംസ്ഥാനത്തെ എംപിമാരിൽ ഏറ്റവും പിന്നിലാണ് സുധാകരൻ്റെ സ്ഥാനം. പതിനേഴാം ലോക്സഭയുടെ കാലയളവിൽ വെറും 50 ശതമാനം മാത്രമാണ് സുധാകരൻ്റെ പാർലമെൻ്റിലെ ഹാജർ നില. കേരളത്തിലെ എംപിമാർ പാർലമെൻ്റ് സമ്മേളനങ്ങൾ പങ്കെടുക്കുന്നതിൽ കണിശത കാണിച്ചപ്പോഴാണ് കെപിസി പ്രസിഡൻ്റ് പകുതി സമ്മേളനങ്ങളിൽ മാത്രമാണ് പങ്കെടുത്തത് എന്ന വിവരം പുറത്തു വരുന്നത്. സംസ്ഥാനത്തെ എംപിമാരുടെ ഹാജർ നില 83 ശതമാണ്. ഇത് ദേശീയ ശരാരാരിയേക്കാൾ (79%) കൂടുതലാണ്. കേരളത്തിലെ അംഗങ്ങളിൽ ഏറ്റവും ഉയർന്ന ഹാജർ നില മലപ്പുറം എംപി അബ്ദുസമദ് സമദാനിക്കാണ്.96 ശതമാനം, ഇ.ടി. മുഹമ്മദ് ബഷീർ (94%), ശശി തരൂർ (93%), വി.കെ.ശ്രീകണ്ഠൻ (93%) എൻ.കെ പ്രേമചന്ദ്രൻ (91%), ഡീൻ കുര്യാക്കോസ് (90%) കെ.മുരളീധരൻ (90%) എന്നിവരാണ് ഉയർന്ന ഹാജർ പട്ടികയിൽ സമദാനിക്ക് പിന്നിലുള്ളത്.
മോശം ഹാജർ നിലയിൽ തൊട്ടുപിന്നിൽ കോൺഗ്രസിൻ്റെ ദേശീയ നേതാവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന രാഹുൽ ഗാന്ധിയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. വെറും 51 ശതമാനം മാത്രമാണ് വയനാട് എംപിയുടെ ഹാജർ നില.പാർലമെൻ്റിലെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാതെ വിദേശത്തേക്ക് പോയ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനമായിരുന്നു ഭരണകക്ഷിയായ ബിജെപി ഉന്നയിച്ചത്. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ സമൂഹമാധ്യമങ്ങളിൽ കൂടി മാത്രം സർക്കാരിനെ വിമർശിക്കുന്നതിനെ പരിഹസിച്ച് ‘ട്വിറ്റർ ഗാന്ധി’ എന്നാണ് രാഹുലിനെ ബിജെപി വിശേഷിപ്പിച്ചത്.
അതേസമയം, എംപി ഫണ്ട് വിനിയോഗത്തിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 123.45 ശതമാനം തുക രാഹുല്‍ ഗാന്ധി വിനിയോഗിച്ചിട്ടുണ്ട്. എംപി ഫണ്ട് വിനിയോഗത്തില്‍ രണ്ടാം സ്ഥാനമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. തിരുവനന്തപുരം എംപി ശശി തരൂരാണ് ഫണ്ട് വിനിയോഗത്തിൽ ഒന്നാം സ്ഥാനത്ത്.അനുവദിച്ച തുകയില്‍ 124.87 ശതമാനമാണ് തരൂര്‍ ചിലവഴിച്ചത്. 8.88 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി അദ്ദേഹം വിനിയോഗിച്ചു. ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗം തുകയുടെ അടിസ്ഥാനത്തിൽ കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രനാണ് ഒന്നാം സ്ഥാനത്ത്. 10.02 കോടി രൂപ. അനുവദിക്കപ്പെട്ട തുകയുടെ 103.51 ശതമാനമാണ് അദ്ദേഹം ചെലവഴിച്ചിക്കുന്നത്. കേരളത്തിലെ ലോക് സഭാംഗങ്ങളിൽ ഏറ്റവും കൂടുതൽ ഫണ്ട് നേടിയെടുത്തതും കൊല്ലം എംപി പ്രേമചന്ദ്രനാണ്. 9.5 കോടി രൂപയാണ് അദ്ദേഹത്തിന് അനുവദിച്ചത്. തനിക്ക് ലഭിച്ച 7 കോടി രൂപ 2023 ൽ തൻ്റെ ചെലവഴിച്ച പ്രേമചന്ദ്രൻ 2023-24 വർഷത്തെ 2.5 കോടി രൂപ കൂടി കൈപ്പറ്റി.
ലോക്സഭയിൽ ഏറ്റവും കുറവ് ചർച്ചകളിൽ പങ്കെടുത്തതും ചോദ്യങ്ങൾ ചോദിച്ചതും രാഹുൽ ഗാന്ധിയാണ്. വെറും 8 ചർച്ചകളിൽ മാത്രം പങ്കെടുത്ത രാഹുൽ 99 ചോദ്യങ്ങൾ മാത്രമാണ് സഭയിൽ ഉന്നയിച്ചത്. സംസ്ഥാനത്തെ എംപിമാരുടെ ശരാശരി 275ഉം ദേശീയ ശരാശരി 210 ആണ് എന്ന വസ്തുതയും ശ്രദ്ദേയമാണ്. കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രനാണ് ചർച്ചകളിൽ പങ്കെടുത്തതിലും ഒന്നാമനായത്. 267 തവണയാണ് അദ്ദേഹം ചർച്ചകളിൽ പങ്കാളിയായത്. എറ്റവും കുറച്ച് ചർച്ചകളിൽ പങ്കെടുത്ത കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തൊട്ടു പിന്നിൽ കെപിസിസി പ്രസിഡൻ്റ് സുധാകരൻ തന്നെയാണ്. വെറും 19 തവണ മാത്രമാണ് അദ്ദേഹം ചർച്ചകളിൽ പങ്കെടുത്തത്.കൊടിക്കുന്നിൽ സുരേഷ് (124) ,എ.എം ആരിഫ് (113), ഇ.ടി.മുഹമ്മദ് ബഷീർ (102), ശശി തരൂർ (102) എന്നിവരാണ് ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത കേരളത്തിലെ എം പിമാർ.
പാർലമെൻ്റിൽ ഏറ്റവും കുറച്ച് ചോദ്യങ്ങൾ ചോദിച്ച കേരളത്തിൽ നിന്നുള്ള എം പി യും രാഹുൽ ഗാന്ധിയപ്പോൾ സുധാകരൻ ഇക്കാര്യത്തിൽ തൻ്റെ ദേശീയ നേതാവിനേക്കാൾ ബഹുദൂരം മുന്നിലാണ്. 275 ചോദ്യങ്ങൾ കണ്ണൂർ എംപി പാർലമെൻ്റിൽ ഉന്നയിച്ചു. 388 ചോദ്യങ്ങൾ ചോദിച്ച ആറ്റിങ്ങൽ എംപി അടൂർ പ്രകാശാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 58 ചോദ്യങ്ങൾ ചോദിച്ച കുഞ്ഞാലിക്കുട്ടി രാഹുലിന് പിന്നിലുണ്ടെങ്കിലും വെറും 2 വർഷക്കാലം മാത്രമാണ് പദവിയിൽ തുടർന്നിരുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ പിൻഗാമിയായി അബ്ദുസമദ് സമദാനി ശേഷിക്കുന്ന കാലയളവിൽ 117 ചോദ്യങ്ങളും ചോദിച്ചു.
സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച കാര്യത്തിലും ഇരുവരും തുല്യരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടു പേരും ബില്ലുകൾ ഒന്നും അവതരിപ്പിച്ചിട്ടില്ല. 18 ബില്ലുകൾ അവതരിപ്പിച്ച എൻ.കെ.പ്രേമചന്ദ്രനാണ് ഇവിടെയും ഒന്നാം സ്ഥാനം. ശശി തരൂർ (13), ഇടുക്കി എംപി ഡീൻ കുര്യാക്കോസ് (12), കോഴിക്കോട് എംപി എംകെ രാഘവൻ (11) എന്നിവരാണ് കൊല്ലം എംപിക്ക് തൊട്ടു പിന്നിൽ. കേരളത്തിൽ നിന്നുള്ള 8 എംപിമാർ സഭയിൽ ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല. പികെ കുഞ്ഞാലിക്കുട്ടി, സമദാനി, രമ്യ ഹരിദാസ്, രാഹുൽ ഗാന്ധി, രാജ് മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ എന്നിവരാണ് ബില്ലുകളുടെ കാര്യത്തിലെ സംപൂജ്യർ.
കേരളത്തിലെ എൽഡിഎഫിൻ്റെ ഏക ലോക്സഭാംഗമായ സിപിഎമ്മിൻ്റെ എ.എം ആരിഫും ലോക്സഭയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 89 ശതമാനമാണ് ആലപ്പുഴ എംപിയുടെ പാർലമെൻ്റിലെ ഹാജർ നില. ഇക്കാലയളവിൽ 244 ചോദ്യങ്ങൾ ഉന്നയിച്ച ആരിഫ് 113 തവണ ചർച്ചകളുടെ ഭാഗമായി. ഒരു സ്വകാര്യ ബില്ലും അദ്ദേഹം അവതരിപ്പിച്ചു. തനിക്ക് എംപി ഫണ്ടായി അനുവദിക്കപ്പെട്ട ഏഴ് കോടി രൂപയിൽ നിന്നും എ.എം ആരിഫ് 6.5383 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവാക്കി.