വന്‍വ്യവസായി, മാധ്യമ സ്ഥാപന ഉടമ, 18 വര്‍ഷം രാജ്യസഭാംഗം, ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി : രാജീവ് ചന്ദ്രശേഖര്‍ പടയോട്ടം തുടങ്ങുന്നു

വ്യവസായ കുടുംബ പാരമ്പര്യത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് ഉന്നതങ്ങളിലെത്തിയ വ്യക്തിത്വമാണ് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി എത്തിയിരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍. രാജ്യസഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ ശോഭിച്ചിട്ടുള്ള രാജീവ് മലയാളിയാണെങ്കിലും ജനിച്ചത് ഗുജറാത്തിലെ അഹമ്മദാബാദിലാണ്. വ്യവസായി, ടെക്‌നോക്രാറ്റ് എന്നീ നിലകളിലും അറിയപ്പെടുന്നയാള്‍.

   

1964ല്‍ മലയാളി ദമ്പതികള്‍ക്ക് ജനിച്ച രാജീവ് ചന്ദ്രശേഖറിന്റെ അച്ഛന്‍ എം.കെ. ചന്ദ്രശേഖര്‍. തൃശൂര്‍ ജില്ലയിലെ ദേശമംഗലത്തെ കൊണ്ടയൂര്‍ ആണ് സ്വദേശം. ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍ കമ്മഡോര്‍ ആയിരുന്നു അച്ഛന്‍ ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ ട്രെയിനറായിരുന്നു അച്ഛന്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അമേരിക്കയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഇന്റലില്‍ ജോലിക്കുചേര്‍ന്നു. 1988 മുതല്‍ 1991 വരെ അവിടെ ജോലിചെയ്തു. കമ്പ്യൂട്ടറിനുള്ള 486 പ്രോസസര്‍ നിര്‍മ്മിച്ച ആര്‍ക്കിടെക്റ്ററല്‍ ടീമില്‍ അംഗമായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാമില്‍ ബിരുദമെടുത്തു.
1991ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ രാജീവ് ചന്ദ്രശേഖര്‍ വിവാഹം കഴിച്ചത് ബി.പി.എല്‍ ഗ്രൂപ്പിന്റെ ഉടമ ടി.പി.ജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെയാണ്. തുടര്‍ന്ന് ഭാര്യാപിതാവിന്റെ കമ്പനിയില്‍ ചേര്‍ന്നു. ബെംഗളുരുവിലെ കോറമംഗലയില്‍ സ്ഥിരതാമസമാക്കി. രണ്ടു മക്കളുണ്ട്. കര്‍ണാടകത്തില്‍നിന്ന് സ്വതന്ത്രാംഗമായി 2006 മുതല്‍ 2018 വരെ രാജ്യസഭാംഗമായി. 2018 എപ്രിലില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ആ വര്‍ഷം വീണ്ടും രാജ്യസഭാംഗമായി. രണ്ടാം മോദി സര്‍ക്കാരില്‍ 2021 ജൂലായില്‍ സഹമന്ത്രിയായി. ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പാണ് ലഭിച്ചത്. കുറെക്കാലം ബി.ജെ.പി ദേശീയ വക്താവായിരുന്നു.
2005ല്‍ 100 കോടി യു.എസ് ഡോളര്‍ മൂലധനമുള്ള ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി. സാങ്കേതികവിദ്യയില്‍ 800 കോടി ഡോളറിന്റെ മുതല്‍മുടക്ക് നടത്തി. 2006ലാണ് മാധ്യമമേഖലയില്‍ രാജീവ് ചന്ദ്രശേഖര്‍ മുതല്‍മുടക്കുന്നത്. എഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍ മുതല്‍ മുടക്കി. 2008ല്‍ ആഗോള മാധ്യമ ചക്രവര്‍ത്തി റുപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പുമായി സംയുക്തസംരംഭം ആരംഭിച്ച് എഷ്യാനെറ്റ് സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍ എന്ന പേരില്‍ തുടര്‍ന്നു പിന്നീട് എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ ശതകോടികള്‍ക്ക് വിറ്റു. എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങി. എഷ്യാനെറ്റ് ന്യൂസ്, സുവര്‍ണ ന്യൂസ് തുടങ്ങിയവ ആരംഭിച്ചു. 2016ല്‍ റിപ്പബ്ലിക് ടി.വിയില്‍ 60 കോടിരൂപ മുതല്‍ മുടക്കി. പിന്നീട് എം.പിയായപ്പോള്‍ അതില്‍ നിന്ന് പിന്മാറി.
നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2007ല്‍ ഐ.ഐ.ടി ഗ്ലോബല്‍ സര്‍വീസ് അവാര്‍ഡ് ലഭിച്ചു. 2013ല്‍ ബെല്‍ജിയത്തിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. 2017ല്‍ ഇന്തയിലെ ശക്തരായ 50 ആളുകളുടെ ലിസ്റ്റ് ഇന്ത്യ ടുഡെ തയ്യാറാക്കിയപ്പോള്‍ നാല്പത്തൊന്നാമതായി സ്ഥാനം പിടിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ പുതിയ പടയോട്ടത്തിനിറങ്ങുകയാണ്. തിരുവനന്തപുരം മണ്ഡലത്തിലെ പ്രസ്റ്റിജ് മത്സരത്തിന് ബി.ജെ.പി നിയോഗിച്ചിരിക്കെ ശക്തമായ പോരാട്ടത്തിന് വഴിതുറന്നിരിക്കുകയാണ്.