വിജയ് ദേവരകൊണ്ട-പരശുറാം ഒന്നിക്കുന്ന ആക്ഷൻ ഫാമിലി എന്റർടൈനർ ‘ദ ഫാമിലി സ്റ്റാർ’: ടീസർ പുറത്തിറങ്ങി

ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സം​ഗീതസംവിധായകനായി ​ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്.

​ഗീതാ ​ഗോവിന്ദത്തിനായി ​ഗോപി സുന്ദർ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ​ഗാനം കേരളത്തിലുൾപ്പെടെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ശ്രദ്ധയാകർഷിച്ചിരുന്നു.

Read More……

2022-ൽ പുറത്തിറങ്ങിയ സർക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക.

കെ.യു. മോഹനനാണ് ഛായാ​ഗ്രഹണം. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.