ബോളിവുഡിലും ആഭ്യന്തര രാഷ്ട്രീയമുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടി ഹുമ ഖുറേഷി

വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹുമ ഖുറേഷി. സിനിമയിൽ വന്ന് ഒരു ദശകം പൂർത്തിയാക്കി തന്റേതായ സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ് ഇവർ.

ഏത് മേഖലയേയുംപോലെ ബോളിവുഡിലും ആഭ്യന്തര രാഷ്ട്രീയമുണ്ടെന്നും ഇതൊരു ആഗോളപ്രശ്നമാണെന്നും ചൂണ്ടിക്കാണിക്കുകയാണ് ഹുമ ഖുറേഷി. ഈയൊരു പ്രശ്നം മുൻനിർത്തി ബോളിവുഡിനെ ദുഷ്ടലാക്കോടെ ലക്ഷ്യംവെയ്ക്കരുതെന്നും അവർ പറഞ്ഞു.

പുതിയ വെബ് സീരീസായ മഹാറാണി-സീസൺ 3യുടെ പ്രചാരണത്തിന്റെ ഭാ​ഗമായി ഒരു ഇന്ത്യൻ മാധ്യമത്തോട് സംസാരിക്കവേയാണ് തന്റെ ചലച്ചിത്ര യാത്രയേക്കുറിച്ച് ഹുമ ഖുറേഷി തുറന്നുപറഞ്ഞത്. എല്ലാ വ്യവസായത്തിനും ഒരു മറുവശമുണ്ടെന്നും എല്ലാ മേഖലയിലും രാഷ്ട്രീയമുണ്ടെന്നും ഹുമ അഭിപ്രായപ്പെട്ടു.

എല്ലാ മേഖലയിലും പക്ഷപാതവും അവസരമില്ലായ്മയും ഉണ്ട്. മനുഷ്യൻ ഉള്ളിടത്തെല്ലാം സങ്കീർണതകൾ ഉണ്ടാകും. എല്ലാം തികഞ്ഞതും തുല്യ അവസരങ്ങൾ ലഭിക്കുന്നതുമായ ഒരു ഉട്ടോപ്യൻ ലോകം നമുക്ക് പ്രതീക്ഷിക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ബോളിവുഡിന്റെ പ്രതിരോധക്കാരി എന്നാണ് ഹുമ അഭിമുഖത്തിൽ സ്വയം വിശേഷിപ്പിച്ചത്. “പ്രശ്‌നങ്ങൾ ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ഞാൻ ഇവിടെയാണുള്ളത്. എനിക്ക് ധാരാളം അവസരങ്ങൾ ലഭിക്കുകയും ഒരുപാട് അവസരങ്ങൾ നഷ്‌ടപ്പെടുകയും ചെയ്തു, പക്ഷേ ലോകം അങ്ങനെയാണ് പ്രവർത്തിക്കുന്നത്.

Read More…..

ഒരുപക്ഷേ സിനിമയിൽ വരാതെ അച്ഛൻ്റെ ബിസിനസ്സ് ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നെങ്കിൽപോലും, എനിക്ക് പലതരം വെല്ലുവിളികൾ നേരിടേണ്ടി വരുമായിരുന്നു. മുംബൈയിൽ വന്ന ഇക്കാലമത്രയും എനിക്ക് എന്റേതായ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ട്.

ഓഡിഷൻ ചെയ്യാൻ പോലും വിസമ്മതിച്ചിട്ടുണ്ട്. പണമില്ലാത്തതുകൊണ്ട് സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയിട്ടുണ്ട്. പക്ഷേ എല്ലാത്തിനുമൊടുവിൽ ഈ ഇൻഡസ്ട്രി എനിക്ക് കൈനിറയെ തന്നു. ഞാൻ എന്നേക്കും നന്ദിയുള്ളവളായിരിക്കും.” താരം കൂട്ടിച്ചേർത്തു.

നിങ്ങൾ ആളുകളോട് നല്ലവരായിരിക്കുമെന്നും നിങ്ങളെ ചവിട്ടിമെതിക്കാൻ ആരെയും അനുവദിക്കരുതെന്നും താൻ എപ്പോഴും വിശ്വസിക്കുന്നതായും ഹുമ പറഞ്ഞു. ഈ മാസം ഏഴുമുതലാണ് സോണി ലിവിലൂടെ മഹാറാണി-സീസൺ 3 സ്ട്രീമിങ് തുടങ്ങുക.

സൗരഭ് ഭാവെയാണ് സീരീസിന്റെ സംവിധാനം. അമിത് സിയാൽ, വിനീത് കുമാർ, പ്രമോദ് പഥക് തുടങ്ങിയവരാണ് താരനിരയിലെ മറ്റുള്ളവർ.